
ഭോപ്പാൽ: വനിതാ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ ദുരൂഹ മരണത്തിന് പിന്നാലെ ഭര്‍ത്താവ് അറസ്റ്റിൽ. നടന്നത് ക്രൂരമായ കൊലപാതകമാണെന്നും ഭര്‍ത്താവാണ് പിന്നിലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഭാര്യയെ കൊന്ന ശേഷം തെളിവ് നശിപ്പിക്കുകയും ചെയ്തു. കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരി ഉന്നയിച്ച സംശയങ്ങള്‍ക്ക് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്.
മദ്ധ്യപ്രദേശിലെ ദിണ്ടോരി ജില്ലയിലുള്ള ഷാഹ്പുരയിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റായിരുന്ന നിഷ നാപിത് ആണ് കൊല്ലപ്പെട്ടത്. തന്റെ സര്‍വീസ് ബുക്കിലും ബാങ്ക് അക്കൗണ്ടിലും ഇൻഷുറന്‍സിലുമൊന്നും നിഷ തന്റെ ഭര്‍ത്താവായ മനീഷ് ശര്‍മയുടെ പേര് ചേര്‍ത്തിരുന്നില്ല. തൊഴിൽ രഹിതന് കൂടിയായ മനീഷ് തലയിണ ഉപയോഗിച്ച് നിഷയെ ശ്വാസം മുട്ടിച്ച് കൊല്ലുകയും രക്തം പുരണ്ട തലയിണയുടെ കവറും ബെഡ്ഷീറ്റും കഴുകിയിടുകയും ചെയ്തു എന്നാണ് പൊലീസ് കണ്ടെത്തിയത്. പണം ആവശ്യപ്പെട്ട് മനീഷ് സ്ഥിരമായി നിഷയെ ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് സഹോദരി നീലിമ പൊലീസിനോട് പറഞ്ഞു.
മാട്രിമോണിയൽ വെബ്സൈറ്റിലൂടെയാണ് നിഷയും മനീഷും പരിചയപ്പെട്ടത്. തുടര്‍ന്ന് ബന്ധുക്കളെ അറിയിക്കാതെ 2020ൽ വിവാഹം ചെയ്തു. പിന്നീടാണ് ബന്ധുക്കള്‍ വിവാഹം കഴിഞ്ഞ വിവരം അറിഞ്ഞത്. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ മനീഷ്, നിഷയെ താമസ സ്ഥലത്തിന് സമീപത്തുള്ള ആശുപത്രിയിൽ കൊണ്ടുവന്നു. എന്നാൽ മരണം സംഭവിച്ചിട്ട് ഏറെ നേരമായി എന്ന് മനസിലാക്കിയ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. നിഷയ്ക്ക് വൃക്ക സംബന്ധമായ അസുഖമുണ്ടായിരുന്നു എന്നും സ്വാഭാവിക മരണമാണെന്നും മനീഷ് വാദിച്ചു. പക്ഷേ തന്റെ സഹോദരിക്ക് ഒരു അസുഖവും ഉണ്ടായിരുന്നില്ലെന്നും മനീഷ് അവളെ എന്തോ ചെയ്ത ശേഷം കള്ളക്കഥയുണ്ടാക്കുകയാണെന്നും സഹോദരി തറപ്പിച്ചു പറഞ്ഞു.
പൊലീസ് സ്ഥലത്തെത്തി ചോദിച്ചപ്പോൾ കെട്ടിച്ചമച്ചുണ്ടാക്കിയ വലിയൊരു കഥയാണ് മനീഷ് പറഞ്ഞത്. ഭാര്യയ്ക്ക് വൃക്ക രോഗമുണ്ടായിരുന്നു. ശനിയാഴ്ച അവര്‍ വ്രതമെടുത്തു. തുടർന്ന് രാത്രി ഛര്‍ദിച്ചു. ചില മരുന്നുകള്‍ കഴിച്ച് കിടന്നുറങ്ങി. ഞായറാഴ്ചയായിരുന്നതിനാൽ നേരത്തെ ഉറക്കം എഴുന്നേറ്റില്ല. താന്‍ രാവിലെ നടക്കാൻ പോയി. പത്ത് മണിയോടെ വീട്ടുജോലിക്കാരി എത്തി. രണ്ട് മണിയോടെ താൻ തിരിച്ചെത്തിയപ്പോഴും ഭാര്യ ഉണർന്നില്ലെന്ന് കണ്ട് വിളിച്ചുണര്‍ത്താൻ നോക്കിയെങ്കിലും സാധിച്ചില്ല. സിപിആര്‍ കൊടുത്ത ശേഷം വേഗം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്നാണ് മനീഷ് പറഞ്ഞത്.
എന്നാൽ ഡോക്ടര്‍മാർ പരിശോധിച്ചപ്പോൾ നിഷയുടെ വായിലും മൂക്കിലും രക്തം കണ്ടു. മനീഷ് നിഷയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും നിഷയുടെ മുറിയിൽ കയറാന്‍ വീട്ടുജോലിക്കാരിക്ക് പോലും അനുമതിയില്ലായിരുന്നു എന്നും സഹോദരിയും പൊലീസിനോട് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും മറ്റ് മൊഴികളും കൊലപാതകമെന്ന് ഉറപ്പിച്ചതോടെയാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്. കേസിൽ 24 മണിക്കൂറിനകം തുമ്പുണ്ടാക്കിയ പൊലീസ് സംഘത്തെ ഡിഐജി അഭിനന്ദിച്ചു.
Last Updated Jan 29, 2024, 7:57 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]