
ഭൂമിക്ക് ചൂടു പിടിക്കുകയാണെന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്നേ ഭൗമശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍, അത്തരം മുന്നറിയിപ്പുകളെല്ലാം ലോകരാഷ്ട്രങ്ങളും വലിയ വ്യവസായ ശാലകളും അവഗണിച്ചു. ഒടുവില്‍ പതുക്കെ പതുക്കെ ചൂട് പിടിച്ച് തുടങ്ങിയ ഭൂമി, ഇന്ന് അതിന്റെ പ്രത്യാഘാതങ്ങള്‍ കാണിച്ച് തുടങ്ങി. ഓസോണ്‍ പാളിയിലെ ദ്വാരത്തില്‍ കണ്ടെത്തിയ അസാമാന്യമായ വലിപ്പവും വന്‍കരകളില്‍ നിന്ന് വന്കരകളിലേക്ക് വീശിയടിക്കുന്ന ഉഷ്ണതരംഗങ്ങളും ഭൂമിയിലെങ്ങും മഴയുടെ രീതിയിലുണ്ടായ വ്യത്യാസങ്ങളും ഇതിന്റെ പ്രത്യക്ഷ സൂചനകളാണ്. ഏറ്റവും ഒടുവിലായി യുണൈറ്റഡ് സ്റ്റേറ്റ്സിലെ ലോസ് ഏഞ്ചൽസിലെ ലഗുണ ബീച്ചിൽ കരയ്ക്കടിഞ്ഞ പസഫിക് ഫുട്ബോൾ മത്സ്യങ്ങളും ( Pacific football fish) കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമാണെന്ന് സമുദ്രശാസ്ത്രജ്ഞരും പങ്കുവയ്ക്കുന്നു.
കറുത്ത നിറത്തിൽ വെൽവെറ്റ് പൊതിഞ്ഞത് പോലത്തെ ശരീരവും ചില്ലു കഷ്ണങ്ങൾ പോലെയുള്ള റേസർ-മൂർച്ചയുള്ള പല്ലുകളുമുള്ള ആഴക്കടൽ മത്സ്യമാണ് പസഫിക് ഫുട്ബോൾ മത്സ്യങ്ങള്‍. സമുദ്രത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന വിചിത്രമായ ശരീരമുള്ള ഈ മത്സ്യം കരയിലേക്ക് അടിച്ച് കയറിയത് കടലിന്റെ അടിത്തട്ടിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ശ്രമഫലമായാണെന്ന് കരുതുന്നു. castateparks എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് ഈ മത്സ്യം തീരത്ത് അടിഞ്ഞതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്. പിന്നാലെ നിരവധി ആളുകള്‍ കാലാവസ്ഥാ വ്യതിയാനത്തില്‍ ആശങ്ക അറിയിക്കാനായെത്തി. കഴിഞ്ഞ ബുധനാഴ്ചയാണ് ഈ മത്സ്യത്തെ തീരത്ത് കണ്ടെത്തിയത്. 2021 ലാണ് ഇതുപോലൊരു മത്സ്യം ആദ്യം തീരത്ത് അടിഞ്ഞതെന്ന് ഇന്‍സ്റ്റാഗ്രാമില്‍ പറയുന്നു. ഈ മത്സ്യത്തെ പഠനത്തിനായി ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലേക്ക് മാറ്റിയിരുന്നു. ഇപ്പോഴത്തേത് രണ്ടാമത്തെ കണ്ടെത്തലാണ്. കടലിലെ ചൂട് കൂടിയതാകാം ആഴക്കടലില്‍ മാത്രം കാണുന്ന മത്സ്യങ്ങള്‍ കരയ്ക്കെത്താന്‍ കാരണമെന്നും ചിലര്‍ വാദിക്കുന്നു.
പസഫിക് ഫുട്ബോൾ മത്സ്യം, പെൺ ആണെങ്കിൽ 24 ഇഞ്ച് വരെ നീളമുള്ള ഭീമാകാരമായ മൃഗങ്ങളാണ്. ഇവ പ്രത്യുൽപാദനത്തെ സഹായിക്കാൻ പരാന്നഭോജികളെ ഉപയോഗിച്ചുള്ള ലൈംഗികവേഴ്ചാ രീതികൾ ഉപയോഗിക്കുന്നുവെന്ന് ഡെയ്ലി സ്റ്റാർ റിപ്പോര്‍ട്ട് ചെയ്യുന്നു. പെണ്‍മത്സ്യങ്ങള്‍ ‘ലൈംഗിക പരാന്നഭോജികൾ’(sexual parasites) ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആൺമത്സ്യം കേവലം ഒരിഞ്ച് നീളത്തിലാണ് വളരുന്നത്. ആണ് മത്സ്യത്തെ അക്രമിക്കുന്ന പെണ്‍മത്സ്യങ്ങള്‍ ആണ് മത്സ്യങ്ങളുടെ ശരീരത്തില്‍ പരാന്നഭോജികളെ സന്നിവേശിപ്പിക്കുന്നു. ഇതാടെ ആണ് മത്സ്യങ്ങള്‍ ജീവിതകാലം മുഴുവനും അന്ധരാവുകയും ഇരകള്‍ക്കായി പെണ് മത്സ്യങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നു. ജീവിത കാലം മുഴുവന്‍ അന്ധരായി കഴിയുമ്പോഴും ആണ് പസഫിക് ഫുട്ബോൾ മത്സ്യങ്ങള്‍ പ്രത്യുൽപാദനത്തിനായി നിരന്തരം ബീജം നൽകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Last Updated Oct 28, 2023, 3:10 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]