.news-body p a {width: auto;float: none;}
കൊച്ചി: ഇറച്ചിക്കായി കശാപ്പ് നടത്താൻ പശുക്കിടാങ്ങളെ കുത്തിനിറച്ചുകൊണ്ടുവന്ന വാഹനം നാട്ടുകാർ തടഞ്ഞു. കണ്ണങ്കാട് പാലത്തിന് സമീപത്തായിരുന്നു സംഭവം. കഷ്ടിച്ച് മൂന്നെണ്ണത്തിന് നിൽക്കാൻമാത്രം സ്ഥലമുള്ള വാഹനത്തിലാണ് ഇരുപത്തഞ്ചോളം കിടാങ്ങളെ കുത്തിനിറച്ചിരുന്നത്. വെള്ളവും ഭക്ഷണവും കിട്ടാതെ അവശയായ ചില കിടാങ്ങൾ ചത്തിരുന്നു. ഇവയ്ക്ക് മീതേ ചവിട്ടിനിൽക്കുകയായിരുന്നു ബാക്കിയുള്ളവ.ഒരുമാസംമാത്രം പ്രായമുള്ള കിടാങ്ങളായിരുന്നു വാഹനത്തിലുണ്ടായിരുന്നതിൽ ഏറിയകൂറും എന്നാണ് റിപ്പോർട്ട്.
ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി ഭാഗങ്ങളിലേക്ക് കശാപ്പിനായി പാലക്കാട്ടുനിന്നാണ് കിടാങ്ങളെ കൊണ്ടുവന്നത്. എന്നാൽ ആവശ്യമായ രേഖകൾ ഒന്നും ഉണ്ടായിരുന്നില്ല. നിന്നുതിരിയാൻ ഇടമില്ലാത്ത വിധം കിടാങ്ങളെ കുത്തിനിറച്ചുകൊണ്ടുവരുന്ന വാഹനം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കണ്ണങ്കാട് പാലത്തിന് സമീപത്തുവച്ച് തടയുകയായിരുന്നു. വാഹനവും പശുക്കിടാങ്ങളും ഇപ്പോൾ ഹാർബർ പൊലീസിന്റെ കസ്റ്റഡിയിലാണ്. നിയമനടപടികൾ പൂർത്തിയായശേഷം കിടാങ്ങളെ ഷെൽട്ടറിലേക്ക് മാറ്റും.
നേരത്തേയും ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗംബാധിച്ചവയുൾപ്പെടെയുള്ളവയാണ് രേഖകൾ പോലുമില്ലാതെ കേരളത്തിലേക്ക് കടത്തുന്നത്. പരിശോധകരുടെ കണ്ണുവെട്ടിച്ചാണ് ഇങ്ങനെ ചെയ്യുന്നത്. ആവശ്യമായ ഭക്ഷണമോ വെള്ളമോ കിട്ടാത്തതിനാൽ ഇവയിൽ ഭൂരിഭാഗവും തീരെ അവശരായിരിക്കും. ലോറിയിൽ നിന്ന് കെട്ടുപൊട്ടി കന്നുകാലികൾ റോഡിൽ വീണ സംഭവങ്ങൾ പോലും ഉണ്ടായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]