
വിജയ് ഹസാരെ ട്രോഫിയിൽ ത്രിപുരയ്ക്കെതിരെ കേരളത്തിന് വമ്പൻ ജയം. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ത്രിപുരയെ 119 റൺസിനു തോല്പിച്ച കേരളം ഇതോടെ ഗ്രൂപ്പിൽ രണ്ടാമതെത്തി. ആദ്യം ബാറ്റ് ചെയ്ത കേരളം 231 റൺസിന് ഓൾ ഔട്ടായപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ത്രിപുര 112 റൺസിന് മുട്ടുമടക്കി. കേരളത്തിനായി ബാറ്റിംഗിൽ 58 റൺസ് നേടി മുഹമ്മദ് അസ്ഹറുദ്ദീൻ ടോപ്പ് സ്കോറർ ആയപ്പോൾ ബൗളിംഗിൽ അഖിൻ സത്താറും അഖിൽ സ്കറിയയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. (vht kerala won tripura)
നല്ല തുടക്കമാണ് അസ്ഹറും രോഹൻ കുന്നുമ്മലും ചേർന്ന് കേരളത്തിനു നൽകിയത്. 95 റൺസ് നീണ്ട ആദ്യ വിക്കറ്റ് കൂട്ടുകെട്ടിനൊടുവിൽ രോഹൻ (44) മടങ്ങി. വൈകാതെ മുഹമ്മദ് അസ്ഹറുദ്ദീനും പുറത്തായി. ക്യാപ്റ്റൻ സഞ്ജു സാംസൺ (1), സച്ചിൻ ബേബി (12), വിഷ്ണു വിനോദ് (2) എന്നീ വമ്പൻ താരങ്ങൾ വേഗം മടങ്ങിയതോടെ കേരളം 5 വിക്കറ്റ് നഷ്ടത്തിൽ 131 റൺസെന്ന നിലയിലേക്ക് കൂപ്പുകുത്തി. ആറാം വിക്കറ്റിൽ അഖിൽ സ്കറിയയും (22) ശ്രേയാസ് ഗോപാലും (38 പന്തിൽ 41) ചേർന്ന് കേരളത്തെ കരകയറ്റി. 59 റൺസ് നീണ്ട ആറാം വിക്കറ്റ് കൂട്ടുകെട്ട് ശ്രേയാസ് ഗോപാൽ പുറത്തായതോടെ പൊളിഞ്ഞു. ഏറെ വൈകാതെ അഖിൽ റണ്ണൗട്ടായി. വൈശാഖ് ചന്ദ്രനും (1) വേഗം പുറത്തായെങ്കിലും അബ്ദുൽ ബാസിത്ത് (11), ബേസിൽ തമ്പി (23) എന്നിവർ ചേർന്ന് കേരളത്തെ 200 കടത്തി.
Read Also: വിജയ് ഹസാരെ ട്രോഫി: നിരാശപ്പെടുത്തി സഞ്ജു; ഒഡീഷയ്ക്കെതിരെ കേരളത്തിനു ബാറ്റിംഗ് തകർച്ച
മറുപടി ബാറ്റിംഗിൽ ത്രിപുരയ്ക്ക് തുടരെ വിക്കറ്റ് നഷ്ടമായി. ഇന്നിംഗ്സിൻ്റെ ഒരു ഘട്ടത്തിൽ പോലും കേരളത്തിനു വെല്ലുവിളിയാവാൻ ത്രിപുരയ്ക്ക് സാധിച്ചില്ല. ആകെ മൂന്ന് താരങ്ങളാണ് രണ്ടക്കം കടന്നത്. 34 പന്തിൽ 46 റൺസ് നേടിയ രജത് ഡേ ഒറ്റയ്ക്ക് പൊരുതിയെങ്കിലും അത് മതിയാവുമായിരുന്നില്ല. താരം അവസാന വിക്കറ്റായി പുറത്തായി. കേരളത്തിനായി വൈശാഖ് ചന്ദ്രൻ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ രജത് ഡേയുടെ വിക്കറ്റ് ശ്രേയാസ് ഗോപാൽ നേടി.
Story Highlights: vht kerala won tripura
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]