കഥകളിയുടെ തനിമയാർന്നശൈലിയിലൂടെയും ചിട്ടയായ പ്രകടനങ്ങളിലൂടെയും ആറ് പതിറ്റാണ്ടിലേറെയായി അരങ്ങുകളെ ധന്യമാക്കുന്ന സദനം രാമൻകുട്ടി എന്ന എന്ന തിച്ചൂര്‍ കറ്റശേരി വീട്ടില്‍ രാമന്‍കുട്ടി എൺപതാം പിറന്നാളിന്റെ നിറവിൽ. പാരമ്പര്യത്തിന്റെ അടിത്തറയിൽ കെട്ടിപ്പടുത്ത മികവും ഗുരുകുല വിദ്യാഭ്യാസത്തിന്റെ കണിശതയും ഒത്തുചേരുന്നതാണ് അദ്ദേഹത്തിന്റെ കഥകളി കലാജീവിതം.
തന്റെ എൺപതാം ജന്മദിനത്തിലും അരങ്ങിലെത്തി അദ്ദേഹം, കഥകളി എന്ന കലാരൂപത്തോടുള്ള അടങ്ങാത്ത അഭിനിവേശം ഒരിക്കൽ കൂടി പ്രകടമാക്കുന്നു. കലയുടെ കുടുംബം, തുടക്കം കഥകളി പാരമ്പര്യമുള്ള തിച്ചൂർ കറ്റശേരി വീട്ടിൽ രാമൻകുട്ടി എന്ന സദനം രാമൻകുട്ടിക്ക് കല രക്തത്തിൽ അലിഞ്ഞുചേർന്നതായിരുന്നു.
കഥകളി രംഗത്തെ പ്രഗത്ഭനായിരുന്ന കറ്റശേരി രാമൻകുട്ടി അമ്മാവനും, പ്രശസ്ത ഭാഗവതർ പുതുമന അച്യുതൻ നായർ അച്ഛനുമായിരുന്നു. കഥകളിയിലെ ആദ്യ സ്ത്രീസാന്നിധ്യമായ കറ്റശേരി സരോജിനി അദ്ദേഹത്തിന്റെ സഹോദരിയാണ്.
പന്ത്രണ്ടാം വയസ്സിൽ പത്തിരിപ്പാലയ്ക്കടുത്തുള്ള പേരൂർ ഗാന്ധി സേവാ സദനത്തിൽ നിന്നാണ് അദ്ദേഹം കലയുടെ ആദ്യപാഠങ്ങൾ പഠിച്ചത്. തേക്കിൻകാട്ടിൽ രാവുണ്ണി നായർ, കീഴ്പ്പടം കുമാരൻ നായർ എന്നിവരായിരുന്നു ഗുരുക്കന്മാർ.
1958-66 കാലഘട്ടത്തില്‍ പേരൂര്‍ ഗാന്ധി സേവാ സദനത്തില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം തുടര്‍ന്ന് അവിടെ അധ്യാപകനായി. അധ്യാപക ജോലിയോടൊപ്പം തന്നെ കഥകളിയുമായി ഒട്ടുമിക്ക സ്ഥലങ്ങളിലും സഞ്ചരിച്ചു.
പ്രധാന അധ്യാപകനായിട്ടാണ് പേരൂര്‍ ഗാന്ധി സേവാ സദനത്തില്‍നിന്ന് വിരമിച്ചത്. കേന്ദ്ര സർക്കാരിന്റെ ഫെല്ലോഷിപ്പോടെ കേരള കലാമണ്ഡലത്തിൽ രാമൻകുട്ടി നായർ, വാഴേങ്കട
കുഞ്ചുനായർ എന്നിവരുടെ കീഴിൽ ഉപരിപഠനവും നടത്തി. ഇഷ്ടവേഷം കത്തി കഥകളിയിലെ പച്ച, കത്തി, വെള്ളത്താടി വേഷങ്ങളിൽ ഒരുപോലെ തിളങ്ങിയ കലാകാരനാണ് അദ്ദേഹം.
പച്ച വേഷങ്ങളിൽ രുഗ്മാങ്കതനും ഭീമനും നളനുമായി വേഷമിടുമ്പോൾ തന്നെ, കത്തി വേഷങ്ങളിലെ ദുര്യോധനനും രാവണനും കീചകനും അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടത്. വെള്ളത്താടിയിലെ ഹനുമാൻ വേഷങ്ങളും അദ്ദേഹത്തിൽ അനശ്വരമായി.
മാറുന്ന കാലം, നിലവാരമില്ലാത്ത അരങ്ങുകൾ കഥകളി എന്ന കലാരൂപം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം ആശങ്കാകുലനാണ്. പഴയകാലത്ത് 12 വർഷത്തോളം നീണ്ട
കഠിനമായ അഭ്യാസമുറകളിലൂടെയാണ് ഒരു കലാകാരൻ അരങ്ങിലെത്തിയിരുന്നത്. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് അതിനുള്ള സമയമില്ല.
“അടിത്തറയില്ലാതാകുന്നു, മൂല്യങ്ങൾ ചോർന്നുപോകുന്നുവെന്ന് അദ്ദേഹം ഖേദത്തോടെ പറയുന്നു. കഥകളി കേവലം വേഷംകെട്ടി കാണിക്കാനുള്ള ഒന്നല്ലെന്നും, അത് ആഴത്തിൽ പഠിച്ച് ആസ്വദിക്കേണ്ട
കലയാണെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ഇന്ന് കഥകളി ശാസ്ത്രീയതയിൽ നിന്നും മാറി ജനകീയമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ദേശാന്തരങ്ങളിലെ കഥകളി കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും തവാങ്, അരുണാചൽ പ്രദേശ് തുടങ്ങിയ അതിർത്തി പ്രദേശങ്ങളിലും അദ്ദേഹം കഥകളി അവതരിപ്പിച്ചിട്ടുണ്ട്. ഫ്രാൻസ്, സ്വിറ്റ്സർലൻഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും കഥകളിയുടെ പെരുമ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
മലയാളി പ്രേക്ഷകരേക്കാൾ വിദേശികൾ കഥകളിയുടെ ഓരോ സൂക്ഷ്മാംശങ്ങളും ചോദിച്ചറിഞ്ഞ് ആസ്വദിക്കുന്നത് അത്ഭുതകരമായ ഒന്നാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. അംഗീകാരങ്ങളുടെ നിറവിൽ അർഹതയ്ക്കുള്ള അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
സംഗീത നാടക അക്കാദമി പുരസ്കാരം, സംസ്ഥാന ക്ഷേത്ര കലാ പുരസ്കാരം, പട്ടിക്കാം തൊടി രാവുണ്ണി മേനോന് പുരസ്കാരം, ചിറക്കല്‍ കോവിലകത്ത് നിന്ന് പട്ടും വളയും നാട്യാചാര പദവിയും, തളിപ്പറമ്പ് രാജരാജ ക്ഷേത്രത്തില്‍നിന്ന് വീരശൃംഖല, മുകുന്ദ രാജാ പുരസ്കാരം, കെ.എന്‍.പി. ഷാരടി പുരസ്കാരം, ചെറുകുന്ന് ക്ഷേത്രത്തില്‍നിന്നും രാജമുദ്ര തുടങ്ങിയ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
സദനത്തിൽ അധ്യാപകനായും പ്രധാന അധ്യാപകനായും സേവനമനുഷ്ഠിച്ച് വിരമിച്ച അദ്ദേഹം, ആരോഗ്യപ്രശ്നങ്ങളെ വകവെക്കാതെ ഇന്നും അരങ്ങിലെത്തുന്നു. തനിക്ക് ലഭിക്കുന്ന ഓരോ അരങ്ങിലും സംതൃപ്തി കണ്ടെത്താനാണ് താൻ ശ്രമിക്കുന്നതെന്ന് നടനാചാര്യൻ പറയുന്നു.
എൺപതിന്റെ നിറവിലും ആ കൈമുദ്രകൾക്കും ചുവടുകൾക്കും ഇന്നും അതേ വീര്യവുമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

