ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സംസ്കാരത്തെച്ചൊല്ലിയുള്ള വിവാദത്തിൽ പോര് മുറുക്കി കോൺഗ്രസും ബിജെപിയും. കോൺഗ്രസിന്റെ ആരോപണങ്ങളെ നേരിടാൻ നേതാക്കൾക്ക് നിർദേശം നൽകിയിരിക്കുകയാണ് ബിജെപി.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കോൺഗ്രസ് വർഗീയ രാഷ്ട്രീയം കളിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം. നരസിംഹ റാവുവിനെയും പ്രണബ് മുഖർജിയെയും കോൺഗ്രസ് അവഗണിച്ചതും ബിജെപി ചൂണ്ടിക്കാട്ടുന്നു. പിതാവ് മരിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തക സമിതി ചേർന്ന് അനുശോചന പ്രമേയം പാസാക്കിയില്ലെന്നുംപിതാവിന് ഡൽഹിയിൽ സ്മാരകമില്ലെന്നുമുള്ള പ്രണബ് മുഖർജിയുടെ മകളുടെ ആരോപണവും ബിജെപി ആയുധമാക്കാനൊരുങ്ങുകയാണ്.
അതേസമയം, മൻമോഹൻ സിംഗിന്റെ സംസ്കാരത്തിൽ മര്യാദ പാലിച്ചില്ലെന്ന് ആരോപിച്ച് പ്രതിഷേധ പരിപാടികളിലേയ്ക്ക് അടക്കം കടക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. മൻമോഹൻ സിംഗിന് രാജ്ഘട്ടിൽ സ്മാരകം അനുവദിക്കാത്തതും നിഗംബോധ്ഘട്ടിലെ പൊതുശ്മശാനത്തിൽ സംസ്കാരം നടത്തിയതുമാണ് വിവാദമായത്. മുൻപ്രധാനമന്ത്രിക്ക് ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരുന്നു. പിന്നാലെ സ്മാരകത്തിന് സ്ഥലം കണ്ടെത്തുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. കോൺഗ്രസ് വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും ബിജെപി ആരോപിച്ചു.
ദൂരദർശൻ ഒഴികെയുള്ള വാർത്താ ഏജൻസികളെ സംസ്കാരച്ചടങ്ങുകൾ ചിത്രീകരിക്കാൻ അനുവദിച്ചില്ലെന്നും കോൺഗ്രസ് ആരോപിക്കുന്നു. ക്യാമറ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രമന്ത്രി അമിത് ഷായെയും കേന്ദ്രീകരിച്ചാണ് സ്ഥാപിച്ചത്. സിംഗിന്റെ കുടുംബത്തിന്റെ ദൃശ്യങ്ങൾ പോലും ചിത്രീകരിച്ചില്ല. മൻമോഹന്റെ കുടുംബത്തിന് മുൻ നിരയിൽ മൂന്ന് കസേരകൾ മാത്രമാണ് അനുവദിച്ചത്. അദ്ദേഹത്തിന്റെ പെൺമക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കും സീറ്റ് വേണമെന്ന് കോൺഗ്രസിന് നിർബന്ധിക്കേണ്ടതായിവന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൻമോഹന്റെ ഭാര്യയ്ക്ക് ദേശീയ പതാക കൈമാറിയപ്പോഴും ഗാർഡ് ഒഫ് ഓണർ നൽകിയപ്പോഴും പ്രധാനമന്ത്രിയും മന്ത്രിമാരും എഴുന്നേറ്റില്ല. ചിതയ്ക്ക് ചുറ്റും കുടുംബത്തിന് മതിയായ ഇടം നൽകിയില്ല. പൊതുജനങ്ങളെ ചടങ്ങിൽനിന്ന് ഒഴിവാക്കി. അമിത് ഷായുടെ വാഹനവ്യൂഹം വിലാപയാത്ര തടസപ്പെടുത്തി. കുടുംബാംഗങ്ങളിൽ ചിലരെ പുറത്തുനിർത്തി ഗേറ്റ് അടച്ചു. ചടങ്ങുകൾ നിർവഹിച്ച മൻമോഹന്റെ കൊച്ചുമക്കൾക്ക് ചിതയ്ക്കരികിൽ എത്താനായി ഓടേണ്ടിവന്നുവെന്നും കോൺഗ്രസ് വിമർശിച്ചു.
കേന്ദ്രം മൻമോഹൻ സിംഗിന്റെ കുടുംബത്തെ അപമാനിച്ചുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ആരോപിച്ചു. മൻമോഹന്റെ സ്മാരകത്തിൽ അന്ത്യകർമ്മങ്ങൾ നിർവഹിക്കാൻ കുടുംബത്തെ അനുവദിച്ചില്ല. മൻമോഹൻ ലസിംദിന്റെ പാരമ്പര്യത്തെയും സിഖ് സമുദായത്തെയും അപമാനിക്കുന്നതിന് തുല്യമാണിത്. കുടുംബത്തിന്റെ അഭ്യർത്ഥന നിരസിച്ച് രണ്ടുവട്ടം പ്രധാനമന്ത്രിയായ അദ്ദേഹത്തിന്റെ സംസ്കാരം നിഘംബോധിൽ നടത്തിയത് തികച്ചും അഹങ്കാരവും പക്ഷപാതപരവുമായ പ്രവൃത്തിയാണ്. അദ്ദേഹത്തിന്റെ വലിയ സംഭാവനകളെ പൊതുജനങ്ങളിൽ നിന്ന് മായ്ച്ചുകളയാനുള്ള ബോധപൂർവ്വമായ ശ്രമവുമാണിതെന്നും സ്റ്റാലിൻ സമൂഹമാദ്ധ്യത്തിലൂടെ വിമർശിച്ചു.