കൊച്ചി: പത്ത് ലക്ഷം രൂപയിലധികം മൂല്യമുള്ള സ്വർണം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോൾ കേരളത്തിൽ ഇ വേ ബിൽ നിർബന്ധമാക്കി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ജനുവരി ഒന്നിന് പുതിയ നിയമം പ്രാബല്യത്തിലാകും. നിലവിൽ ഇ വേ ബിൽ ഇല്ലാത്തതിനാൽ സംസ്ഥാനത്ത് നടക്കുന്ന സ്വർണ കച്ചവടത്തെ കുറിച്ച് സർക്കാരിന് വ്യക്തമായ വിവരം ലഭ്യമല്ലാത്തതിനാലാണ് പുതിയ നടപടി.
50,000 രൂപയിലധികം മൂല്യമുള്ള സാധനങ്ങൾ കൊണ്ടുപോകുന്നതിന് ഇ വേ ബിൽ നിർബന്ധമാണെങ്കിലും സുരക്ഷാ കാരണങ്ങളാൽ സ്വർണത്തെ ഇതുവരെ ഒഴിവാക്കുകയായിരുന്നു. നികുതി വെട്ടിച്ച് സ്വർണ കച്ചവടം വ്യാപകമാണെന്ന് കണ്ടെത്തിയതോടെയാണ് ഇ വേ ബിൽ നിർബന്ധമാക്കണമെന്ന നിർദേശം കേരളം ജി.എസ്.ടി കൗൺസിലിൽ അവതരിപ്പിച്ചത്. മന്ത്രിതല ഉപസമിതിയുടെ നിർദേശം കൗൺസിൽ അംഗീകരിച്ചിരുന്നു.
വാണിജ്യ ആവശ്യങ്ങൾക്ക് മാത്രം ബാധകം
വാണിജ്യ ആവശ്യങ്ങൾക്ക് സ്വർണം കൊണ്ടുപോകുന്നതിന് മാത്രമാണ് ഇ വേ ബിൽ ബാധകമാകുന്നത്. ഉപഭോക്താക്കൾ ഇതിന്റെ പരിധിയിൽ വരില്ല. പരിധി 500ഗ്രാം ആക്കണമെന്ന് വ്യാപാരികൾ.സ്വർണത്തിന് ഇ വേ ബിൽ നടപ്പാക്കുമ്പോൾ അതിന്റെ പരിധി 10 ലക്ഷം രൂപയിൽ നിന്ന് 500 ഗ്രാം സ്വർണത്തിന് മുകളിലാക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആദായനികുതി നിയമപ്രകാരം വിവാഹിതയായ സ്ത്രീയ്ക്ക് 500ഗ്രാം സ്വർണം കൈവശം സൂക്ഷിക്കാം. അതിനാൽ 10ലക്ഷത്തിന് മുകളിലുള്ള സ്വർണം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് ഇ വേ ബിൽ ഏർപ്പെടുത്തുന്നത് പ്രായോഗികമല്ല. വ്യാപാര ആവശ്യത്തിനാണോ സ്വന്തം ആവശ്യത്തിനാണോ വ്യക്തികൾ സ്വർണം കൊണ്ടുപോവുന്നതെന്ന് തിരിച്ചറിയാൻ പ്രയാസമാണ്. അതിനാൽ ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യാനുള്ള പഴുതുണ്ട്. അതിനാൽ ഇ-വേ ബിൽ സംബന്ധിച്ച് വ്യക്തത വരുത്തി സർക്കുലർ പുറപ്പെടുവിക്കണമെന്നും മൂന്നുദിവസത്തിനകം നടപ്പാക്കുമെന്ന നിർദ്ദേശം മാറ്റിവെക്കണമെന്നും അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ എസ്. അബ്ദുൾ നാസർ എന്നിവർ ആവശ്യപ്പെട്ടു.