
ഇടുക്കി: ആശുപത്രിയിൽ ബഹളം വെച്ചത് അറിഞ്ഞെത്തിയ പൊലീസുകാരെ മർദ്ദിച്ച കേസിൽ നാല് യുവാക്കൾ പിടിയിൽ. ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചു വീണ യുവാവിനെ ചികിത്സിപ്പിക്കാൻ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിയതായിരുന്നു ഇവർ. തൊടുപുഴ പഞ്ചവടിപ്പാലം പാറയിൽ വീട്ടിൽ അഭിജിത്ത് (24), വാഴക്കുളം ആവോലി ചെമ്പിക്കര വീട്ടിൽ അമൽ (19), പാലക്കുഴ മാറിക പുത്തൻപുരയിൽ അഭിജിത്ത് (24), സഹോദരൻ അജിത്ത് (19) എന്നിവരാണ് പിടിയിലാണ്. തൊടുപുഴ പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ഷാജിത്തിന് മുഖത്തും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. സി.പി.ഒ. ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ – ഞായറാഴ്ച വൈകീട്ട് തൊടുപുഴ ജില്ലാ ആശുപത്രിയിലാണ് സംഭവം. ഓട്ടോയിൽ നിന്ന് തെറിച്ച് വീണ അമലുമായാണ് യുവാക്കൾ ആശുപത്രിയിലെത്തിയത്. മദ്യലഹരിയിലായിരുന്ന ഇവർ ഡോക്ടറുമാരും ജീവനക്കാരുമായി വഴക്കുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തു. എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ബഹളം കേട്ടെത്തി. ഉദ്യോഗസ്ഥനോടും ഇവർ മോശമായി പെരുമാറി. തുടർന്ന് കൺട്രോൾ റൂമിൽ നിന്ന് പൊലീസുകാർ എത്തിയപ്പോൾ യുവാക്കൾ അക്രമാസക്തരാകുകയായിരുന്നു. കൂടുതൽ പൊലീസ് എത്തിയാണ് ഇവരെ കീഴ്പ്പെടുത്തിയത്. ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്തിയതിനും പൊലീസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തതിനും ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]