.news-body p a {width: auto;float: none;}
ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു സംഘടനയായ ഇസ്കോണിനെ ( ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസ് ) നിരോധിക്കാനുള്ള നീക്കത്തിന് തിരിച്ചടി. ഇസ്കോണിനെ നിരോധിക്കാൻ സ്വമേധയാ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കാട്ടി ഒരു അഭിഭാഷകൻ സമർപ്പിച്ച ഹർജി ധാക്ക ഹൈക്കോടതി തള്ളി. സർക്കാർ ഉചിതമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അതിനാൽ സ്വമേധയാ ഇടപെടുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ക്രമസമാധാന നില വഷളാകാതെ നോക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.
ചിറ്റഗോങ്ങ്, രംഗ്പ്പൂർ നഗരങ്ങളിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഹിന്ദു പുരോഹിതനും ഇസ്കോൺ നേതാവുമായ ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയുടെ അറസ്റ്റിനെതിരെ ഹിന്ദുസമൂഹം പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയായിരുന്നു ഹർജി.
ഹർജിയെ പിന്തുണയ്ക്കാൻ ഇടക്കാല സർക്കാരിനെ പ്രതിനിധീകരിക്കുന്ന അറ്റോർണി ജനറൽ തയ്യാറായില്ല. സംഘർഷങ്ങളിൽ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഇസ്കോണിനെ ഉടൻ നിരോധിക്കണമെന്ന് പറയാറായിട്ടില്ലെന്നും അറ്റോർണി ജനറൽ അറിയിച്ചു. അതേ സമയം ചിന്മയ് ദാസിന് കോടതി ജാമ്യം അനുവദിച്ചില്ല.
ഹർജിയിലെ വാദങ്ങൾ
1. ഇസ്കോൺ ദേശീയ സുരക്ഷയ്ക്ക് ഭീഷണി. വർഗീയ കലാപം ഇളക്കിവിടുന്നു
2. ചിന്മയ് ദാസിന്റെ അറസ്റ്റിന് പിന്നാലെ അദ്ദേഹത്തിന്റെ അനുകൂലികളും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിനിടെ ഒരു അഭിഭാഷകൻ കൊല്ലപ്പെട്ടതിൽ ഇസ്കോണിന് ബന്ധമുണ്ടെന്നും ആരോപണം
തീരുമാനം
1. ഇസ്കോണിന്റെ സമീപകാല പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കാൻ കോടതി അറ്റോർണി ജനറലിനോട് ആവശ്യപ്പെട്ടു
2. ഹർജിയിൽ പറയും പോലുള്ള തീരുമാനങ്ങളെടുക്കുന്നതിന് മുമ്പ് ഭരണഘടനാപരമായ പ്രത്യാഘാതങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും വിഷയം സർക്കാർ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് നോക്കാമെന്നും അറ്റോർണി ജനറൽ അറിയിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചിന്മയ് ദാസിന്റെ അറസ്റ്റ് അന്യായം: ഷെയ്ഖ് ഹസീന
ധാക്ക: ഹിന്ദു പുരോഹിതനും ഇസ്കോൺ നേതാവുമായ ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയുടെ അറസ്റ്റിനെതിരെ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രംഗത്ത്. ചിന്മയ് ദാസിനെ ബംഗ്ലാദേശ് ഭരണകൂടം അന്യായമാണ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നും ഹസീന ആവശ്യപ്പെട്ടു.
ഹസീനയുടെ പ്രസ്താവന അവരുടെ അവാമി ലീഗ് പാർട്ടി ഇന്നലെ എക്സിലൂടെ പുറത്തുവിടുകയായിരുന്നു. ചിന്മയ് ദാസിന്റെ അറസ്റ്റിന് പിന്നാലെയുണ്ടായ സംഘർഷങ്ങൾക്കിടെ അഭിഭാഷകൻ കൊലപ്പെട്ടതിനെ ഹസീന അപലപിച്ചു. സംഭവം മനുഷ്യാവകാശ ലംഘനമാണ്. ഭരണഘടനാ വിരുദ്ധമായി രാജ്യത്തെ അധികാരം പിടിച്ചെടുത്തവർ എല്ലാ മേഖലകളിലും പരാജയമാണ്.
ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് ഉത്തരവാദികൾ അവരാണ്. ചിറ്റഗോങ്ങിൽ ക്ഷേത്രം ആക്രമിക്കപ്പെട്ടത് പരാമർശിച്ച ഹസീന മതസ്വാതന്ത്റ്യവും ആളുകളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വവും ഉറപ്പാക്കണമെന്നും കൂട്ടിച്ചേർത്തു. ആഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച ഹസീന നിലവിൽ ഇന്ത്യയിലാണ്.