ഇത്തവണ പദ്മാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളത്തിന്റെ അഭിമാനവും വാനോളം ഉയർന്നു. പ്രിയ കഥാകാരൻ എം.ടി. വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി രാജ്യം പദ്മവിഭൂഷൺ, നടി ശോഭന, ഹോക്കി താരം പി.ആർ. ശ്രീജേഷ്, പ്രമുഖ ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധൻ ജോസ് ചാക്കോ പെരിയപുറം എന്നിവർക്ക് പത്മഭൂഷൺ, ഫുട്ബാൾ താരം ഐ.എം. വിജയൻ, സംഗീതജ്ഞ കെ. ഓമനക്കുട്ടി, സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ പാലക്കാട് സ്വദേശി സി.എസ്. വൈദ്യനാഥൻ , മൃദംഗവിദ്വാൻ ഗുരുവായൂർ ദുരൈ എന്നിവർക്ക് പദ്മശ്രീയും ലഭിച്ചു.
കഴിഞ്ഞദിവസം ഒരു സ്വകാര്യ പരിപാടിക്കെത്തിയ ശോഭന പദ്മ പുരസ്കാരവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണം വേദിയിൽ ചിരിപടർത്തി. 68ാം വാർഷികം ആഘോഷിക്കുന്ന എൻ ടി സി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസിഡറായി ശോഭനയെ പ്രഖ്യാപിച്ചിരുന്നു. ഈ ചടങ്ങിനെത്തിയതായിരുന്നു താരം. ശോഭനയ്ക്ക് സ്വീകരണവും കമ്പനി ഒരുക്കിയിരുന്നു.
ചടങ്ങിൽ സംസാരിക്കവെ തങ്ങൾ കാരണമാണ് ശോഭനയ്ക്ക് പുരസ്കാരം ലഭിച്ചതെന്ന് തമാശരൂപേണ എൻ ടി സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വർഗീസ് ജോസ് പറഞ്ഞിരുന്നു. അതെങ്ങനെ എന്ന ഭാവത്തിൽ വേദിയിൽ നിന്ന് ശോഭന ആംഗ്യം കാണിക്കുകയും തുടർന്ന് പ്രസംഗിക്കാനെത്തിയപ്പോൾ ‘ചേട്ടൻ പറയുന്നത് എൻടിസി കാരണമാണ് എനിക്ക് അവാർഡ് കിട്ടിയതെന്നല്ലേ? ‘ എന്ന ശോഭനയുടെ മറുചോദ്യം സദസിൽ ചിരിപടർത്തുകയായിരുന്നു. തനിക്ക് പുരസ്കാരം കിട്ടാൻ കാരണം ജനങ്ങളും ജനങ്ങളുടെ സ്നേഹവുമാണെന്ന് ശോഭന പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]