
വയനാട്ടിലേക്ക് പോകുന്നുണ്ടോ? ഭാഗ്യമുണ്ടെങ്കിൽ സമയത്ത് ചുരം കടക്കാം; കുരുക്കു നീളുന്നത് മണിക്കൂറുകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ പെരുന്നാളിന് അണിഞ്ഞൊരുങ്ങി മൊഞ്ചായി യാത്രപോകാനിറങ്ങുന്നവർ ജാഗ്രത. റോഡുകളിലെ നിലവിലെ അവസ്ഥ വച്ച് ഉദ്ദേശിച്ച സമയത്ത് ലക്ഷ്യ സ്ഥാനത്ത് എത്താൻ കഴിഞ്ഞാൽ ഭാഗ്യം. കാരണം, വാഹനത്തിരക്കും റോഡ് നിർമാണവും മൂലം പല സ്ഥലത്തും കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായി. പെരുന്നാളിന് കൂടുതൽ ആളുകൾ വാഹനങ്ങളുമായി റോഡിലേക്ക് ഇറങ്ങുന്നതിനാൽ ഈ കുരുക്ക് കൂടാനാണ് സാധ്യത. പെരുന്നാൾ ആഘോഷിക്കാൻ പോകുന്നവർ പ്രത്യേകിച്ച് വയനാട് ലക്ഷ്യം വയ്ക്കുന്നവർ ഗതാഗതക്കുരുക്കുണ്ടോ എന്ന് ശ്രദ്ധിക്കുന്നത് നന്നാകും. വെള്ളിയാഴ്ച താമരശ്ശേരി ചുരത്തിലുണ്ടായ കുരുക്ക് നീണ്ടത് ഏഴു മണിക്കൂറോളമാണ്.
∙ ചുരത്തിൽപ്പെട്ടാൻ അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല
ആറാം വളവിൽ സ്വകാര്യ ബസ് കേടായതിനെത്തുടർന്ന് വെള്ളിയാഴ്ചയുണ്ടായ ഗതാഗതക്കുരുക്ക് ഏഴുമണിക്കൂറാണ് നീണ്ടത്. പുലർച്ചെ മൂന്നു മണിയോടെ കേടായ ബസ് മാറ്റിയത് പത്തരയോടെ. ബെംഗളൂരു ഉൾപ്പെടെ ദീർഘദൂര സ്ഥലങ്ങളിൽ നിന്നെത്തിയവർ മൂത്രമൊഴിക്കാൻ പോലും സാധിക്കാതെ ചുരത്തിൽ കുടുങ്ങി. ആംബുലൻസുകൾ സൈറൺ മുഴക്കി റോഡിൽ കിടന്നു. റോഡിനു കുറുകെ ബസ് നിന്നതിനാൽ ചെറിയ വാഹനങ്ങൾക്ക് മാത്രം കഷ്ടിച്ചു കടന്നു പോകാനേ സാധിക്കുമായിരുന്നുള്ളു.
കേടായ ബസ് നീക്കാനോ ഗതാഗതം നിയന്ത്രിക്കാനോ അധികൃതർ ആരും ഉണ്ടായിരുന്നില്ല. ചുരം സംരക്ഷണ സമിതിക്കാരും ഡ്രൈവർമാരും ചേർന്നാണ് ചെറിയ വാഹനങ്ങളെങ്കിലും കടത്തി വിട്ടത്. പിന്നീട് പൊലീസ് എത്തിയെങ്കിലും ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. ഇരു വശത്തേക്കുമായി 20 കിലോമീറ്ററോളമാണ് വാഹനങ്ങൾ കുടുങ്ങിക്കിടന്നത്. ക്രെയിൻ എത്തിച്ച് ബസ് മാറ്റാൻ നീക്കമുണ്ടായെങ്കിലും വാഹനക്കുരുക്കിനിടയിലൂടെ ക്രെയിൻ എത്തിക്കുക എളുപ്പമായിരുന്നില്ല.
മണിക്കൂറുകൾക്ക് ശേഷമാണ് ബസ് സ്റ്റാർട്ടാക്കി അൽപം വീതി കൂടിയ സ്ഥലത്തേക്ക് മാറ്റിയിട്ടത്. വാഹനങ്ങൾ ഒരുവിധത്തിൽ നീങ്ങിത്തുടങ്ങവെ കുറച്ചപ്പുറത്തായി മറ്റൊരു ബസ് ബ്രേക്ക് നഷ്ടപ്പെട്ട് സുരക്ഷാ മതിലിൽ ഇടിച്ചു നിന്നു. ഇതോടെ വീണ്ടും ബ്ലോക്ക്. ഒടുവിൽ പുലർച്ചെ മൂന്നു മണിക്ക് ചുരത്തിൽ കുടുങ്ങിയവർ ചുരം കടന്നത് പതിനൊന്നരയോടെ.
ശനിയാഴ്ച രാവിലെ പത്തരയോടെ ഏഴാം വളവിൽ വീണ്ടും ലോറി കുടുങ്ങി. 12 മണിയോടെയാണ് ലോറി ഇവിടെ നിന്നും മാറ്റിയത്. കൂടുതൽ തിരക്കുള്ള ദിവസങ്ങളിൽ ചുരത്തിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കേണ്ട ദുരവസ്ഥയ്ക്ക് ഇത്തവണയും മാറ്റമൊന്നുമില്ല. പെരുന്നാൾ ദിവസം വൈകിട്ട് നിരവധിപ്പേരാണ് വയനാട്ടിലേക്കും കോഴിക്കോട്ടേക്കും യാത്ര ചെയ്യുന്നത്. അതിനാൽ പതിവിലും ഇരട്ടി വാഹനങ്ങൾ ഇതുവഴി കടന്നുപോകും.
∙ നിയന്ത്രണം വേണം
അവധി ദിവസങ്ങളിലുൾപ്പെടെ ഭാരവാഹനങ്ങൾക്ക് ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്. വൈകിട്ട് 3 മുതൽ രാത്രി 9 വരെയാണ് ലോറി, ടിപ്പർ തുടങ്ങിയ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം. എന്നാൽ പലപ്പോഴും അത് പാലിക്കപ്പെടുന്നില്ല. 12 ടയറുള്ള ലോറികളുൾപ്പെടെ ഭാരവാഹനങ്ങൾ ചുരത്തിലൂടെ ഇഴഞ്ഞ് നീങ്ങുന്നത് വലിയ ഗതാഗതക്കുരുക്കാണുണ്ടാക്കുന്നത്. അവധി ദിവസങ്ങളിൽ ലോറികളെ നിയന്ത്രിക്കുന്നതിനും അനധികൃത പാർക്കിങ് ഒഴിവാക്കുന്നതിനും പൊലീസിനെ നിയോഗിക്കണമെന്ന് ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മൊയ്തു മുട്ടായി ആവശ്യപ്പെട്ടു. ഗതാഗതക്കുരുക്കുണ്ടായാൽ താമരശ്ശേരിയിൽ നിന്ന് പൊലീസ് എത്താൻ അര മണിക്കൂറെങ്കിലും എടുക്കും. അപ്പോഴേക്കും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ സാധിക്കാത്ത നിലയിലുമാകും.
∙ കോഴിക്കോട് നഗരത്തിലും കുരുക്കു തന്നെ
ദേശീയപാതയുടെ നിർമാണം നടക്കുന്നതിനാൽ വയനാട്, കണ്ണൂർ റോഡുകൾ ചേരുന്ന മലാപ്പറമ്പിൽ വൈകുന്നേരങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. വയനാട് റോഡിലേക്കുള്ള മേൽപ്പാലത്തിന്റെ നിർമാണം വളരെ പെട്ടന്ന് തീർത്തെങ്കിലും പാലത്തിന് അടിയിലൂടെ പോകുന്ന ദേശീയ പാതയുടെ പണി നീളുകയാണ്. ഇവിടെയുണ്ടായിരുന്ന ട്രാഫിക് സിഗ്നൽ എടുത്തുമാറ്റി പകരം ട്രാഫിക് പൊലീസ് ഉദ്യോസ്ഥരാണ് ഗതാഗതം നിയന്ത്രിക്കുന്നത്. എന്നാൽ പല ഘട്ടത്തിലും വാഹനത്തിരക്ക് മൂലം ഇവർക്ക് ട്രാഫിക് നിയന്ത്രിക്കാൻ സാധിക്കുന്നില്ല.
മാവൂർ റോഡിൽ അരയിടത്തു പാലം മുതൽ മെഡിക്കൽ കോളജ് വരെയാണ് ഗതാഗതക്കുരുക്കുണ്ടാകന്ന മറ്റൊരു പ്രധാന സ്ഥലം. അരയിടത്തുപാലത്തുനിന്നും 15 മിനിറ്റുകൊണ്ട് മെഡിക്കൽ കോളജിൽ എത്താമെങ്കിലും ചില ദിവസങ്ങളിൽ ഒരു മണിക്കൂർ വരെ നീളും. പേരിന് ഏതെങ്കിലും ഭാഗത്ത് ഒരു ട്രാഫിക് പൊലീസുകാരനുണ്ടാകും. നൂറുകണക്കിന് വാഹനങ്ങൾ അട്ടിയിട്ടതുപോെല റോഡ് നിറഞ്ഞു കിടക്കുമ്പോൾ ഒറ്റയ്ക്ക് ഒരു ട്രാഫിക് പൊലീസുകാരന് ഒന്നും ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണ്.
കഴിഞ്ഞ ബുധനാഴ്ച കണ്ണൂർ റോഡിൽ വണ്ടിപ്പേട്ട, നടക്കാവ് ഭാഗങ്ങളിലെ റോഡ് ടാറിങ്ങിനെത്തുടർന്ന് വൻ ഗതാഗതക്കുരുക്കാണുണ്ടായത്. പകൽ റോഡിന്റെ ഒരു ഭാഗം പൂർണമായും അടച്ചായിരുന്നു റീടാറിങ്. ഒരു ഭാഗത്തു കൂടി മാത്രമാണ് വാഹനങ്ങളെ കടത്തിവിട്ടത്. ഇവിടെ ഏറെ നേരം വാഹനങ്ങൾ കാത്തുകിടക്കേണ്ടി വന്നു. വടക്ക് വെസ്റ്റ്ഹിൽ പോളിടെക്നിക് വരെയും തെക്ക് വൈഎംസിഎ ക്രോസ് റോഡ് വരെയും കുരുക്ക് നീണ്ടു. ദേശീയപാതയിൽ തിരക്കുള്ള സ്ഥലങ്ങളിലെ റോഡ് റീ ടാറിങ് രാത്രിയാണ് നടത്തിയിരുന്നത്. ആവശ്യത്തിലധികം തിരക്ക് കോഴിക്കോട് നഗരത്തിലുണ്ട്. അതിനിടെയാണ് പകൽ ടാറിങ് പോലുള്ള ഇത്തരം കലാപരിപാടികളും അരങ്ങേറുന്നത്.
∙ കുടുങ്ങും പലയിടത്തും
കോഴിക്കോട് ജില്ലയിൽ പലയിടത്തും ദേശീയ പാതയുടെ പണി നടക്കുന്നുണ്ട്. വടകര നഗരത്തിൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ടെങ്കിലും നിലവിൽ വലിയ പ്രശ്നങ്ങളില്ല. താമരശ്ശേരിയിലും കൊടുവള്ളിയിലും വിശേഷ ദിവസങ്ങളിൽ വലിയ തിരക്കനുഭവപ്പെടും. ഇത് മുൻകൂട്ടി കണ്ട് കൂടുതൽ ഹോംഗാർഡിനേയും പൊലീസിനേയും നിയമിക്കുകയാണ് പതിവ്.
കോഴിക്കോട് നഗരത്തിലുൾപ്പെടെ ഗതാഗതക്കുരുക്ക് ഉണ്ടായാലും ഒന്നോ രണ്ടോ മണിക്കൂറുകൊണ്ട് രക്ഷപ്പെടാൻ സാധിച്ചേക്കും. എന്നാൽ ചുരത്തിൽ പെട്ടാൽ കുടിവെള്ളം പോലും കിട്ടാതെ വലയേണ്ടി വരും. ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ വിനോദ സഞ്ചാരികൾ വയനാട്ടിലേക്ക് ധാരാളമായി വരുന്ന സമയമാണിത്. സ്കൂൾ അടച്ചതോടെ മലയാളികളും കൂട്ടത്തോടെ വയനാട്ടിലേക്ക് പോകുന്നുണ്ട്. തെക്കൻ ജില്ലക്കാർ ഏറെയും കോഴിക്കോട് നഗരത്തിലൂടെയാണ് വയനാട്ടിലേക്ക് പോകുന്നത്. കോഴിക്കോട്ടെ ദേശീയ പാത നിർമാണവുമായ ബന്ധപ്പെട്ട കുരുക്കു കടന്ന് കൊടുവള്ളിയും താമരശ്ശേരിയും താണ്ടി എങ്ങനെയെങ്കിലും അടിവാരം വരെ എത്താം. എന്നാൽ 12 കിലോമീറ്റർ വരുന്ന ചുരം കുഴപ്പങ്ങളില്ലാതെ കടക്കാൻ ഭാഗ്യമുണ്ടെങ്കിലേ സാധിക്കൂ.