
ഗുവാഹത്തി – ലോകകപ്പ് ഫൈനലിലെ ഹീറോ ട്രാവിസ് ഹെഡും ലോകകപ്പിലെ ഫാസ്റ്റസ്റ്റ് സെഞ്ചൂറിയന്‍ ഗ്ലെന്‍ മാക്സ്വെലും ഒത്തുപിടിച്ചതോടെ ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്തി ഓസ്ട്രേലിയ. പതിനാലാം ഓവറില്‍ 134 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടതോടെ ഓസീസിന് പ്രതീക്ഷ നഷ്ടപ്പെട്ടതായിരുന്നു. എന്നാല്‍ ഇരുപതാം ഓവറില്‍ സിക്സറും ഇരട്ട ബൗണ്ടറിയുമായി അഞ്ചാമത്തെ പന്തില്‍ മാക്സ്വെല് സെഞ്ചുറി തികക്കുകയും അവസാന പന്തില്‍ ബൗണ്ടറിയോടെ ടീമിന് വിജയം സമ്മാനിക്കുകയും ചെയ്തു. ഓസ്ട്രേലിയക്കാരന്റെ വേഗമേറിയ ട്വന്റി20 സെഞ്ചുറിയാണ് ഇത്. നേരത്തെ അവസാന ഓവറുകളില്‍ കത്തിപ്പടര്‍ന്ന വൈസ് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന്റെ സെഞ്ചുറിയാണ് ഇന്ത്യയെ 200 കടത്തിയത്. പരമ്പരയില്‍ ഇന്ത്യയുടെ ലീഡ് 2-1 ആയി കുറഞ്ഞു. മാക്സ്വെലും ക്യാപ്റ്റന്‍ മാത്യു വെയ്ഡും (16 പന്തില്‍ 28 നോട്ടൗട്ട്) 40 പന്തില്‍ 91 റണ്‍സടിച്ചു. സ്കോര്‍: ഇന്ത്യ മൂന്നിന് 222, ഓസ്ട്രേലിയ അഞ്ചിന് 225.
ഓപണര്‍മാരെ എളുപ്പം നഷ്ടപ്പട്ടതോടെ തുടക്കത്തില്‍ സൂക്ഷിച്ചു കളിച്ച ഋതുരാജ് 21 പന്തില്‍ 21 റണ്‍സ് മാത്രമേ സ്കോര്‍ ചെയ്തിരുന്നുള്ളൂ. തുടര്‍ന്നുള്ള 37 പന്തില്‍ 103 റണ്‍സ് പറത്തി. അഞ്ചാമത്തെ സിക്സറോടെ 52 പന്തില്‍ സെഞ്ചുറി പിന്നിട്ട ഓപണര്‍ തുടര്‍ന്നുള്ള അഞ്ച് പന്തില്‍ 21 റണ്‍സടിച്ചു (57 പന്തില്‍ 123 നോട്ടൗട്ട്, 6-7, 4-13). ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമൊത്ത് (29 പന്തില്‍ 39) മൂന്നാം വിക്കറ്റില്‍ 57 റണ്‍സ് ചേര്‍ത്ത് ടീമിനെ കരകയറ്റിയ ഋതുരാജ് അഭേദ്യമായ നാലാം വിക്കറ്റില്‍ തിലക് വര്‍മക്കൊപ്പം (24 പന്തില്‍ 31 നോട്ടൗട്ട്) 141 റണ്‍സടിച്ചു. ഈ കൂട്ടുകെട്ട് സെഞ്ചുറി പിന്നിടുമ്പോള്‍ 21 റണ്‍സ് മാത്രമായിരുന്നു തിലകിന്റെ സംഭാവന.
ഹെഡ് (18 പന്തില്‍ 35) തകര്‍ത്തടിച്ചതോടെ ഓസ്ട്രേലിയ അതിവേഗം മറുപടി തുടങ്ങി. അഞ്ചോവറില്‍ 50 പിന്നിട്ടു. എന്നാല്‍ പിന്നീട് അവര്‍ക്ക് വഴി തെറ്റി. എന്നാല്‍ മാക്സ്വെല് ഒരിക്കല്‍കൂടി ഇന്ത്യയില്‍ ചരിത്രമെഴുതി. പ്രസിദ്ധ് കൃഷ്ണ നാലോവറില്‍ 68 റണ്‍സ് വഴങ്ങി.
ഇരട്ട പ്രഹരം
ഓപണര്‍ യശസ്വി ജയ്സ്വാളും (6) ഇശാന് കിഷനും (0) തുടക്കത്തിലെ പുറത്തായതോടെ ഇന്ത്യ പരുങ്ങിയതായിരുന്നു. പത്തോവറില്‍ രണ്ടിന് 74 റണ്‍സായിരുന്നു സ്കോര്‍. എന്നാല്‍ തുടര്‍ന്നങ്ങോട്ട് ഋതുരാജ് കൊടുങ്കാറ്റായി. ആരണ് ഹാര്‍ഡി എറിഞ്ഞ പതിനെട്ടാം ഓവറില്‍ 25 റണ്‍സ് വാരിയ ഓപണര്‍ അവസാന മൂന്ന് പന്തുകള്‍ ഇരട്ട സിക്സറിനും ബൗണ്ടറിക്കും പായിച്ചാണ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്.
ഒമ്പതോവര്‍ പിന്നിടുമ്പോള്‍ 21 പന്തില്‍ 21 റണ്‍സായിരുന്നു ഋതുരാജിന്റെ സ്കോര്‍. അവസാന 37 പന്തില്‍ നേടിയത് 102 റണ്‍സായിരുന്നു. മാക്സ്വെലിനെ സിക്സറിനുയര്‍ത്തി അവസാന ഓവറില്‍ സെഞ്ചുറി തികച്ച ഋതുരാജ് ആ ഓവറില്‍ 30 റണ്‍സ് വാരി.
ഓസീസിന് ടോസ്
തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും ടോസ് നേടിയ ശേഷമാണ് ഓസീസ് തോറ്റത്. മൂന്ന് വൈഡുകള്‍ കണ്ട ആദ്യ ഓവറില്‍ ഇന്ത്യ 14 റണ്‍സെടുത്തിരുന്നു. എന്നാല്‍ ബൗണ്ടറിയോടെ തുടങ്ങിയ യശസ്വി ജയ്സ്വാളിനെ (6) രണ്ടാം ഓവറില്‍ നഷ്ടപ്പെട്ടു. ജെയ്സന് ബെഹറന്‍ഡോഫിനാണ് വിക്കറ്റ്. പകരം വന്ന ഇശാന് കിഷനെ അക്കൗണ്ട് തുറക്കും മുമ്പെ ജയ് റിച്ചാഡ്സന്‍ മടക്കി. ക്യാപ്റ്റന്‍ സൂര്യകുമാറിനെ ഹാര്‍ഡി പുറത്താക്കി. ഒരു വശത്ത് ബെഹറന്‍ഡോഫ് ഉജ്വലമായി പന്തെറിഞ്ഞെങ്കിലും (4-1-12-1) മറുവശത്ത് റണ്ണൊഴുകി. ഹാര്‍ഡി നാലോവറില്‍ 64 റണ്‍സ് വഴങ്ങി.
ആദ്യ രണ്ടു കളികളിലും മികച്ച പ്രകടനം കാഴ്ചവെച്ച പെയ്സ്ബൗളര്‍ മുകേഷ്കുമാര്‍ വിവാഹാവധിയായതിനാല് പകരം അവേഷ് ഖാനെ ഉള്‍പെടുത്തി. ഓസ്ട്രേലിയ ലോകകപ്പ് ഫൈനലിലെ ഹീറോ ട്രാവിസ് ഹെഡിനെ ആദ്യമായി കളിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
