ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത മോൻത അതിതീവ്ര ചുഴലിക്കാറ്റായി മാറി ആന്ധ്രാ തീരം കടന്നു. ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി ആന്ധ്ര തീരത്ത് മഴ കനത്തു.
കക്കിനാട തുറമുഖത്ത് അതീവ ജാഗ്രതാ സന്ദേശം പുറപ്പെടുവിച്ചു.
അതീവ ജാഗ്രതയിലാണ് ആന്ധ്ര, ഒഡിഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾ. സമീപ സംസ്ഥാനമായ ഒഡീഷയിലും ചുഴലിക്കാറ്റിൻ്റെ ആഘാതം അനുഭവപ്പെട്ടു.
അവിടെ 15 ജില്ലകളിലെ സാധാരണ ജനജീവിതം തടസ്സപ്പെട്ടു. ചുഴലിക്കാറ്റിൻ്റെ പ്രഭാവം മൂലം കോനസീമ ജില്ലയിൽ മരം വീണ് വീടിന് നാശനഷ്ടം സംഭവിച്ചതിനെ തുടർന്ന് ഒരു വയോധിക മരിച്ചു.
ഈ ജില്ലയിൽ തന്നെ ശക്തമായ കാറ്റിൽ തെങ്ങുകൾ കടപുഴകി വീണ് മറ്റൊരു സംഭവത്തിൽ ഒരു ആൺകുട്ടിക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. മോൻത കര തൊടുമ്പോഴേക്കും 90 മുതൽ 100 കിലോമീറ്റർ വരെ വേഗം കൈവരിച്ചു.
കരയിൽ പ്രവേശിച്ച ശേഷം മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത ആർജിക്കും. വലിയ തോതിലുള്ള നാശനഷ്ടം മോൻത ആന്ധ്രാ തീരത്ത് വിതച്ചേക്കുമെന്നാണ് ആശങ്ക.
കാറ്റ് കരയ്ക്കെത്തുന്നതിന് മുന്നോടിയായി തീരദേശ ജില്ലകളിൽ മഴ ശക്തമായിട്ടുണ്ട്. 16 ജില്ലകളിൽ നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരമാലകൾ നാലേമുക്കാൽ അടി വരെ ഉയരത്തിൽ വീശി അടിക്കും. കടൽ പ്രക്ഷുബ്ധമായതോടെ തീരദേശ മേഖലകളിൽ ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കുകയാണ്.
ദുരിതാശ്വാസ ക്യാന്പുകളും സജ്ജമാക്കിയിട്ടുണ്ട്. അവശ്യവസ്തുക്കൾ ശേഖരിച്ച് വയ്ക്കാൻ നിർദേശം നൽകി.
വിശാഖപട്ടണത്തും വിജയവാഡയിലും എയർ ഇന്ത്യയും ഇൻഡിഗോയും വിമാന സർവീസുകൾ നിർത്തി. വിശാഖപട്ടണം വഴിയുള്ള ട്രെയിൻ സർവീസുകൾ റെയിൽവേയും റദ്ദാക്കി.
വാർ റൂം തുറക്കാൻ റെയിൽവേ നിർദേശം നൽകി. ഓരോ മണിക്കൂറിലും സ്ഥിതിഗതികൾ വിലയിരുത്തുകയാണ് ആന്ധ്ര സർക്കാർ.
പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ ഫോണിൽ വിളിച്ച് പിന്തുണ വാഗ്ദാനം ചെയ്തു.
ഒഡിഷ, വെസ്റ്റ് ബംഗാൾ സംസ്ഥാനങ്ങളും ജാഗ്രതയിലാണ്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തമിഴ്നാട്ടിൽ ചെന്നൈയിൽ ഉൾപ്പെടെ മഴ ശക്തമായിട്ടുണ്ട്.
മോൻതാ ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുന്നു, കേരളത്തിൽ യെല്ലോ അലർട്ട് തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്.
നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയ്ക്കാണ് സാധ്യത.
കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. മോൻതാ ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുന്നത് അനുസരിച്ച് കേരളത്തിൽ മഴയുടെ ശക്തിയിൽ കുറവുണ്ടാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

