സുന്ദരന്മാരാണ് അണ്ണാറക്കണ്ണന്മാർ. ഒറ്റ നാേട്ടത്തിൽ തന്നെ ആരും ഇഷ്ടപ്പെട്ടുപോകും. നമ്മുടെ ഇതിഹാസമായ രാമായണത്തിൽപ്പോലും ഇവയെക്കുറിച്ച് പരാമർശമുണ്ട്. കായ്കനികളും ധാന്യങ്ങളും മാത്രം കരണ്ടുതിന്നുന്നവയാണ് അണ്ണാൻ എന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ ഇത് തിരുത്തേണ്ട സമയമായെന്നാണ് അമേരിക്കയിലെ ഒരുസംഘം ഗവേഷകരുടെ വെളിപ്പെടുത്തൽ. അണ്ണാറക്കണ്ണന്മാർ മാംസഭോജികളാണെന്നാണ് ഇവർ പറയുന്നത്. എപ്പോഴുമല്ല, സാഹചര്യത്തിനനുസരിച്ചുമാത്രമാണ് ഇവർ മാംസഭോജികളാവുന്നത്. ചെറിയ എലികൾ ഉൾപ്പടെയുള്ളവയെയാണ് അണ്ണാറക്കണ്ണന്മാർ വേട്ടയാടികൊല്ലുകയും ഭക്ഷണമാക്കുകയും ചെയ്യുന്നതെന്നാണ് ഗവേഷകർ പറയുന്നത്. സ്പ്രിംഗർ മാസികയിലാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
കാഫിഫോർണിയ ഗ്രൗണ്ട് സ്ക്വിറൽ
അണ്ണാറക്കണ്ണന്മാരിലെ കാഫിഫോർണിയ ഗ്രൗണ്ട് സ്ക്വിറൽ ഇനത്തിൽപ്പെട്ടവയെക്കുറിച്ചുള്ള പഠനത്തിലാണ് ഞെട്ടിപ്പിക്കുന്നതും അതിശയിപ്പിക്കുന്നതുമായ വെളിപ്പെടുത്തലുകൾ ഉള്ളത്. വിസ്കോസിൻ സർവകലാശാലയിലെയും കാലിഫോർണിയ സർവകലാശാലയിലെയും ഗവേഷകരാണ് പഠനത്തിന് നേതൃത്വം നൽകിയത്. ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾക്കനുസരിച്ച് ഒരു ജീവിവർഗത്തിന്റെ ആഹാര രീതിയിലും സ്വഭാവത്തിലും മാറ്റമുണ്ടാകും എന്നതിന് വ്യക്തമായ തെളിവാണ് പഠനത്തിൽ ലഭിച്ചതെന്നും ഗവേഷകർ പറയുന്നു. മനുഷ്യന്റെ ഇടപെടൽ മൂലമോ മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലമോ ഇപ്പോൾ കഴിച്ചുകൊണ്ടിരിക്കുന്ന ആഹാരത്തിന് പ്രശ്നങ്ങൾ നേരിടുമ്പോൾ മാസം ഭക്ഷണമാക്കുന്ന ശീലം അവയെ അതിജീവിക്കാൻ പര്യാപ്തമാക്കും എന്നാണ് കരുതുന്നത്.
‘ഈ ഗവേഷണം ലോകത്തിലെ ഏറ്റവും പരിചിതമായ സസ്തനികളിൽ ഒന്നായ അണ്ണാൻമാരെക്കുറിച്ചുള്ള നമ്മുടെ ധാരണയെ സമൂലമായി മാറ്റുന്നു. കാലാവസ്ഥാ വ്യതിയാനവും വരൾച്ചയും പോലെയുള്ളവയെ അഭിമുഖീകരിക്കുമ്പോൾ ഈ മൃഗങ്ങൾ പ്രതിരോധശേഷിയുള്ളവരായിക്കൊണ്ടിരിക്കുകയാണ്. മാറിക്കൊണ്ടിരിക്കുന്ന ലോകത്തിൽ ജീവിക്കാൻ കഴിവുള്ളവരാവുന്നു. മറ്റ് ജീവജാലങ്ങൾ മാറുന്ന പരിതസ്ഥിതികളുമായി എങ്ങനെ പൊരുത്തപ്പെടും എന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുന്നതാണ് ഗവേഷണം’-പഠനത്തിന് നേതൃത്വം നൽകിയ വിസ്കോസിൻ സർവകലാശാലയിലെ പ്രൊഫസായ ജെന്നിഫർ സ്മിത്ത് പറയുന്നു.
ആൺ, പെൺ വ്യത്യാസമോ പ്രായപൂർത്തിയായില്ലെന്ന വേർതിരിവോ വേട്ടയാടലിൽ ഇല്ലെന്നും ഗവേഷകർ പറയുന്നു. പഠനകാലയളവിൽ ഇത്തരത്തിലുള്ള 73 സന്ദർഭങ്ങൾക്ക് തങ്ങൾ സാക്ഷിയായിട്ടുണ്ടെന്നും ഗവേഷകർ പറയുന്നു. കഠിനമായ മാംസഭോജികൾ എന്ന് മനുഷ്യർ തരംതിരിച്ചിരിക്കുന്ന ജീവി വർഗങ്ങളിൽ ചിലത് ഇടയ്ക്കിടെ പഴങ്ങൾ ഭക്ഷണമാക്കാറുണ്ട്. അതുപോലെ തന്നെയാണ് ഇവിടെയും സംഭവിച്ചതെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.
കാഫിഫോർണിയ ഗ്രൗണ്ട് സ്ക്വിറൽ
പ്രധാനമായും മാളങ്ങളിലാണ് ഇവ കഴിയുന്നത്. പുറത്തിറങ്ങുന്നത് വളരെക്കുറച്ച് സമയത്തുമാത്രാണ്. തവിട്ടും ബ്രൗണും ഇടകലർന്ന നിറമാണിവയ്ക്ക്. കാലിഫോർണിയയിലാണ് ഇവ ധാരാളമായി കാണപ്പെടുന്നത്. പേരുവന്നതിനുപിന്നിലെ കാരണവും ഇതുതന്നെ.തണുപ്പുകാലത്ത് നീണ്ട ഉറക്കത്തിലേക്കും ഇവ പോകാറുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കമ്പിളിപ്പുതപ്പ്
അണ്ണാന്റെ വാൽ ശരിക്കും ഒരു കമ്പിളിപ്പുതപ്പുപോലെ തണുപ്പിൽ അവയെ സഹായിക്കുന്നുണ്ട്. നല്ല തണുപ്പിൽ ചുരുണ്ടുകൂടി കിടന്ന ശേഷം വാലുകൊണ്ട് ഒരു സ്വയം പുതപ്പിക്കലാണ് നടത്തുക. വാലിലെ രക്തക്കുഴലുകളിൽ കൂടുതൽ രക്തമൊഴുക്കി പുറത്ത് കൊടും ചൂട് ഉള്ളപ്പോൾ ശരീരം തണുപ്പിക്കാൻ ഇവർക്ക് പറ്റും. മരത്തിനുമുകളിലൂടെയും മറ്റും ഓടുമ്പോൾ ബാലൻസ് തെറ്റി താഴെ വീഴാതെ നോക്കുന്നതും വാൽ തന്നെ. താഴേക്കുചാടുമ്പോൾ ഒരു പാരച്യൂട്ടുപോലെ പ്രവർത്തിക്കുന്ന വാൽ വെള്ളത്തിൽ നീന്താനും അണ്ണാനെ സഹായിക്കുന്നുണ്ട്.