
ഗുവാഹത്തി: മഹേന്ദ്ര സിംഗ് ധോണിക്ക് ഫിനിഷ് ചെയ്യാനുള്ള എല്ലാ അവസരവുമുണ്ടായിരുന്നു. എന്നാല്‍ ഭാഗ്യം രാജസ്ഥാന് റോയല്‍സിന്റെ പക്ഷത്തായിരുന്നു. ഐപിഎല്ലിലെ ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ആറ് റണ്‍സിന് തോല്‍പ്പിച്ച് രാജസ്ഥാന് റോയല്‍സ് സീസണിലെ ആദ്യ ജയം കുറിച്ചു. അവസാന ഓവറില്‍ 20 റണ്‍സായിരുന്നു ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. സ്ട്രൈക്കിലുണ്ടായിരുന്നത് സാക്ഷാല്‍ എം എസ് ധോണി. സന്ദീപ് ശര്‍മ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് വൈഡായി.
വീണ്ടുമെറിഞ്ഞ പന്തില്‍ സിക്സിന് ശ്രമിച്ച ധോണിയെ ബൗണ്ടറിയില്‍ ഹെറ്റ്മെയര്‍ പറന്നു പിടിച്ചു. അടുത്ത പന്തില്‍ ജാമി ഓവര്‍ടണിന്റെ വക സിംഗിള്‍. മൂന്നാം പന്തില്‍ ജഡേജയുടെ സിംഗിള്‍.ലക്ഷ്യം മൂന്ന് പന്തില്‍ 17 റണ്‍സ്. നാലാം പന്തില്‍ ഓവര്‍ടണിന്റെ സിക്സ്. ഇതോടെ ലക്ഷ്യം രണ്ട് പന്തില്‍ 11 റണ്‍സ്. എന്നാല്‍ അഞ്ചാം പന്തില്‍ രണ്ട് റണ്‍സ് മാത്രം വഴങ്ങിയ സന്ദീപ് രാജസ്ഥാന്റെ വിജയം ഉറപ്പിച്ചു. അവസാന പന്തില്‍ രണ്ട് റൺസ് കൂടി നേടിയ ചെന്നൈ ആറ് റണ്‍സകലെ പോരാട്ടം അവസാനിപ്പിച്ചു. മൂന്ന് കളികളില്‍ ചെന്നൈയുടെ രണ്ടാം തോല്‍വിയും രാജസ്ഥാന്റെ ആദ്യ ജയവുമാണിത്. സ്കോര്‍ രാജസ്ഥാന് റോയല്‍സ് 20 ഓവറില്‍ 182-9, ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 176-6.
183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ചെന്നൈക്ക് തുടക്കത്തില്‍ അടിതെറ്റി. ആദ്യ ഓവറില്‍ തന്നെ ഫോമിലുള്ള ഓപ്പണര്‍ രച്ചിന്‍ രവീന്ദ്രയെ ജോഫ്ര ആര്‍ച്ചര്‍ പൂജ്യനായി മടക്കി. രാഹുല്‍ ത്രിപാഠിയും റുതുരാജ് ഗെയ്ക്വാദും ചേര്‍ന്ന് പവര്‍ പ്ലേയില്‍ ചെന്നൈയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 42 റണ്‍സിലെത്തിച്ചു. പവര്‍ പ്ലേക്ക് പിന്നാലെ സ്പിന്നര്‍മാരെ പന്തെറിയാന്‍ വിളിച്ച രാജസ്ഥാന് നായകന് ചെന്നൈയെ വരിഞ്ഞുമുറുക്കി. ഒടുവില്‍ റണ്‍ നിരക്കിന്റെ സമ്മര്‍ദ്ദത്തില്‍ ത്രിപാഠി മടങ്ങി. 19 പന്തില്‍ 23 റണ്‍സടിച്ച ത്രിപാഠിയെ ഹസരങ്കയാണ് മടക്കിയത്.
WHAT A REMARKABLE CATCH OF SHIMRON HETMYER. 🫡
– One of the Greatest Catches in under pressure situations..!!!!— Tanuj (@ImTanujSingh)
സ്പിന്നര്‍മാരെ നേരിടാന്‍ ചെന്നൈ നാലാം നമ്പറില്‍ ശിവം ദുബെയെ ഇറക്കിയെങ്കിലും ഫലം കണ്ടില്ല. ഹസരങ്കക്കെതിരെ ഫോറും സിക്സും പറത്തി ഭീഷണി ഉയര്‍ത്തിയ ശിവം ദുബെയെ തൊട്ടടുത്ത പന്തില്‍ ഹസരങ്ക തന്നെ വീഴ്ത്തി. 10 പന്തില്‍ 18 റണ്‍സായിരുന്നു ശിവം ദുബെയുടെ നേട്ടം. രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് പോരാട്ടം തുടര്‍ന്ന നായകന് റുതുരാജ് ഗെയ്ക്വാദ് പതിനാലാം ഓവറില്‍ ചെന്നൈയെ 100 കടത്തി. പിന്നാലെ 37 പന്തില്‍ റുതുരാജ് അര്‍ധസെഞ്ചുറി തികച്ചു. 15 ഓവറില്‍ 122 റണ്‍സിലെത്തിയ ചെന്നൈക്ക് അവസാന അഞ്ചോവറില്‍ 61 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. പതിനാറാം ഓവര്‍ എറിയാനെത്തിയ ഹസരങ്കയെ റുതുരാജ് സിക്സിന് പറത്തിയതിന് പിന്നാലെ തൊട്ടടുത്ത പന്തിലും സിക്സിന് ശ്രമിച്ച് പുറത്തായി. 44 പന്തില്‍ 63 റണ്‍സെടുത്ത് റുതുരാജ് മടങ്ങുമ്പോള്‍ ജയത്തിലേക്ക് ചെന്നൈക്ക് 54 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.
ഫിനിഷ് ചെയ്യാനാവാതെ ധോണി
റുതുരാജ് മടങ്ങിയതിന് പിന്നാലെ ഏഴാം നമ്പറില്‍ ധോണി ക്രീസിലിറങ്ങി. അവസാന നാലോവറില്‍ 53 റണ്‍സായിരുന്നു ചെന്നൈക്ക് അപ്പോള്‍ ജയിക്കാന്‍ വേണ്ടിയിരുന്നു. പതിനേഴാം ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറി വഴങ്ങിയെങ്കിലും 9 റണ്‍സ് മാത്രമാണ് സന്ദീപ് ശര്‍മ വിട്ടുകൊടുത്തത്. പതിനെട്ടാം ഓവര്‍ എറിഞ്ഞ മഹീഷ തീക്ഷണയുടെ ഓവറില്‍ ആറ് റണ്‍സ് മാത്രം നേടാനെ ജഡേജക്കും ധോണിക്കും കഴിഞ്ഞുള്ളു. തുഷാര്‍ദേശ് പാണ്ഡെ എറിഞ്ഞ പത്തൊമ്പതാം ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറി നേടിയ ധോണി നാലാം പന്തില്‍ സിക്സ് പറത്തി ആരാധകരെ ആവേശത്തിലാഴ്ത്തി. അവസാന പന്തില്‍ ജഡേജയും സിക്സ് നേടിയതോടെ ചെന്നൈയുടെ വിജയലക്ഷ്യം അവസാന ഓവറില്‍ 20 റണ്‍സായി.
മൂന്നോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങിയ ജോഫ്ര ആര്‍ച്ചറുണ്ടായിട്ടും അവസാന ഓവര്‍ എറിയാന്‍ സന്ദീപ് ശര്‍മയെ ആണ് റിയാന്‍ പരാഗ് നിയോഗിച്ചത്. സന്ദീപിന്റെ ആദ്യ പന്ത് വൈഡായി. വീണ്ടുമെറിഞ്ഞ ആദ്യ പന്തില്‍ സിക്സിന് ശ്രമിച്ച ധോണിയെ(11 പന്തില്‍ 16) ഷിമ്രോണ്‍ ഹെറ്റ്മെയര്‍ ബൗണ്ടറിയില്‍ ഓടിപ്പിടിച്ചതോടെ ചെന്നൈയുടെ പ്രതീക്ഷ മങ്ങി. പിന്നീടുള്ള രണ്ട് പന്തുകളില്‍ സിംഗിള്‍. ഇതോടെ മൂന്ന് പന്തില്‍ ലക്ഷ്യം 17 റണ്‍സ്. നാലാം പന്തില്‍ ജാമി ഓവര്‍ടണിന്റെ സിക്സര്‍ ചെന്നൈക്ക് വീണ്ടും പ്രതീക്ഷ നല്കി. എന്നാല്‍ അഞ്ചാം പന്തിലും ആറാം പന്തിലും രണ്ട് റണ്‍സ് വീതമെടുക്കാനെ ചെന്നൈക്കായുള്ളു. രാജസ്ഥാന് വേണ്ടി ഹസരങ്ക 35 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍ മൂന്നോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാൻ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. നിതീഷ് റാണയൊഴികയെുള്ള ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ നല്ല തുടക്കം ലഭിച്ചിട്ടും അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായതാണ് 200 കടക്കുമായിരുന്ന രാജസ്ഥാന് സ്കോര്‍ 182 റൺസിലൊതുക്കിയത്. 36 പന്തില്‍ 81 റണ്‍സടിച്ച നിതീഷ് റാണയാണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍. സഞ്ജു സാംസണ് 16 പന്തില്‍ 20 റണ്‍സെടുത്തപ്പോള്‍ യശസ്വി ജയ്സ്വാള്‍ നാലു റണ്ണെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 37 റണ്‍സെടുത്തു. ചെന്നൈക്കായി നൂര്‍ അഹമ്മദും ഖലീല്‍ അഹമ്മദും രണ്ട് വിറ്റ് വീതമെടുത്തു.ചെന്നൈക്കായി നൂര്‍ അഹമ്മദും ഖലീല്‍ അഹമ്മദും രണ്ട് വിറ്റ് വീതമെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]