സെഞ്ചൂറിയന്‍: തോല്‍വി ഉറ്റുനോക്കിയ മത്സരത്തില്‍ പാകിസ്ഥാനെ രണ്ട് വിക്കറ്റിന് മറികടന്ന് ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍. 148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് 99ന് എട്ട് എന്ന നിലയില്‍ മത്സരം കൈവിടുമെന്ന തോന്നിച്ചെങ്കിലും കാഗിസോ റബാഡ 31*(26), മാര്‍ക്കോ ജാന്സെന് 16*(24) എന്നിവരുടെ പിരിയാത്ത ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട് പ്രോട്ടീസിന് വിജയവും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്തും ഉറപ്പിക്കുകയായിരുന്നു.
സ്കോര്‍: പാകിസ്ഥാന് 211 & 237 | ദക്ഷിണാഫ്രിക്ക 237 & 150-8
27ന് മൂന്ന് എന്ന നിലയില്‍ നാലാം ദിവസം കളി ആരംഭിച്ച ദക്ഷിണാഫ്രിക്ക ശ്രദ്ധയോടെയാണ് തുടങ്ങിയത്. സ്കോര്‍ 62ലെത്തിയപ്പോള്‍ നാലാമനായി ഏയ്ഡന്‍ മാര്‍ക്രം (37) പുറത്തായി. ക്യാപ്റ്റന്‍ തെംബ ബവൂമ (40), ഡേവിഡ് ബെഡിംഗ്ഹാം (14) സഖ്യം സ്കോര്‍ 96 വരെ എത്തിച്ചു. എന്നാല്‍ അവിടെ നിന്ന് വെറും രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. കൈല്‍ വെറൈന്‍ (2), കോര്ബിന് ബോഷ് (0) എന്നിവര്‍ കൂടി മടങ്ങിയപ്പോള്‍ സ്കോര്‍ 99ന് എട്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് അബ്ബാസ് ആണ് പാകിസ്ഥാന് വേണ്ടി മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തത്. 26 പന്തില്‍ അഞ്ച് ബൗണ്ടറികള്‍ നേടിയാണ് കാഗിസോ റബാഡ മാച്ച് വിന്നിംഗ് ഇന്നിംഗ്സ് കളിച്ചത്. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക മുന്നിലെത്തുകയും ചെയ്തു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയ, ഇന്ത്യ, ശ്രീലങ്ക എന്നിവരില്‍ ഒരാളാകും ദക്ഷിണാഫ്രിക്കയുടെ എതിരാളികള്‍.