ദില്ലി: ഐസിസി ചാമ്പ്യൻസ് ട്രോഫി വേദിയെ ചൊല്ലി ഇന്ത്യ-പാകിസ്ഥാൻ തർക്കം രൂക്ഷമായി തുടരുന്നു. ഇന്ന് നടക്കേണ്ടിയിരുന്ന ഐസിസിയുടെ അടിയന്തര യോഗം നാളത്തേയ്ക്ക് മാറ്റിയതായാണ് സൂചന. പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ ദുബായിൽ എത്തിയിട്ടുണ്ട്. യോഗത്തിന് മുമ്പ് സമവായത്തിനായി പിൻവാതിൽ ചർച്ചകൾ നടന്നെങ്കിലും ഫലം കണ്ടില്ല. 20 മിനിട്ടോളം നീണ്ട ചർച്ചയിൽ ഇന്ത്യയും പാകിസ്ഥാനും തീരുമാനത്തിൽ ഉറച്ചുനിന്നതോടെയാണ് യോഗം നാളത്തേയ്ക്ക് മാറ്റാൻ തീരുമാനമാനിച്ചത്.
പാകിസ്ഥാനിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. എന്നാൽ, രാഷ്ട്രീയ, സുരക്ഷാ കാരണങ്ങളാൽ പാകിസ്ഥാനിൽ കളിക്കാൻ ഇന്ത്യ തയ്യാറല്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ഈ മാസം 9ന് തന്നെ കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ തീരുമാനം വ്യക്തമാക്കിയിരുന്നു. ഇതേ നിലപാട് തന്നെയാണ് ബിസിസിഐയും സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ അല്ലെങ്കിൽ യുഎഇയിൽ നടത്തണമെന്നാണ് ബിസിസിഐ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ വർഷം പാകിസ്ഥാനിൽ നടന്ന ഏഷ്യാ കപ്പിൽ ഇന്ത്യ കളിച്ചിരുന്നില്ല. ഹൈബ്രിഡ് മാതൃകയിൽ ശ്രീലങ്കയിലാണ് ഇന്ത്യയുടെ മത്സരങ്ങൾ നടത്തിയിരുന്നത്. സമാനമായ രീതിയിൽ ചാമ്പ്യൻസ് ട്രോഫിയിലെയും ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു വേദിയിൽ നടത്തണമെന്നാണ് ബിസിസിഐയുടെ ആവശ്യം. എന്നാൽ, മറ്റ് ടീമുകൾക്കൊന്നുമില്ലാത്ത സുരക്ഷാ കാരണം ഇന്ത്യയ്ക്ക് മാത്രം എന്താണെന്നും ഇന്ത്യ പാകിസ്ഥാനിൽ കളിച്ചേ മതിയാകൂ എന്നുമാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നിലപാട്. ഇതാണ് തർക്കത്തിന് കാരണമായത്. പാകിസ്ഥാനിൽ കളിക്കില്ലെന്ന് ബിസിസിഐയും ഇന്ത്യ പാകിസ്ഥാനിൽ കളിച്ചേ തീരൂ എന്ന് പിസിബിയും നിലപാട് സ്വീകരിച്ചതോടെ ടൂർണമെന്റ് തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
READ MORE: കേരള യുവി! 6, 4, 6, 6; ഇടംകൈയുടെ പവർകാട്ടി സൽമാൻ നിസാർ- വീഡിയോ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]