
തിരുവനന്തപുരം: മദ്യഷാപ്പുകൾ പൂട്ടി സ്കൂളുകൾ തുറക്കും എന്നാണ് എൽഡിഎഫ് അധികാരത്തിലെത്തും മുൻപ് പറഞ്ഞത്. എന്നാൽ ഷാപ്പുകളുടെ എണ്ണം സർവകാല റെക്കോർഡിലാണ് എത്തിയിരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഇടയിലാണ് ഇന്ന് കേരളം. ഇതിൽ തടയിടാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല.യഥേഷ്ടം മദ്യം വിളമ്പുമെന്ന സന്ദേശമാണ് സർക്കാർ നൽകുന്നതെന്ന് വേണുഗോപാൽ പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എക്സൈസ് മന്ത്രിയും സർക്കാരും സിപിഎമ്മും കുടിവെള്ളം മുട്ടിച്ച് മദ്യനിർമ്മാണശാല വേണ്ടെന്ന് പറയുന്നവരുടെ മേൽ കുതിര കയറുകയാണ്. സിപിഐ മദ്യ നിർമ്മാണശാലയ്ക്ക് കൂട്ടു നിൽക്കുമെന്ന് കരുതിയില്ല. സിപിഐയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുമെന്ന മന്ത്രിയുടെ പ്രതികരണത്തിന്റെ അർത്ഥം ലഭിച്ച ഡീലിന്റെ ഷെയർ നൽകും എന്നാണോയെന്നും കെസി വേണുഗോപാൽ ചോദിച്ചു.
കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പാണ് കോൺഗ്രസിനും യുഡിഎഫിനും ഏറ്റവും പ്രധാനമെന്ന് വേണുഗോപോൽ പറഞ്ഞു. സംസ്ഥാനത്ത് പാർട്ടിയെയും മുന്നണിയേയും ശക്തിപ്പെടുത്താനുള്ള നടപടികൾ നടക്കുകയാണ്. കോൺഗ്രസ് പാർട്ടിയിൽ ഹൈക്കമാന്റ് എന്തെങ്കിലും തീരുമാനമെടുക്കുന്നെങ്കിൽ അതിനെല്ലാം വ്യവസ്ഥാപിതമായ മാർഗമുണ്ട്. അത് അനുസരിച്ച് കാര്യങ്ങൾ നടക്കും. അല്ലാതെ പൊതുചർച്ച നടത്തിയല്ല തീരുമാനമെടുക്കുക. 2025 പാർട്ടിയിൽ പുനഃസംഘടനയുടെ വർഷമാണ്. അതിൽ തീരുമാനം ബെൽഗാവിൽ വച്ച് എടുത്തിട്ടുണ്ട്. അതനുസരിച്ച് കാര്യങ്ങൾ നടക്കും. കൂടിയാലോചനകൾ ശക്തമാകും. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തി മുന്നോട്ടുപോകുമെന്നും വേണുഗോപാൽ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]