കൊല്ലം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന് വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണില്‍ കല്ലടയില്‍ നടന്ന ഒമ്പതാം മത്സരത്തില്‍ വില്ലേജ് ബോട്ട് ക്ലബ് കൈനകരി (3:35:545 മിനിറ്റ്) തുഴഞ്ഞ വീയപുരം ചുണ്ടന് ജേതാക്കളായി. സിബിഎല്‍ അഞ്ചാം സീസണിലെ ട്രിപ്പിള്‍ ഹാട്രിക് വിജയമാണ് വീയപുരം നേടിയത്.
പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന് രണ്ടാമതും (3:36:997 മിനിറ്റ്) നിരണം ചുണ്ടന് (നിരണം ബോട്ട് ക്ലബ്) മൂന്നാമതും (3:38:750 മിനിറ്റ്) ഫിനിഷ് ചെയ്തു. ആദ്യ പകുതി വരെ ആരാണ് മുന്നിലെന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധം മൂന്നു വള്ളങ്ങളും തുല്യ നിലയിലായിരുന്നു.
നെട്ടായത്തിന്റെ പകുതിയ്ക്ക് ശേഷം വീയപുരം ആദ്യ ലീഡെടുത്തു. അമ്പത് മീറ്റര്‍ പിന്നിട്ടു കഴിഞ്ഞപ്പോഴേക്കും വീയപുരം അഞ്ച് തുഴപ്പാടിനെങ്കിലും മുന്നിലായി.
അതേസമയം മേല്‍പ്പാടവും നിരണവും തുല്യ ശക്തി പുറത്തെടുത്തു. അവസാന പാദത്തില്‍ വീയപുരം അനിഷേധ്യ ലീഡോടെ ഒന്നാമത് ഫിനിഷ് ചെയ്തു.
അവസാന നൂറുമീറ്ററില്‍ നിരണത്തെ തറപറ്റിച്ച് മേല്‍പ്പാടം രണ്ടാമതെത്തുകയായിരുന്നു. നടുവിലേപറമ്പന്‍ (ഇമ്മാനുവേല്‍ ബോട്ട് ക്ലബ്) നാല്, നടുഭാഗം ചുണ്ടന് (പുന്നമട
ബോട്ട് ക്ലബ്) അഞ്ച്, കാരിച്ചാല്‍ (കാരിച്ചാല്‍ ചുണ്ടന് ബോട്ട് ക്ലബ്-കെസിബിസി) ആറ്, ചെറുതന (തെക്കേക്കര ബോട്ട് ക്ലബ്) ഏഴ്, പായിപ്പാടന് (കുമരകം ടൗണ്‍ ബോട്ട് ക്ലബ്) എട്ട്, ചമ്പക്കുളം (ചങ്ങനാശേരി ബോട്ട് ക്ലബ്) ഒമ്പത് എന്നിങ്ങനെയാണ് കല്ലടയിലെ ഫിനിഷ് നില. കൊല്ലം ജില്ലാകളക്ടര്‍ എന്‍ ദേവീദാസ് കല്ലടയിലെ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടറും സിബിഎല്‍ നോഡല്‍ ഓഫീസറുമായ അഭിലാഷ് കുമാര്‍ ടി ജി, സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ അന്‍സാര്‍ കെഎഎസ്, കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍ ഷാനവാസ് ഖാന് എ ആര്, സിബിഎല്‍ ടെക്നിക്കല്‍ കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ജില്ലാകളക്ടര്‍ വിതരണം ചെയ്തു. ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.
ഓരോ മത്സരവേദികളിലും വിജയികളാകുന്നവരില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

