വിവാഹം കഴിച്ചാൽ മാത്രമേ ജീവിതത്തിൽ സന്തോഷം ഉണ്ടാകുകയുളളൂവെന്ന് ചിലർ പറയുന്നത് വെറുതെയാണെന്ന് നടി തെസ്നി ഖാൻ. സമാധാനത്തോടെയാണ് ജീവിക്കുന്നതെന്നും താരം പറഞ്ഞു. വിവാഹം കഴിക്കാതിരിക്കാൻ പല കാരണങ്ങളും ഉണ്ടെന്ന് തെസ്നി പറഞ്ഞു. കൗമുദി മൂവീസിന് അനുവദിച്ച അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
‘കല്യാണം കഴിക്കാതെയും സന്തോഷത്തോടെയാണ് ജീവിക്കുന്നത്. അമ്മയോടൊപ്പം സാമാധാനമായി ജീവിക്കുന്നു. കല്യാണം കഴിച്ചാലെ ഒരു സ്ത്രീക്ക് ജീവിക്കാൻ സാധിക്കുകയുളളൂവെന്നത് തെറ്റായ കാര്യമാണ്. ഇന്ന് അതൊക്കെ എല്ലാവരും അംഗീകരിക്കുന്നുണ്ട്. പക്ഷെ എന്റെ ചെറുപ്പക്കാലത്ത് അങ്ങനെ അല്ലായിരുന്നു. ഞാൻ അഭിനയരംഗത്ത് കടന്നുവന്ന സമയത്ത് കുടുംബത്തിൽ നല്ല രീതിയിൽ ബാദ്ധ്യതയുണ്ടായിരുന്നു. വർഷങ്ങൾ കടന്നുപോയതോടെ വിവാഹത്തെക്കുറിച്ച് ഒരു ചിന്തയില്ലാതെ പോയി.
അതിനിടയിലും വിവാഹകാര്യങ്ങളൊക്കെ വന്നിരുന്നു. അതൊന്നും ആകാതെ പോയി. ഒരു ബന്ധം നിക്കാഹ് വരെ എത്തിയിരുന്നു. അപ്പോഴേയ്ക്കും പുളളി ഫ്രോഡാണെന്ന് മനസിലായി. അങ്ങനെ ആ ബന്ധം ഉപേക്ഷിച്ചു. ഒരു മാസത്തെ കാലയളവായിരുന്നു ആ ബന്ധത്തിനുണ്ടായിരുന്നത്. പിന്നെ പേടിയായി. ഇനി അതിലേക്ക് പോകണ്ട എന്നൊരു ചിന്തയായി. കുട്ടിക്കാലത്ത് ചില പ്രശ്നങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. അച്ഛൻ മാജിക് ഷോകൾ ചെയ്താണ് കുടുംബം നോക്കിയിരുന്നത്. സ്കൂളിലെ ചെലവ് കൂടുന്ന സമയത്ത് അമ്മ സ്വർണം പണയം വച്ച് ഫീസ് അടച്ചിട്ടുണ്ട്. അച്ഛന്റെയും അമ്മയുടെയും കുടുംബങ്ങൾ സാമ്പത്തികപരമായി നല്ല നിലയിലായിരുന്നു. അവരുടെ സഹായം വേണ്ടെന്ന് അച്ഛൻ തന്നെയാണ് തീരുമാനിച്ചത്. അമ്മ മറ്റുളളവരെ സഹായിക്കും. ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ പോലും പണമില്ലാതിരുന്നവരെ സഹായിച്ചിട്ടുണ്ട്’- തെസ്നി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]