തൃശൂർ: ബസിൽ നിന്ന് തെറിച്ചുവീണ് വയോധികയ്ക്ക് ദാരുണാന്ത്യം. തൃശൂർ തിരുവില്വാമലയിൽ ഇന്നുരാവിലെ ഏഴേക്കാലോടെയായിരുന്നു സംഭവം. തിരുവില്വാമല തവക്കൽപ്പടി കിഴക്കേ ചക്കിങ്ങൽ ഇന്ദിരാദേവി (65) ആണ് മരിച്ചത്.
ആലത്തൂർ- കാടാമ്പുഴ റൂട്ടിലോടുന്ന മർവ എന്ന ബസിന്റെ വാതിലിലൂടെ പുറത്തേയ്ക്ക് തെറിച്ചുവീണതിനെത്തുടർന്നുണ്ടായ പരിക്കാണ് മരണത്തിന് കാരണം. അപകടത്തിൽ ഇന്ദിരാദേവിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
പഴമ്പാലക്കോട് കൂട്ടുപാതയിൽ നിന്നാണ് ഇന്ദിരാദേവി മകളോടൊപ്പം ബസിൽ കയറിയത്. തിരുവില്വാമല സർക്കാർ വൊക്കേഷണൽ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിന്റെ സമീപത്തെ വളവിൽ ബസ് തിരിയുമ്പോൾ സീറ്റിലിരിക്കുകയായിരുന്ന ഇന്ദിരാദേവി പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊല്ലംകോട് നിന്ന് കാടാമ്പുഴയിലേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. ബസ് അമിത വേഗത്തിൽ വളഞ്ഞതാണ് അപകടത്തിന് കാരണമായതെന്ന് യാത്രക്കാർ പറഞ്ഞു. അപകടത്തിന് പിന്നാലെ ബസിലെ ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയോടി. പഴയന്നൂർ പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതിനിടെ ആലപ്പുഴയിൽ ടിപ്പർ ലോറിയിടിച്ച് വയോധികൻ മരിച്ചു. സംഭവത്തിൽ ഡ്രൈവർ അറസ്റ്റിലായി. തിരക്കേറിയ റോഡിൽ അമിതവേഗത്തിലെത്തി കൊടുംവളവിൽ സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ട് മാന്നാർ ചെന്നിത്തല സന്തോഷ് ഭവനിൽ സുരേന്ദ്രൻ (68) ആണ് മരിച്ചത്. സംഭവത്തിൽ ടിപ്പർ ലോറി ഡ്രൈവർ തിരുവല്ല കാവുംഭാഗം പെരുംതുരുത്തി പന്നിക്കുഴി ചൂരപ്പറമ്പിൽ രമേശ് കുമാറാണ് (45) അറസ്റ്റിലായത്.