ന്യൂഡൽഹി: സർക്കാരിന്റെ സ്റ്റിക്കർ പതിപ്പിച്ച വാഹനത്തിൽ നിന്ന് പണവും മദ്യവും പിടിച്ചെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഡൽഹിയിൽ പഞ്ചാബ് സർക്കാർ എന്ന സ്റ്റിക്കർ പതിപ്പിച്ച കാറിൽ നിന്നാണ് പണവും മദ്യവും കണ്ടെടുത്തത്. കാറിൽ നിന്ന് ആം ആദ്മി സർക്കാരിന്റെ ലഘുരേഖകളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ കാറിന്റേത് വ്യാജ രജിസ്ട്രേഷനാണെന്ന് പഞ്ചാബ് സർക്കാർ പ്രതികരിച്ചു. തുടർന്ന് എഎപിക്കെതിരെ കടുത്ത വിമർശനവുമായി ബിജെപി രംഗത്തെത്തി. കോപ്പർണികസ് മാർഗിലെ പഞ്ചാബ് ഭവന് മുന്നിലായിരുന്നു കാർ പാർക്ക് ചെയ്തിരുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ എട്ട് ലക്ഷം രൂപ, പഞ്ചാബ് സ്റ്റാമ്പ് പതിപ്പിച്ച മദ്യ കുപ്പികൾ, എഎപി ലഘുരേഖകൾ എന്നിവ കണ്ടെടുക്കുകയായിരുന്നുവെന്നാണ് പൊലീസ് അറിയിക്കുന്നത്. തിരഞ്ഞെടുപ്പ് ചട്ടപ്രകാരം 50,000 രൂപയിൽ കൂടുതൽ പണം കയ്യിൽ കരുതുന്നതിന് വിലക്കുണ്ട്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
മേജർ അനുഭവ് ശിവ്പുരി എന്നയാളുടെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പഞ്ചാബ് സർക്കാർ പ്രസ്താവനയിലൂടെ വ്യക്തമാക്കി. പത്താൻകോട്ടിലെ ആർമി ഡെന്റൽ കോളേജിലാണ് അദ്ദേഹത്തിന് പോസ്റ്റിംഗ് നൽകിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഖഡ്കി സ്വദേശിയാണ് അനുഭവ്. കാറിന്റെ നമ്പർ പ്ളേറ്റിലുള്ള നമ്പർ പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്നത് ഫോർഡ് എക്കോ സ്പോർട്ട് വാഹനമാണ്. എന്നാൽ ഡൽഹി പൊലീസ് പിടിച്ചെടുത്തത് ഹ്യുണ്ടായ് ക്രെറ്റയും. അതിനാൽ തന്നെ നമ്പർ പ്ളേറ്റ് വ്യാജമാണെന്ന് വ്യക്തമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]