
വാഷിങ്ടൺ: അമേരിക്കൻ സർക്കാരിന്റെ കാര്യക്ഷമതാ വകുപ്പിന്റെ (DOGE) ചെലവ് ചുരുക്കൽ വിഭാഗത്തിന്റെ മേധാവി സ്ഥാനത്തുനിന്ന് കോടീശ്വരൻ ഇലോൺ മസ്ക് ഒഴിയുമെന്ന് റിപ്പോർട്ട്. അമേരിക്കയുടെ ധനക്കമ്മി ഒരു ട്രില്യൺ ഡോളറായും ചെലവ് ഏകദേശം ആറ് ട്രില്യൺ ഡോളറായും കുറച്ചതിന് ശേഷം മെയ് അവസാനത്തോടെ സ്ഥാനം ഒഴിയാനാണ് മസ്ക് ആലോചിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സർക്കാർ ചെലവുകൾ നിയന്ത്രിക്കുന്നതിനായാണ് ട്രംപ് സർക്കാർ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE) പ്രഖ്യാപിച്ചത്. തുടർന്ന് ജീവനക്കാരെ ഒഴിവാക്കലടക്കം നിരവധി പരിഷ്കാരങ്ങൾ മസ്ക് നടപ്പാക്കി.
പതിനായിരത്തിലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. പല തീരുമാനങ്ങൾക്കുമെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. ജീവനക്കാരെ പിരിച്ചുവിടൽ, ആസ്തി വിൽപ്പന, കരാർ റദ്ദാക്കൽ എന്നീ നടപടികളിലൂടെ മാർച്ച് 24 വരെ 115 ബില്യൺ ഡോളർ ലാഭിക്കാൻ കഴിഞ്ഞുവെന്നും ഫോക്സ് ന്യൂസിന്റെ പരിപാടിയിൽ മസ്ക് വിശദീകരിച്ചു. 130 ദിവസത്തിനുള്ളിൽ ഒരു ട്രില്യൺ ഡോളർ കമ്മി കുറയ്ക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയെന്നും മെയ് അവസാനത്തോടെ ഏജൻസിയുടെ പ്രവർത്തനം അവസാനിപ്പിച്ചേക്കുമെന്നും മസ്ക് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]