സിഡ്നി: ശിശുസംരക്ഷണ കേന്ദ്രത്തിലെ ജോലി ചെയ്തിരുന്ന സമയത്ത് എഴുപതിലേറെ പെൺകുട്ടികളെ ബലാത്കാരം ചെയ്യുകയും ലൈംഗികമായി ദുരുപയോഗിക്കുകയും ചെയ്ത 47കാരന് ജീവപരന്ത്യം ശിക്ഷ വിധിച്ച് കോടതി. ഓസ്ട്രേലിയയിലെ കുപ്രസിദ്ധനായ ശിശുപീഡകനാണ് ബ്രിസ്ബേനിലെ ജില്ലാ കോടതി വെള്ളിയാഴ്ച ശിക്ഷ വിധിച്ചത്. ശിക്ഷാ കാലത്തിനിടയിലെ ആദ്യ 27 വർഷത്തേക്ക് പരോൾ പോലും ഇല്ലാതെ ആഷ്ലി പോൾ ഗ്രിഫിത്ത് എന്ന 47കാരൻ ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. 1-7 നും ഇടയിൽ പ്രായമുള്ള പെൺകുഞ്ഞുങ്ങളെയായിരുന്നു ഇയാൾ അതിക്രമത്തിന് ഇരയാക്കിയത്. ക്വീൻസ്ലാൻഡ് സംസ്ഥാനത്തെ ശിശു സംരക്ഷണ കേന്ദ്രങ്ങളിലും രാജ്യത്തിന് പുറത്തുമായി 2003 മുതൽ 2022 വരെയുള്ള കാലത്തായിരുന്നു ഇയാളുടെ കണ്ണില്ലാത്ത ക്രൂരത.
പിഞ്ചുകുഞ്ഞുങ്ങളെ സംരക്ഷിക്കാനുള്ള ചുമതലയിലുള്ള ഉദ്യോഗസ്ഥൻ ഗുരുതരമായ വിശ്വാസ വഞ്ചനയാണ് ചെയ്തതെന്നും ഇയാളുടെ പ്രവർത്തി ഭയാനകവും ദുഷ്ടലാക്കോടെ ആയിരുന്നെന്നുമുള്ള നിരീക്ഷണത്തോടെയാണ് കോടതിയുടെ ശിക്ഷാ വിധി. നിലവിൽ ശിക്ഷ വിധിച്ച കേസുകൾക്ക് പുറമേ ന്യൂ സൌത്ത് വെയിൽസിലും ഇറ്റലിയിലുമായി 24ഓളം പെൺകുഞ്ഞുങ്ങളേയും ഇയാൾ അതിക്രമത്തിനിരയാക്കിയിട്ടുണ്ട്. നിലവിൽ പ്രായപൂർത്തിയാകാത്ത 70ഓളം പെൺകുട്ടികളെ പീഡിപ്പിച്ചതിന് 307 കുറ്റകൃത്യങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
ശിശുക്കളെ ദുരുപയോഗം ചെയ്യുന്ന ഇയാളുടെ സ്വഭാവ വൈകല്യം ഇപ്പോഴും സമൂഹത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നതാണെന്ന ബോധ്യമുള്ളതിനാലാണ് ശിക്ഷാ കാലത്ത് ഇയാൾക്ക് പരോൾ പോലും അനുവദിക്കാത്തതെന്ന് വ്യക്തമാക്കിയാണ് കോടതി തീരുമാനം. 2022 ഓഗസ്റ്റിലാണ് ഇയാൾ അറസ്റ്റിലായത്. 1600ലേറെ ശിശുപീഡന കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. എന്നാൽ ഇതിൽ പല കേസുകളും പിന്നീട് പിൻവലിക്കുന്ന സാഹചര്യമുണ്ടായി. പിഞ്ചുകുട്ടികളെ ലൈംഗികമായി അക്രമിക്കുന്ന ആയിരക്കണക്കിന് ഫോട്ടോകളും വീഡിയോകളുമാണ് ഇയാളിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. ഇയാൾ തന്നെ ചിത്രീകരിച്ച ഇത്തരം വീഡിയോകൾ ഇയാൾ ഡാർക്ക് വെബ്ബിൽ അപ്ലോഡ് ചെയ്തതായി അന്വേഷണത്തിനിടെ പൊലീസ് കണ്ടെത്തിയിരുന്നു. മുഖങ്ങൾ മറച്ചുവച്ച നിലയിലുള്ള വീഡിയോകളും ഫോട്ടോകളുമായിരുന്നു കണ്ടെത്തിയത്. എന്നാൽ ക്വീൻസ്ലാൻഡിലെ ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ഡോർമിറ്ററികളിലും മറ്റുമായി ഉപയോഗിച്ചിരുന്ന പ്രത്യേക രീതിയിലുള്ള ബെഡ്ഷീറ്റുകളും മറ്റുമാണ് അക്രമം നടന്നത് ശിശുസംരക്ഷണ കേന്ദ്രങ്ങളിലാണെന്ന് കണ്ടെത്താൻ അന്വേഷണ സംഘത്തെ സഹായിച്ചത്.
എന്നാൽ 28 ബലാത്സംഗ കേസുകളിലും കുട്ടികൾക്കെതിരായ അക്രമത്തിനുള്ള 200 കുറ്റകൃത്യങ്ങളുമാണ് ഇയാൾ കുറ്റം സമ്മതിച്ചിട്ടുള്ളത്. ഇറ്റലിയിലെ പിസയിൽ ശിശു സംരക്ഷണ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന സമയത്തും ഇയാൾ സമാന രീതിയിലെ അതിക്രമങ്ങൾ ചെയ്തിരുന്നു. ബ്രിസ്ബേനിലെ ശിശു സംരക്ഷണ കേന്ദ്രങ്ങളിൽ അധ്യാപകന്റെ ചുമതലയടക്കം ഇയാൾ നിർവഹിച്ചിരുന്നു. ഇരകളാക്കപ്പെട്ടവരുടെ രക്ഷിതാക്കളുടെ വൈകാരിക പ്രതികരണങ്ങളോടെയാണ് കോടതി വിധി പ്രഖ്യാപനം നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]