37-ാം വയസിൽ വീണ്ടും ലോക വനിതാ റാപ്പിഡ് ചെസ് ചാമ്പ്യൻ
സിംഗപ്പൂരിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിൽ കിരീടം നേടിയ ഡി.ഗുകേഷിന് പ്രായം 19. ന്യൂയോർക്കിൽ നടന്ന വേൾഡ് റാപ്പിഡ് ആൻഡ് ബ്ളിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ പുരുഷ കിരീടം നേടിയ റഷ്യക്കാരൻ വോളോദാർ മുർസിന് പ്രായം 18. ഇതേ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം ജേതാവായ കൊനേരു ഹംപിയുടെ പ്രായം 37.
ഇങ്ങനെ ചെസിന് ചെറുപ്പമാകുമ്പോൾ പ്രായത്തേയും പടവെട്ടി വീഴ്ത്തിയാണ് ഹംപിയുടെ തേരോട്ടം. മൂന്നു പതിറ്റാണ്ടുമുമ്പ് ചെസ് ബോർഡുമായി മല്ലയുദ്ധം തുടങ്ങിയതാണ് ഹംപി. പത്തുവയസ് തികയുന്നതിന് മുമ്പ് ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി തുടക്കം. ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്റർനാഷണൽ ഗ്രാൻഡ്മാസ്റ്ററും ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഗ്രാൻഡ്മാസ്റ്ററുമായി ചരിത്രം കുറിച്ച കരിയർ. ഇന്നലെ ന്യൂയോർക്കിൽ അവസാന റൗണ്ട് പോരാട്ടത്തിൽ ഇന്തോനേഷ്യൻ താരം ഐറിൻ സുകന്ദറിനെതിരെ നേടിയ വിജയത്തോടെ രണ്ട് തവണ റാപ്പിഡ് വിഭാഗത്തിൽ ലോക വനിതാ ചാമ്പ്യനാകുന്ന രണ്ടാമത്തെ മാത്രം താരമെന്ന റെക്കാഡും ഹംപിയെ തേടിയെത്തി. ചൈനയുടെ യു വെൻയുൻ മാത്രമാണ് ഇതിന് മുമ്പ് രണ്ട് തവണ ലോക റാപ്പിഡ് കിരീടമുയർത്തിയത്. ലോകചാമ്പ്യൻഷിപ്പിൽ ഒരോ തവണ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും സ്വന്തമാക്കിയിട്ടുള്ള ഹംപി ചെസ് ഒളിമ്പ്യാഡിലെയും ഏഷ്യൻ ഗെയിംസിലെയും ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ സ്വർണങ്ങളും അണിഞ്ഞിട്ടുണ്ട്.
അഹാനയുടെ അമ്മ
ചെറുപ്രായത്തിൽതന്നെ ചെസിലെത്തിയ ഹംപി 2014ലാണ് ദസരി അൻവേഷിനെ വിവാഹം കഴിക്കുന്നത്. വിവാഹശേഷവും ബോർഡിന് മുന്നിൽ തുടർന്ന ഹംപി 2016ൽ ഗർഭിണിയായതോടെ ചെസിൽ നിന്ന് വിട്ടുനിന്നു. 2017ലാണ് മകൾയ്ക്ക് ജന്മം നൽകിയത്. തന്റെ പൊന്നോമന അഹാനയ്ക്ക് വേണ്ടി രണ്ടുവർഷം മത്സര വേദികളിൽ നിന്ന് മാറിനിന്ന ഹംപിയെ കരുക്കൾ പിന്നെയും മാടിവിളിച്ചപ്പോൾ തിരിച്ചെത്താതിരിക്കാനായില്ല. 2018ൽ തിരിച്ചുവരവ് നടത്തിയ താരം 2019ലെ ലോക റാപ്പിഡ് ചാമ്പ്യനാകുകയും ഫിഡെ വിമൻ ഗ്രാൻപ്രീകളിൽ ഇരട്ടസ്വർണമണിയുകയും ചെയ്തു. താൻ മത്സരവേദികളിലേക്ക് യാത്രയാകുമ്പോൾ അഹാനയെ നോക്കുന്ന മാതാപിതാക്കൾക്കാണ് തന്റെ നേട്ടങ്ങളിൽ ഹംപി നന്ദി പറയുന്നത്. ഏഴുവയസുള്ള കുഞ്ഞിന്റെ അമ്മയായ , 37 വയസുള്ള തനിക്ക് ലോക ചാമ്പ്യനാകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ഹംപി തന്നെ പറയുന്നു. എല്ലാപിന്തുണയുമായി ഭർത്താവും കുടുംബവും കൂടെയുള്ളതാണ് വിജയമന്ത്രമെന്നും ഹംപി കൂട്ടിച്ചേക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റാപ്പിഡ് റാണി
ക്ളാസിക് ഫോർമാറ്റിനെക്കാൾ അതിവേഗപോരാട്ടങ്ങൾ നടക്കുന്ന റാപ്പിഡിലും ബ്ളിറ്റ്സിലുമാണ് ഹംപിക്ക് കൂടുതൽ താത്പര്യം. കരിയറിലുടനീളം റാപ്പിഡ് ചാമ്പ്യൻഷിപ്പുകളിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്തിട്ടുണ്ട്. 2012ൽ മോസ്കോയിൽ നടന്ന റാപ്പിഡ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയിരുന്നു. 2019ൽ റാപ്പിഡിലെ ലോക ചാമ്പ്യനായി. 2023ൽ ഉസ്ബക്കിസ്ഥാനിലെ സമർകണ്ടിൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടി.