
അറേബ്യൻ ഉപദ്വീപിലെ പുരാതന സാംസ്കാരിക, നാഗരികതകളുടെ വേരുകളും ശേഷിപ്പുകളും തേടുന്ന പുതിയ പര്യവേക്ഷണ ദൗത്യത്തിന് സൗദി അറേബ്യ തുടക്കം കുറിച്ചിരിക്കുകയാണ്. നിരവധി കണ്ടെത്തലുകളും ഐതിഹ്യങ്ങളും ഉൾപ്പെട്ട പര്യവേക്ഷണ ഫലങ്ങളുടെ ശാസ്ത്രീയ ഉള്ളടക്കം പുനരാവിഷ്കരിക്കാനും രേഖപ്പെടുത്താനും മധ്യ-ദക്ഷിണ സൗദിയിലെ ആദ്യത്തെ പുരാവസ്തു ദൗത്യത്തിന്റെ ചുവടു പിടിച്ചാണ് അതുല്യമായ പര്യവേക്ഷണ യാത്രക്ക് സൗദി ഹെറിറ്റേജ് കമ്മീഷൻ തുടക്കം കുറിച്ചിരിക്കുന്നത്.
ആയിരക്കണക്കിന് വർഷങ്ങളായി അറേബ്യൻ ഉപദ്വീപിലെ ജനവാസ ചരിത്രത്തിന്റെ ഏടുകൾ ആദ്യ പുരാവസ്തു പര്യവേക്ഷണ ദൗത്യം അനാവരണം ചെയ്തിരുന്നു. സൗദിയിലെ പുരാതന ലിഖിതങ്ങളുടെയും രചനകളുടെയും തലങ്ങൾ രേഖപ്പെടുത്തുന്നതിൽ പുരാവസ്തു ദൗത്യത്തിനുള്ള മൂല്യത്തെയും വൈജ്ഞാനിക സ്വാധീനത്തെയും കുറിച്ച് അവബോധം ഉൾക്കൊണ്ട് ആധുനിക സൗദി അറേബ്യയുടെ ശിൽപി അബ്ദുൽ അസീസ് രാജാവിന്റെ പിന്തുണ ലഭിച്ച ആദ്യ പുരാവസ്തു ദൗത്യം നടന്ന് 74 വർഷത്തിനു ശേഷമാണ് പുതിയ ശാസ്ത്രീയ ഉദ്യമത്തിന് രാജ്യം തുടക്കം കുറിച്ചിരിക്കുന്നത്. സൗദി അറേബ്യയുടെ ചരിത്രത്തിന്റെയും, പൈതൃകങ്ങളാലും പുരാവസ്തുക്കളാലും സമ്പന്നമായ പ്രദേശങ്ങളുടെയും ശാസ്ത്രീയമായ പുനരാവിഷ്കാരമാണ് പുതിയ ദൗത്യത്തിന്റെ ലക്ഷ്യം.
അബ്ദുൽ അസീസ് രാജാവിന്റെ കാലത്ത് സൗദിയിൽ നടന്ന ആദ്യത്തെ പുരാവസ്തു പര്യവേക്ഷണമെന്നോണം ബെൽജിയം പുരാവസ്തു സംഘം നിർവഹിച്ച വലിയ ദൗത്യം കണക്കിലെടുത്താണ് സൗദി ഹെറിറ്റേജ് കമ്മീഷൻ പുതിയ ദൗത്യം ആരംഭിച്ചത്. കിംഗ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഫോർ റിസേർച്ച് ആന്റ് ആർക്കൈവ്സുമായും ബെൽജിയത്തിലെ ലൂവെയ്ൻ, ല്യൂവൻ സർവകലാശാലകളുമായുമുള്ള സഹകരണത്തോടെയാണ് ഗവേഷണം. ലൂവെയ്ൻ സർവകലാശാലയിൽ നിന്നുള്ള ഒരുകൂട്ടം ബെൽജിയം ഗവേഷകരാണ് ആദ്യ പുരാവസ്തു പര്യവേക്ഷണ ദൗത്യം നടത്തിയത്. ലൂവെയ്ൻ യൂനിവേഴ്സിറ്റിയിലെ സെമിറ്റിക് ഭാഷാ പ്രൊഫസർ കുൻസാക്ക് റിക്മെൻസ്, പുരാവസ്തുക്കളിലും ലിഖിതങ്ങളിലും ഡ്രോയിംഗുകളിലും വിദഗ്ധനായ ഫിലിപ്പ് ലെബ്നിസ്, താരതമ്യ ഭാഷാശാസ്ത്രം, പുരാതന ഗ്രന്ഥ ശാസ്ത്രം, ഹിംയറൈറ്റ്, സേബയൻ ചരിത്രം എന്നിവയിൽ വിദഗ്ധനായ ജാക്ക് റിക്മെൻസ് എന്നിവർ അടങ്ങിയ സംഘത്തിന് അബ്ദുല്ല ഫിലിപ്പിയാണ് നേതൃത്വം നൽകിയത്. 1951-1952 വർഷങ്ങളിൽ നാലു മാസം ദൗത്യ സംഘത്തിന്റെ പ്രവർത്തനം നീണ്ടുനിന്നു.
സൗദിയിൽ പൈതൃക മേഖല അസാധാരണവും അഭൂതപൂർവവുമായ അഭിവൃദ്ധിക്ക് സാക്ഷ്യം വഹിച്ചുവരികയാണ്. രാജ്യത്തെ ആദ്യത്തെ പുരാവസ്തു പര്യവേക്ഷണ ദൗത്യം മുതൽ ബന്ധപ്പെട്ട സൗദി സ്ഥാപനങ്ങൾ പൈതൃകം സംരക്ഷിക്കാൻ വലിയ ശ്രമങ്ങൾ നടത്തി. ആദ്യ പുരാവസ്തു പര്യവേക്ഷണ ദൗത്യത്തിന് അനുമതി നൽകിയ അബ്ദുൽ അസീസ് രാജാവ് ഇതിന് ആവശ്യമായ പിന്തുണയും നൽകുകയും മുഴുവൻ ചെലവും വഹിക്കുകയും ചെയ്തു. ദൗത്യ സംഘത്തിന്റെ ഭക്ഷണ, യാത്രാ ചെലവുകളും മറ്റു ചെലവുകളും അബ്ദുൽ അസീസ് രാജാവ് സ്വന്തം പോക്കറ്റിൽ നിന്ന് നൽകി. ദൗത്യ സംഘത്തിന്റെ ചുമതലകളും പ്രവർത്തനവും സുഗമമാക്കാൻ പ്രവിശ്യാ ഗവർണർമാർക്ക് അബ്ദുൽ അസീസ് രാജാവ് നിർദേശവും നൽകി.
അറുപതുകളുടെ മധ്യത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിൽ പുരാവസ്തു, മ്യൂസിയം കാര്യങ്ങൾക്ക് പ്രത്യേകമായി ഒരു വകുപ്പ് സ്ഥാപിക്കാൻ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. നിരവധി സംഭവവികാസങ്ങൾ പിന്നിട്ട് 1972 ൽ സുപ്രീം കൗൺസിൽ ഓഫ് ആന്റിക്വിറ്റീസ് സ്ഥാപിച്ചു. 2008 ൽ പുരാവസ്തു മേഖലയുടെ ചുമതല സുപ്രീം ടൂറിസം അതോറിറ്റിയിലേക്ക് മാറ്റി. പുരാവസ്തു മേഖല വലിയ വികസനങ്ങൾക്ക് പിന്നീട് സാക്ഷ്യം വഹിച്ചു. 2020 ൽ പുരാവസ്തു മേഖലയുടെ പൂർണ ചുമതല സാംസ്കാരിക മന്ത്രാലയത്തിലേക്ക് മാറ്റി. പുരാവസ്തു മേഖലയിൽ പുതിയ ചൈതന്യം പകരുന്ന ദേശീയ സാംസ്കാരിക തന്ത്രം പാലിക്കാൻ സാംസ്കാരിക മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്.
റിക്മെൻസിന്റെ കാൽപാടുകളിലൂടെ എന്ന ശീർഷകത്തിലുള്ള അതുല്യമായ പുരാവസ്തു പര്യവേക്ഷണ പദ്ധതിയിലൂടെ സൗദി അറേബ്യയുടെ പടിഞ്ഞാറ്, തെക്ക്, മധ്യ മേഖലകളിലായി 5,400 കിലോമീറ്ററിലധികം വരുന്ന പ്രദേശം സൗദി, ബെൽജിയം സംഘം തങ്ങളുടെ ദൗത്യത്തിൽ ഉൾപ്പെടുത്തുന്നു. ആദ്യത്തെ പുരാവസ്തു പര്യവേക്ഷണത്തിന്റെ ഭാഗമായ ശാസ്ത്രീയ സർവേകൾ നടന്ന പ്രദേശമാണിത്. ചരിത്രപരമായി, നിരവധി ചരിത്ര ഇതിഹാസങ്ങളുടെയും മനുഷ്യന്റെ പുരാതന ജീവിത കാലത്തിന്റെയും വേദിയായിരുന്നു ഈ പ്രദേശം. പുരാവസ്തുക്കൾ, ലിഖിതങ്ങൾ എന്നിവയെ കുറിച്ച ഗവേഷണം, അവ ചിത്രീകരിക്കൽ, അംഗങ്ങളുടെ ദൈനംദിന കുറിപ്പുകൾ റെക്കോർഡു ചെയ്യൽ എന്നിവ ഉൾപ്പെടെയുള്ള യാത്രാ വിവരണം പദ്ധതി രേഖപ്പെടുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജിദ്ദ നഗരത്തിൽനിന്ന് ആരംഭിച്ച് ഒരുകൂട്ടം നഗരങ്ങൾ കടന്ന് തലസ്ഥാനമായ റിയാദിൽ എത്തുന്ന പര്യവേക്ഷണ ദൗത്യത്തിന്റെ പാത രേഖപ്പെടുത്താൻ ശാസ്ത്ര ഗവേഷണം, പുരാവസ്തുശാസ്ത്രം, പുരാതന ചരിത്രം എന്നീ മേഖലകളിലെ നിരവധി വിദഗ്ധർ പങ്കെടുക്കുന്നു. ഏറ്റവും പുതിയ ശേഷികളും ഉപകരണങ്ങളും സാങ്കേതികവിദ്യകളും ലോജിസ്റ്റിക്കൽ പിന്തുണയും ദൗത്യം വിജയകരമാക്കാൻ സംഘം ഉപയോഗിക്കുന്നു. ദൗത്യത്തിന്റെ ദൈനംദിന ഡയറികളുമായി ബന്ധപ്പെട്ട രേഖകളും മറ്റും വ്യാപകമായി പ്രസിദ്ധീകരിക്കുന്നതിനു മുന്നോടിയായി കൈയക്ഷരത്തിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറ്റാനും ഫ്രഞ്ചിൽ നിന്ന് അറബിയിലേക്കും ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്യാനും പദ്ധതിയുണ്ട്. ആധുനിക പര്യവേക്ഷണ ദൗത്യത്തിന്റെ വികാസത്തെയും പഴയ റിക്മെൻസ് ദൗത്യവമായി അതിനെ ബന്ധിപ്പിച്ചും ഡോക്യുമെന്ററി ഫിലിമും ദൗത്യത്തെ കുറിച്ചും അതിന്റെ പ്രധാനപ്പെട്ട ഫലങ്ങളെ കുറിച്ചും അറബി, ഫ്രഞ്ച്, ഇംഗ്ലീഷ്, ഡെച്ച് ഭാഷകളിൽ ഒരു സ്മരണിക പുസ്തകവും പുറത്തിറക്കും. സൗദിയിലെ പുരാതന ലിഖിതങ്ങളും രചനകളും രേഖപ്പെടുത്തുന്നതിലുള്ള താൽപര്യം വർധിപ്പിക്കാനും പൈതൃകത്തെ പരിപാലിക്കാനും സംരക്ഷിക്കാനും ദേശീയ പൈതൃകത്തെ കുറിച്ച അവബോധം വർധിപ്പിക്കാനും സമൂഹത്തെ പ്രേരിപ്പിക്കാൻ പദ്ധതി ശ്രമിക്കുന്നു. പുരാവസ്തു കേന്ദ്രങ്ങളിലെ നശീകരണ പ്രവർത്തനങ്ങൾ ചെറുക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താനും ഏഴു പതിറ്റാണ്ടുകളായി സൗദി അറേബ്യയിൽ ഉണ്ടായ സാമൂഹികവും സാംസ്കാരികവും പാരിസ്ഥിതികവുമായ മാറ്റങ്ങൾ വിശദീകരിക്കാനും പര്യവേക്ഷണ പദ്ധതി ലക്ഷ്യം വെക്കുന്നു.