
കൊല്ലം: കൊല്ലത്ത് ഭർതൃമാതാവിനെ പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസില് മരുമകൾക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ. കൊല്ലം പുത്തൂർ പൊങ്ങൻപാറയിൽ രമണിയമ്മയെ കൊന്ന കേസിൽ മരുമകൾ ഗിരിത കുമാരിയെയാണ് കോടതി ശിക്ഷിച്ചത്. 2019 ഡിസംബറിലായിരുന്നു കൊലപാതകം. കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പി എൻ വിനോദാണ് ഉത്തരവിട്ടത്.
രമണിയമ്മയ്ക്ക് മൂന്ന് ആൺമക്കളാണ് ഉണ്ടായിരുന്നത്. ഇളയ മകനായ വിമൽ കുമാറിൻ്റെ ഭാര്യയാണ് പ്രതി ഗിരിത കുമാരി. 2019 ഡിസംബർ മാസം 11-ാം തീയതി ഉച്ചയ്ക്ക് 1.30 മണിക്ക് വീട്ടിൽ മറ്റാരുമില്ലിതിരുന്ന സമയത്ത് ഉറങ്ങി കിടന്ന രമണിയമ്മയെ മുറ്റത്ത് കിടന്ന പാറക്കല്ല് ബിഗ്ഷോപ്പറിലാക്കി കൊണ്ടു വന്ന് തലയ്ക്കും മുഖത്തും ഇടിക്കുകയും നിലവിളികേട്ട് ഓടി വന്ന രമണിഅമ്മയുടെ ഭർത്താവ് ചന്ദ്രശേഖരപിള്ളയും മറ്റുള്ളവരും ചേർന്ന് അടുക്കള വാതിൽ ചവിട്ടി തുറന്ന് പ്രവേശിച്ചപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന രമണിയമ്മയെയും പ്രതിയേയും മുറിയിൽ കാണുകയായിരുന്നു. ബോധരഹിതയായ രമണിയമ്മയെ പെട്ടെന്ന് തന്നെ ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മരണം നടക്കുകയാണ് ഉണ്ടായത്.
ഒന്നാം സാക്ഷിയായ ചന്ദ്രശേഖരപിള്ള വിചാരണ തുടങ്ങും മുൻപ് മരിച്ചു പോയിരുന്നു. അടുത്ത ബന്ധുക്കൾ സാക്ഷിയായ കേസിൽ പ്രതിയുടെ ഭർത്താവ് വിമൽ കുമാർ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. കൊലപാതകത്തിന് ശേഷം വിമൽകുമാർ, പ്രതിയായ ഭാര്യയിൽ നിന്ന് കുടുംബകോടതിയിൽ കൊടുത്ത വിവാഹമോചനം നേടുന്നതിനുവേണ്ടി ഹർജികളിൽ കേസിലെ പ്രതിക്ക് രഞ്ജിത്തുമായി അവിഹിതബന്ധമുള്ളതായി ആരോപിച്ചത് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. നിർണ്ണായകമായ സാഹചര്യതെളിവുകളും, നിലവിളികേട്ട് ഓടിയെത്തിയ സാക്ഷികളുടെ മൊഴിയും പരിഗണിച്ചാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. പുത്തൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ. എസ്, ശൈലേഷ് കുമാർ, എസ് ഐ രതീഷ്കുമാർ എന്നിവർ അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ.ജി മുണ്ടയ്ക്കൽ ഹാജരായി. പ്രോസിക്യൂഷൻ സഹായി WCPO ദീപ്തി ആയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]