
‘കത്രിക കാണിക്കുമ്പോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഉചിതമായോ, മോഹൻലാൽ ചിന്തിക്കണം; സിനിമാലോകം ബിജെപി ഭരണത്തിനു കീഴില്‍’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ ആരെങ്കിലും കത്രിക കാണിക്കുമ്പോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഉചിതമായോ എന്ന് സ്വയം ചിന്തിക്കണമെന്ന് സംസ്ഥാന സെക്രട്ടറി . ഇല്ലാത്ത നേരമുണ്ടാക്കി താന്‍ സിനിമ കണ്ടത് കത്രിക വയ്ക്കുംമുന്‍പ് കാണാനുള്ള തന്റെ അവകാശത്തിന്റെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
‘‘കത്രിക വയ്ക്കും മുന്‍പ് ഒന്ന് കണുക എന്നത് ഒരു സിനിമാ പ്രേമിയുടെ അവകാശമാണ്. അതുകൊണ്ട് വന്നതാണ്. സെന്‍സറിങ് ഒന്ന് കഴിഞ്ഞു. അത് എല്ലായ്പോഴും ഉള്ളതാണ്. ഇപ്പോള്‍ രണ്ടാം സെന്‍സറിങ് വരാന്‍ പോകുന്നു. വൊളന്ററി സെന്‍സറിങ് എന്താണെന്ന് മനസിലായിട്ടില്ല. എന്തായാലും ചരിത്രവും സത്യവുമൊന്നും ആര്‍ക്കും കത്രികകൊണ്ടോ വാളുകൊണ്ടോ വെട്ടിമാറ്റാന്‍ പറ്റില്ല.
ഈ സിനിമയിലെ പത്തോ പതിനേഴോ സീനുകള്‍ വെട്ടിമാറ്റിയതുകൊണ്ട് ആ സംഭവത്തിന്റെ സത്യങ്ങളൊന്നും മാഞ്ഞുപോകാന്‍ പോകുന്നില്ല. ഗുജറാത്ത് കലാപവും ആ കലാപത്തിന്റെ പുറകിലെ പങ്കാളികളും അവരുടെ രാഷ്ട്രീയത്തിന്റെ നിറവുമെല്ലാം ഇന്ത്യയ്ക്കറിയാം. എംപുരാന് സിനിമയില്‍ അത് തൽക്കാലം വെട്ടിമാറ്റി, ആ ഭാഗം ഒഴിവാക്കി കാണിച്ചാലും ആ സത്യമൊന്നും മാഞ്ഞുപോകാന്‍ പോകുന്നില്ല. സത്യം ഏത് കത്രികയേക്കാളും വലുതാണ് ഒരു വലിയ കലാകാരനെ ഇങ്ങനെയൊരു അവസ്ഥയിലേയ്ക്ക് എത്തിക്കാന്‍ പാടില്ലായിരുന്നു.
സംഘപരിവാറിന്റെ സെന്‍സര്‍ ബോര്‍ഡിലെ നോമിനികള്‍ അവരുടെ ദൗത്യം വേണ്ടപോലെ നിറവേറ്റിയില്ല എന്ന് അവര്‍ പറഞ്ഞുകഴിഞ്ഞു. അതിന്റെ അര്‍ഥമെന്താണ്? മോഹന്‍ലാലിനേ പോലെ ഒരു വലിയ നടന് ഖേദപ്രകടനം നടത്തേണ്ടിവന്നെങ്കില് നമ്മുടെ സിനിമാലോകം ബിജെപി ഭരണത്തിനു കീഴില്‍ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥയുടെ തെളിവാണത്. അത് വളരെ ഖേദകരമായ സ്ഥിതിയാണ്. കലാകാരന്മാര്ക്ക് ഇതുപോലെ മാപ്പിരക്കേണ്ട അവസ്ഥയുണ്ടാകുന്നതും ഖേദിക്കേണ്ട അവസ്ഥയുണ്ടാകുന്നതും ക്ഷമാപണം ചെയ്യേണ്ട അവസ്ഥയുണ്ടാകുന്നതും ബിജെപി രാഷ്ട്രീയത്തിന്റെ ഭീകരതയാണ്. ആരെങ്കിലും കത്രിക കാണിച്ചപ്പോള്‍, ആരെങ്കിലും വാളെടുത്തപ്പോള്‍ ഖേദിച്ച് രംഗത്തുവന്നത് ഉചിതമായോ എന്ന് അദ്ദേഹം സ്വയം ചിന്തിക്കണം’’ – ബിനോയ് വിശ്വം പറഞ്ഞു.
അതേസമയം, എമ്പുരാനു വേണ്ടി മുതല്‍മുടക്കിയവരുടെ നേരെ കേന്ദ്ര ഏജന്‍സികളുടെ ഭാഗത്തുനിന്ന് വലിയ ഭീഷണി ഉണ്ടായെന്ന് താന്‍ മനസിലാക്കുന്നതായി കോൺഗ്രസ് വക്താവ് സന്ദീപ് വാരിയർ ആരോപിച്ചു. അതുണ്ടാക്കിയ സമ്മര്‍ദം മറികടക്കാന്‍ മോഹന്‍ലാല്‍ എന്ന കലാകാരന് സാധിച്ചിട്ടില്ലെന്നാണ് താന്‍ മനസിലാക്കുന്നത്. അവര്‍ ഭയപ്പാടിലായിരുന്നു. തങ്ങള്‍ക്കെതിരായി അഭിപ്രായം പറയുന്നവരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുകൊണ്ട് ഭീഷണിപ്പെടുത്തുക എന്നത് ഇന്നത്തെ ഇന്ത്യയിലെ സാഹചര്യമാണ്. ആ രാഷ്ട്രീയസാഹചര്യത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയായി ഒരു മലയാളസിനിമ മാറിയ ഗതികെട്ട സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്നും സന്ദീപ് വാരിയർ ആരോപിച്ചു.