
കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റി സംഭവത്തിൽ പരിക്കേറ്റ് ആസ്റ്റർ മെഡ് സിറ്റിയിൽ ചികിത്സയിൽ ആയിരുന്ന ഗീതാഞ്ജലി, ഷാബ എന്നീ വിദ്യാർത്ഥികൾ അപകടനില തരണം ചെയ്തു. കുട്ടികളെ ഐ സി യു വിൽ നിന്ന് റൂമിലേക്ക് മാറ്റി. വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയ ഡോക്ടർമാർക്കും പാരാമെഡിക്കൽ സ്റ്റാഫിനും ആശുപത്രിക്കും നന്ദി അറിയിക്കുന്നതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു.
അതേസമയം, കുസാറ്റിൽ തിക്കിലും തിരക്കിലുംപ്പെട്ട് നാല് പേർ മരിക്കാനിടയായ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. സുരക്ഷാ വീഴ്ച അടക്കം പരിശോധിച്ച് വിശദീകരണം നൽകാൻ ആലുവ റൂറൽ എസ് പിക്കും കൊച്ചി സർവകലാശാലാ രജിസ്ട്രാർക്കും മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. സർവകലാശാലയിലെ സുരക്ഷാ വീഴ്ച ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി.
കുത്താട്ടുകുളം സ്വദേശിയും കുസാറ്റിലെ സിവില്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അതുല്‍ തമ്പി, ഇലക്ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, താമരശ്ശേരി സ്വദേശി സാറാ തോമസ്, കുസാറ്റിലെ വിദ്യാര്‍ത്ഥിയല്ലാത്ത പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്ബിന് ജോസഫ് എന്നിവരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച സമിതി അംഗങ്ങൾ ദുരന്തം ഉണ്ടായ ഓഡിറ്റോറിയത്തിൽ പരിശോധന നടത്തി. തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ നിന്നുള്ള രണ്ടു പേരാണ് ഓഡിറ്റോറിയത്തിൽ സാങ്കേതിക പരിശോധന നടത്തിയത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കുസാറ്റ് സിൻഡിക്കറ്റ് യോഗവും ചേർന്നിരുന്നു.
Last Updated Nov 29, 2023, 1:30 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]