

First Published Jan 29, 2024, 9:52 PM IST
ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും എന്ന കാര്യം ഇന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ ഇന്നത്തെ ഈ തിരക്കേറിയ ജീവിതത്തിനിടെ പലരും കടുത്ത ‘സ്ട്രെസ്’ അഥവാ മാനസിക സമ്മര്‍ദ്ദത്തിലൂടെയാകാം കടന്നുപോകുന്നത്. പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. സ്ട്രെസ് മൂലം ഉറക്കക്കുറവ് ഉള്‍പ്പെടെ പല പ്രശ്നങ്ങളും ഉണ്ടാകാം.
ചിലരില്‍ സ്ട്രെസ് മൂലം ചര്‍മ്മ പ്രശ്നങ്ങളും ഉണ്ടാകാം. സ്ട്രെസ് മൂലം ചര്‍മ്മം ചൊറിയാനും സോറിയാസിസ്, എക്സീമ പോലുള്ള ചർമ്മ പ്രശ്നങ്ങള്‍ വശളാകാനും കാരണമാകും എന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൂടാതെ കോർട്ടിസോൾ എന്ന ഹോർമോൺ വര്‍ധിക്കാനും കാരണമാകും. ഇത്തരം മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന മുഖക്കുരു ഉള്ളവരില്‍ സെബം കൂടുതലായി ഉല്പാദിപ്പിക്കാനും കാരണമാകും എന്നും ബാംഗ്ലൂരിലെ ഡെർമസീൽ ക്ലിനിക്കിലെ കൺസൾട്ടൻ്റ് ഡെർമറ്റോളജിസ്റ്റ് ഡോ. ആൻഡ്രിയ റേച്ചൽ കാസ്റ്റലിനോ പറയുന്നു.
മുറിവുകള്‍ ഉണക്കാനുള്ള ചര്‍മ്മത്തിന്റെ സ്വാഭാവിക കഴിവിനെ മാനസിക സമ്മര്‍ദ്ദം തടസ്സപ്പെടുത്തും. ചർമ്മത്തിലെ കൊളാജൻ, ഇലാസ്റ്റിക് സ്വാഭാവം എന്നിവ കുറയുന്നതിലൂടെ ചർമ്മത്തിൻ്റെ വാർദ്ധക്യം വളരെ വേഗത്തിൽ സംഭവിക്കുന്നതിനും സമ്മർദ്ദം കാരണമാകുന്നു. അതിനാല്‍ സമ്മർദ്ദം നിയന്ത്രിക്കേണ്ടത് ഏറെ പ്രധാനമാണ്. ആവശ്യത്തിന് ഉറങ്ങുക, ജലാംശം നിലനിർത്തുക, ആരോഗ്യകരമായ ഭക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് വളരെ പ്രധാനമാണ്.
സ്ട്രെസ് കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍…
1. രാത്രി നന്നായി ഉറങ്ങുക. കുറഞ്ഞത് ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക.
2. പതിവായി വ്യായാമം ചെയ്യുക. സ്ട്രെസ് കുറയ്ക്കാന്‍ ഇത് സഹായിക്കും.
3. യോഗ ചെയ്യുന്നതും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
4. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.
5. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നല്ലൊരു ബന്ധം നിലനിർത്തുന്നതും മാനസിക സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
6. സോഷ്യല്‍ മീഡിയ, മൊബൈല്‍ ഫോണ്‍, മദ്യപാനം എന്നിവയുടെ അമിത ഉപയോഗവും കുറയ്ക്കുക.
7. ആവശ്യമെങ്കില്‍ ഒരു മനശാസ്ത്ര വിദഗ്ധനെ സമീപിക്കുന്നതും നല്ലതാണ്.
Last Updated Jan 29, 2024, 9:57 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]