
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം-കായിക രംഗത്തെ മികച്ച മുന്നേറ്റം ലക്ഷ്യമാക്കി മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കായിക മഹോത്സവത്തിന് ഉജ്ജ്വല തുടക്കം. കോട്ടപ്പടി ഫുട്ബോൾ സ്റ്റേഡിയത്തിൽ മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ കായിക മേഖലക്ക് ശക്തിപകരുകയാണ് കായിക മഹോത്സവമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കായിക മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അന്തർദേശീയ നിലവാരത്തിലുള്ള കായിക താരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ ജില്ലയിലും കായിക മഹോത്സവം നടത്തുന്നത്. സംസ്ഥാനത്ത് കായിക മേഖലയുടെ മുന്നേറ്റത്തിന് വേണ്ടി പഞ്ചായത്ത് തലം മുതൽ വിവിധ പദ്ധതികളാണ് നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ പ്രീ പ്രൈമറി സ്കൂൾ മുതൽ കായികം ഒരു ഇനം ആയി പഠിപ്പിക്കുന്നതിന് വേണ്ടി തീരുമാനിച്ചിട്ടുണ്ട്. അതിനായി സ്കൂളുകളിൽ പുസ്തകങ്ങളും എത്തിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കാൻ സംസ്ഥാനത്തെ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുമെന്നും ഇത്തരം കായിക മഹോത്സവങ്ങളിലൂടെ വിവിധ കായിക ഇനങ്ങൾ പരിചയപ്പെടുത്താനുള്ള അവസരം ലഭിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടർ വി.ആർ വിനോദ് അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി എം. എൽ. എ മുഖ്യാതിഥിയായി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ അബ്ദുൽ ഹക്കീം, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി, സ്പോർട്സ് കേരള ഡയറക്ടർ ആഷിഖ് കൈനിക്കര, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വിപി അനിൽകുമാർ, ഒളിമ്പിക് അസസിയേഷൻ പ്രസിഡന്റ് യു തിലകൻ, സ്പോർട്സ് കൗൺസിൽ മുൻ ജില്ലാ പ്രസിഡന്റ് എ ശ്രീകുമാർ, സ്പോർട്സ് കൗൺസിൽ സെക്രട്ടറി വി ആർ അർജുൻ എന്നിവർ സംസാരിച്ചു.
വ്യത്യസ്ത കായിക ഇനങ്ങളെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുക, ജില്ലയിലെ കായികമേഖലയിൽ മുന്നേറ്റം നടത്തുക എന്നിവ ലക്ഷ്യമിട്ട് നടത്തുന്ന പരിപാടി മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ, പൊന്നാനി, തിരൂർ എന്നിവിടങ്ങളിലാണ് നടക്കുന്നത്. ഓരോ കായിക സംഘടനയിൽ നിന്നും തിരഞ്ഞെടുത്ത ടീമുകൾ മഹോത്സവത്തിന്റെ ഭാഗമായ മൽസരത്തിൽ പങ്കെടുക്കും. പുതിയ കായിക താരങ്ങളെ കണ്ടെത്താനും വ്യത്യസ്ത കായിക ഇനങ്ങളിലേക്ക് ആകർഷിക്കാനും പദ്ധതികൊണ്ട് ലക്ഷ്യമിടുന്നുണ്ട്.
കായിക ഉത്പന്നങ്ങളുടെ വിപണനവും പ്രദർശനവും, കായിക സെമിനാർ, സ്പോർട്സ് മെഡിക്കൽ പവലിയൻ, കളി വർത്തമാനം എന്നീ പരിപാടികളും ഇതോടനുബന്ധിച്ച് നടത്തുന്നു. അടുത്ത വർഷം വ്യത്യസ്ത അഞ്ച് കേന്ദ്രങ്ങളിലായി കായിക മഹോത്സവം സംഘടിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്ത് തന്നെ ആദ്യമായി ഈ രീതിയിൽ പരിപാടി സംഘടിപ്പിക്കുന്നത്.
മഹോത്സവത്തിന്റെ ഭാഗമായി 30ന് വൈകീട്ട് 4.30 മുതൽ ആറുവരെ കോട്ടക്കുന്നിൽ ‘കളിവർത്തമാനം’ ചർച്ച നടക്കും. മുൻ എസ്.പി. യു. അബ്ദുൽകരീം മോഡറേറ്ററാകും. 31ന് വൈകീട്ട് അഞ്ചിന് തിരൂർ എം.ഇ.എസ്. സെൻട്രൽ സ്കൂളിൽ സമാപനസമ്മേളനം നടക്കും.
രാവിലെ പത്തിന് മലപ്പുറം കോട്ടക്കുന്നിൽ നടന്ന സമഗ്ര സെമിനാറോടെയാണ് കായിക മഹോത്സവത്തിന് തുടക്കമായത്.
സെമിനാർ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി ഉദ്ഘാടനം ചെയ്തു. ലഹരിയിൽ നിന്ന് യുവതലമുറയെ കായികമേഖലയിലേക്ക് ആകർഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് യു.തിലകൻ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സർവകലാശാല കായിക വകുപ്പ് മേധാവി ഡോ.വി.പി സക്കീർ ഹുസൈൻ, മാതൃഭൂമി സ്പോർട്സ് ലേഖകൻ വിശ്വനാഥ്, ദേശീയ നീന്തൽ ഫെഡറേഷൻ ചെയർമാൻ എസ്.രാജീവ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.പി അനിൽകുമാർ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. മുൻ ജില്ലാ പോലീസ് മേധാവി യു.അബ്ദുൽ കരീം സ്വാഗതവും ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ സി.സുരേഷ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി കായിക ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും നടന്നു.
കായിക മഹോത്സവത്തിന് തുടക്കം കുറിച്ച് മലപ്പുറം നഗരത്തിൽ നടത്തിയ ഘോഷയാത്ര വർണ്ണാഭമായി. വൈകീട്ട് അഞ്ചിന് ജില്ലാ കളക്ടറുടെ വസതിക്ക് സമീപത്ത് നിന്നും ആരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി കോട്ടപ്പടി സ്റ്റേഡിയത്തിൽ സമാപിച്ചു. വിവിധ കായിക ഇനങ്ങളെ പരിചയപ്പെടുത്തുന്നതായിരുന്നു ഘോഷ യാത്ര. ബാൻഡ് മേളം, റോളർ സ്കേറ്റിങ്, ആയോധന കലാ പ്രകടനം എന്നിവ ഉണ്ടായിരുന്നു. വിവധ കായിക അസോസിയേഷൻ പ്രതിധികൾ, എൻസിസി കേഡറ്റുകൾ, സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ പങ്കെടുത്തു.