മുംബയ്: സാങ്കേതിക തകരാറ് മൂലം മുംബയിൽ നിന്ന് ഇസ്താംബൂളിലേക്ക് പോകേണ്ടിയിരുന്ന ഇൻഡിഗോ വിമാനം 16 മണിക്കൂറുകളോളം വൈകി. ഇതോടെ മുംബയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൂറോളം യാത്രികരാണ് കഴിഞ്ഞ ദിവസം കുടുങ്ങിപ്പോയത്. സംഭവത്തിൽ ഇൻഡിഗോ ക്ഷമാപണം നടത്തിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ 6.55ന് പുറപ്പെടേണ്ടിയിരുന്ന 6ഇ17 എന്ന ഇൻഡിഗോ വിമാനമാണ് തകരാറിലായത്. ഇതിനുപകരം മറ്റൊരു വിമാനം ക്രമീകരിച്ചിരുന്നുവെന്നും അധികൃതർ അറിയിച്ചു.
ഒടുവിൽ രാത്രി 11 മണിക്കാണ് വിമാനം യാത്രക്കാരുമായി പറന്നുയർന്നത്. ‘സാങ്കേതിക പ്രശ്നങ്ങളാൽ വിമാന യാത്രയ്ക്ക് കാലതാമസം ഉണ്ടായതിൽ യാത്രക്കാരോട് ഖേദം പ്രകടിപ്പിക്കുന്നു. പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ വിമാനം റദ്ദാക്കേണ്ടി വന്നു. ഞങ്ങൾ ഉപഭോക്താക്കളുടെ സുരക്ഷയും സൗകര്യവും ഒരുക്കുന്നത് ഇനിയും തുടരാൻ ശ്രമിക്കും. വിമാനം വൈകുമെന്ന് യാത്രക്കാർക്ക് മൂന്ന് തവണ അറിയിപ്പ് കൊടുത്തിരുന്നു. ഒടുവിലാണ് റദ്ദാക്കിയെന്ന് അറിയിച്ചത്’- ഇൻഡിഗോ വൈകുന്നേരം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇതോടെ യാത്രക്കാർക്കിടയിൽ പ്രതിഷേധമുണ്ടായി. യാത്രക്കാരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളായിരുന്നു. ഒന്നുകിൽ വിമാനക്കമ്പനി പണം തിരികെ തരണമെന്നും അല്ലെങ്കിൽ മറ്റൊരു വിമാനം എത്രയും വേഗം ക്രമീകരിക്കണമെന്നായിരുന്നു യാത്രക്കാരുടെ ആവശ്യം. വിമാനത്താവളത്തിൽ കുടുങ്ങിപ്പോയവരുടെ ബന്ധുക്കളും സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ പ്രതിഷേധിച്ചു. ‘ഇൻഡിഗോ ജീവനക്കാർ യാത്രക്കാരോട് മോശമായാണ് പെരുമാറിയത്. യാത്രക്കാർക്ക് ജീവനക്കാരിൽ നിന്ന് കൃത്യമായി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇത് നിരാശജനകമാണ്’- യാത്രക്കാരിലൊരാളായ സോനം സൈഗാൾ പ്രതികരിച്ചു. മറ്റൊരു യാത്രികനായ സച്ചിൻ ചിന്തൽവാദും രംഗത്തെത്തി. ഇൻഡിഗോ വൈകുന്നതോടെ ഇസ്താംബൂളിൽ നിന്ന് വാഷിംഗ്ടണിലേക്കുളള തന്റെ കണക്റ്റിംഗ് വിമാനം നഷ്ടമാകുമെന്നായിരുന്നു യുവാവിന്റെ ആശങ്ക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]