
തിരുവനന്തപുരം: പൊന്മുടിയിലെ ട്രാക്കിൽ നിന്ന് ചൈനീസ് താരങ്ങൾ പാരീസിലെ ഒളിമ്പിക്സ് ട്രാക്കിലേക്ക് യോഗ്യത നേടുന്ന കാഴ്ചയോടെയാണ് ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം ദിവസം അവസാനിച്ചത്. 2024ലെ പാരീസ് ഒളിമ്പിക്സിലേക്കുള്ള യോഗ്യത മത്സരമായ എലൈറ്റ് ക്രോസ് കൺട്രി ഒളിമ്പിക്കായിരുന്നു മൂന്നാം ദിവസത്തെ ഗ്ലാമർ ഇനം.മത്സരത്തിന്റെ പുരുഷ, വനിതാ വിഭാഗങ്ങളിൽ ചൈനയുടെ ആധിപത്യമായിരുന്നു.വനിതാ വിഭാഗത്തിൽ ആദ്യ അഞ്ചു സ്ഥാനങ്ങളും പുരുഷ വിഭാഗത്തിൽ ആദ്യ നാലു സ്ഥാനങ്ങളും ചൈന സ്വന്തമാക്കി.
എലൈറ്റ് വനിതകളിൽ സ്വർണം കരസ്ഥമാക്കി ചൈനയുടെ ലി ഹോങ്ഫെങ്ങും പുരുഷൻ വിഭാഗത്തിൽ സ്വർണം കരസ്ഥമാക്കി ലിയൂ ക്സിയൻജിങ്ങും പാരീസ് ഒളിമ്പിക്സിലേക്ക് യോഗ്യതനേടി. വനിതകളിൽ മാ ഷ്യക്സിയ വെള്ളിയും വു സിഫൻ വെങ്കലവും നേടി. ചൈനയിലെ ഹാങ്ങ്ഷുവിൽ നടന്ന ഏഷ്യൻ ഗെയിംസിലെ സ്വർണം, വെള്ളി മെഡൽ ജേതാക്കളാണ് ലി ഹോങ്ഫെങ്ങും മാ ഷ്യക്സിയയും. പുരുഷ വിഭാഗത്തിൽ യുൻ ജെൻവെയ് വെള്ളിയും മി ജിയുജിയങ് വെങ്കലവും നേടി. ഹാങ്ങ്ഷൂ ഏഷ്യൻ ഗെയിംസിൽ മി ജിയുജിയങ് സ്വർണവും യുൻ ജെൻവെയ് വെള്ളിയും നേടിയിരുന്നു.
ജൂനിയർ, അണ്ടർ 23 വിഭാഗങ്ങളിലായി പുരുഷൻ, വനിത ക്രോസ് കൺട്രി ഒളിമ്പിക് ഫൈനലുകളും ഇന്നലെ നടന്നു. ജൂനിയർ പുരുഷന്മാരിൽ സ്വർണവും വെങ്കലവും ജപ്പാൻ കരസ്ഥമാക്കിയപ്പോൾ ഫിലിപ്പൈൻസ് വെള്ളിനേടി. ജൂനിയർ വനിതകളിൽ ജപ്പാൻ സ്വർണവും വിയറ്റ്നാം വെള്ളിയും ഇറാൻ വെങ്കലവും നേടി. അണ്ടർ 23 പുരുഷ വിഭാഗത്തിൽ കസാക്കിസ്ഥാൻ സ്വർണവും ചൈന വെള്ളിയും ജപ്പാൻ വെങ്കലവും നേടി. അണ്ടർ 23 വനിതകളിൽ സ്വർണവും വെള്ളിയും ചൈനക്കാണ് ഇൻഡോനേഷ്യ വെങ്കലം നേടി.
Last Updated Oct 28, 2023, 9:19 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]