
ദില്ലി: യെമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ വൈസ് പ്രസിഡന്റ് ദീപാ ജോസഫ്. നിമിഷ തന്ന സന്ദേശം തള്ളിക്കളയാനാകില്ല, ഈദിന് ശേഷം ഒരു പക്ഷേ വധശിക്ഷ നടപ്പാക്കാൻ നടപടികൾ തുടങ്ങാം. ഈ സാഹചര്യത്തിൽ മോചനത്തിനായി കേന്ദ്രസർക്കാർ ഇടപെടണം. ഇനി കേന്ദ്രത്തിന് മാത്രമേ ഈക്കാര്യത്തിൽ സഹായിക്കാനാകൂ എന്നും ദീപാ ജോസഫ് വ്യക്തമാക്കി. ഇന്നലെയാണ് ജയിൽ അധികൃതർക്ക് വധശിക്ഷയ്ക്കുള്ള അറിയിപ്പ് വന്നു എന്നുള്ള നിമിഷ പ്രിയയുടെ സന്ദേശം പുറത്തുവരുന്നത്.
ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോൺവിളി എത്തിയെന്നാണ് നിമിഷപ്രിയ സന്ദേശത്തിൽ പറയുന്നത്. നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ കൗൺസിൽ ഭാരവാഹികൾക്കാണ് ഓഡിയോ സന്ദേശം ലഭിച്ചത്. ആക്ഷൻ കൗൺസിൽ കൺവീനർ ജയൻ ഇടപാളിനാണ് ശബ്ദ സന്ദേശം ലഭിച്ചത്. നേരത്തെ, നിമിഷ പ്രിയയുടെ മോചനത്തിൽ ഇടപെട്ട് ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാൻ ചർച്ച നടത്തിയതായി വിവരം പുറത്തുവന്നിരുന്നു. ഹൂതി നേതാവ് അബ്ദുൽ സലാമുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയാണ് സംസാരിച്ചത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാൻ ചർച്ച ചെയ്തത്. നിമിഷപ്രിയയെ മോചിപ്പിക്കുന്ന വിഷയം ചർച്ചയായെന്ന് ഇറാൻ വിദേശകാര്യമന്ത്രിയാണ് ദ ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലും വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ കഴിയുന്നത് ചെയ്യാം എന്നാണ് ഹൂതി നേതാവ് മറുപടി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
യെമനുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുൻപ് അറിയിച്ചിരുന്നു. യെമനിലെ കൂടുതൽ മേഖലയും ഹൂതികളുടെ നിയന്ത്രണത്തിലായതിനാലാണ് ചർച്ചകൾക്ക് ഇറാന്റെ സഹായം ഇന്ത്യ തേടിയത്. കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബത്തിന് ദയാധനം നൽകി മോചനം സാധ്യമാക്കാൻ നിമിഷപ്രിയയുടെ അമ്മ നിലവിൽ യമനിൽ തങ്ങുകയാണ്. നിമിഷപ്രിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലൂടെ 40,000 ഡോളർ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൈമാറിയെന്ന് കേന്ദ്ര മന്ത്രി കീർത്തിവർധൻ സിംഗ് പറഞ്ഞിരുന്നു. ഇനിയുള്ള നടപടികൾക്കായി നിമിഷപ്രിയയുടെ കുടുംബവും കൊല്ലപ്പെട്ടയാളുടെ കുടുംബവും തമ്മിൽ ചർച്ച തുടരുകയാണെന്നും വിദേശ കാര്യ മന്ത്രി പറഞ്ഞിരുന്നു. നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാൻ സൗകര്യം ഒരുക്കി. ചർച്ചയ്ക്ക് പവർ ഓഫ് അറ്റോണിയെ നിയോഗിച്ചു. ഒരു അഭിഭാഷകൻ്റെ സഹായം വിദേശകാര്യമന്ത്രാലയം ഫണ്ട് ഉപയോഗിച്ച് ഉറപ്പാക്കി. ആക്ഷൻ കൗൺസിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നൽകാൻ പിരിച്ച ബ്ലഡ് മണി യെമനിൽ എത്തിക്കാനും സഹായം നൽകി. എന്നാൽ മോചനം സാധ്യമാക്കാൻ രണ്ട് കുടുംബങ്ങൾക്കുമിടയിൽ നടക്കുന്ന ചർച്ച വിജയിക്കേണ്ടതുണ്ടെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.
2017 ജൂലൈയില്‍ അറസ്റ്റിലായ നിമിഷ പ്രിയക്ക് 2020ലാണ് വധശിക്ഷ വിധിച്ചത്. നിമിഷപ്രിയ നല്കിയ അപ്പീലുകളെല്ലാം തള്ളിയിരുന്നു. ബ്ലഡ് മണിയുടെ രണ്ടാം ഘട്ടം നല്‍കുന്നത് തടസപ്പെട്ടതിന് പിന്നാലെയാണ് യെമന്‍ പ്രസിഡന്റ് വധശിക്ഷ ശരിവച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]