ക്രിസ്മസ് ദിവസത്തിൽ വളരെയധികം പ്രതീക്ഷകളോടെ തീയേറ്ററുകളിലെത്തിയ വരുൺ ധവാൻ- കീർത്തി സുരേഷ് ബോളിവുഡ് ചിത്രമാണ് ബേബി ജോൺ. റിലീസ് ചെയ്ത ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതീക്ഷിച്ച കളക്ഷൻ ചിത്രത്തിന് നേടാനായില്ലെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടിൽ വ്യക്തമായിരുന്നു. 180 കോടി മുതൽമുടക്കിൽ അണിയിച്ചൊരുക്കിയ ബേബി ജോണിന് ആദ്യം മൂന്ന് ദിവസം കൊണ്ട് നേടാനായത് വെറും 19.65 കോടി മാത്രമാണ്.
ഇപ്പോഴിതാ ബേബി ജോണിന് പതർച്ച സംഭവിച്ചതോടെ ഉണ്ണി മുകുന്ദൻ നായകനായ മലയാള ചിത്രം മാർക്കോയുടെ ഹിന്ദി പതിപ്പ് പ്രദർശനത്തിനായി തീയേറ്ററുകളിൽ കൂടുതലായി എത്തിച്ചിരിക്കുകയാണ്. മുംബയ്, ഡൽഹി തുടങ്ങിയ നഗരങ്ങളിലെ പ്രധാന തിയേറ്ററുകളിൽ ബേബി ജോണിന്റെ ഷോകളുടെ എണ്ണം വെട്ടിച്ചുരുക്കി മാർക്കോയുടെ എണ്ണം വർദ്ധിപ്പിച്ചിരിക്കുകയാണ്. കൂടുതൽ സീറ്റുകളുള്ള തീയേറ്റർ ഹാളുകൾ മാർക്കോയ്ക്ക് വിട്ടു നൽകിയിരിക്കുകയാണെന്നാണ് ബോളിവുഡ് വിശേഷങ്ങൾ പങ്കുവയ്ക്കുന്ന മാദ്ധ്യമമായ ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മാളികപ്പുറത്തിനുശേഷം ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയ മാർക്കോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹിന്ദി ബെൽറ്റിൽ കുറച്ച് തീയേറ്ററുകളിൽ മാത്രമാണ് ചിത്രം റിലീസ് ചെയ്തത്. എന്നാൽ പ്രേക്ഷകരുടെ തള്ളിക്കയറ്റത്തെ തുടർന്ന് രണ്ടാം വാരത്തിൽ കൂടുതൽ തീയേറ്ററുകളിൽ പ്രദർശനം വ്യാപിപ്പിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഹിന്ദി പതിപ്പിന് പിന്നാലെ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും ഉടൻ തന്നെ പുറത്തിറങ്ങും. തെലുങ്ക് പതിപ്പ് ജനുവരി ഒന്നിനും തമിഴ് പതിപ്പ് ജനുവരി മൂന്നിനുമാണ് പുറത്തിറങ്ങുക. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദിഖ്, ജഗദീഷ്, ആൻസണ് പോൾ, കബീർ ദുഹാൻ സിംഗ്, അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും മാർക്കോയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.