
പ്രായപൂർത്തിയായി സ്വന്തമായി വരുമാനമുണ്ടാക്കുന്ന മക്കൾ വീട്ടിൽ നിന്നു മാറി തന്റേതായ ജീവിതം ജീവിക്കുക എന്നതാണ് വിദേശരാജ്യങ്ങളിൽ ഏറ്റവും അംഗീകരിക്കപ്പെടുന്ന ജീവിതരീതി. എന്നാൽ, പത്തുനാല്പത് വയസ്സായിട്ടും മക്കൾ വീട്ടിൽ നിന്നും മാറിനിൽക്കാത്തതിനെതിരെ കോടതിയെ സമീപിച്ച അമ്മയ്ക്ക് അനുകൂലമായ വിധി വന്നിരിക്കുകയാണ്. സംഭവം ഇറ്റലിയിലാണ്.
40, 42 വയസായ മക്കൾക്കെതിരെയാണ് അമ്മ കോടതിയെ സമീപിച്ചത്. മക്കളെ നിർബന്ധിതമായി വീട്ടിൽ നിന്നും പുറത്താക്കാനുള്ള അധികാരമാണ് അമ്മയ്ക്ക് കോടതി നൽകിയിരിക്കുന്നത്. പാവിയയിൽ നിന്നുള്ള 75 -കാരിയായ സ്ത്രീയാണ് മക്കൾക്കെതിരെ പരാതി നൽകിയത്. രണ്ടുപേർക്കും ജോലിയുണ്ട്. എന്നിരുന്നാലും ഇരുവരും കഴിയുന്നത് അമ്മയുടെ ചെലവിലായിരുന്നു. പലവട്ടം അത് അവസാനിപ്പിക്കണമെന്നും സ്വന്തമായി ജീവിതം നയിക്കണമെന്നും വീട്ടിൽ നിന്നും മാറിത്താമസിക്കണം എന്നുമെല്ലാം അമ്മ മക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മക്കൾ അതിന് തയ്യാറായിരുന്നില്ല.
ഒടുവിൽ ജഡ്ജി സിമോണ കാറ്റർബിയാണ് അമ്മയ്ക്ക് അനുകൂലമായി വിധിച്ചത്. ഡിസംബർ 18 -ന് മുമ്പ് രണ്ട് മക്കളോടും വീട്ടിൽ നിന്നും ഇറങ്ങാനും ഉത്തരവിട്ടു. അമ്മയുടെ പരാതിയിൽ മക്കൾക്ക് വരുമാനമുണ്ടായിട്ടു പോലും ഇരുവരും വീട്ടുചെലവ് തരികയോ വീട്ടിലെ കാര്യങ്ങളിൽ ഒന്നും തന്നെ സഹായിക്കുകയോ ചെയ്യുന്നില്ല എന്നും പറയുന്നു. അമ്മയ്ക്ക് അനുകൂലമായി വിധിക്കവെ ‘പരാന്നഭോജികൾ’ എന്നാണ് കോടതി ഇവരുടെ മക്കളെ വിശേഷിപ്പിച്ചത്. 75 -കാരിയായ സ്ത്രീയുടെ ഭർത്താവ് നേരത്തെ അവരിൽ നിന്നും വേർപിരിഞ്ഞായിരുന്നു കഴിഞ്ഞിരുന്നത്. അതിനാൽ തന്നെ വീട്ടുചെലവ് മൊത്തം സ്ത്രീയുടെ ബാധ്യതയായി തീർന്നു. അവർക്ക് കിട്ടുന്ന പെൻഷൻ മൊത്തം വീട്ടുകാര്യം നോക്കാനും ഭക്ഷണം വാങ്ങാനും മാത്രമേ തികയുന്നുള്ളൂ എന്നും സ്ത്രീ പറഞ്ഞു.
ഒടുവിലാണ് രണ്ട് ‘ബിഗ് ബേബി’കളും ഡിസംബർ 18 -നുള്ളിൽ വീട്ടിൽ നിന്നും ഇറങ്ങണം എന്ന് കോടതി പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Oct 28, 2023, 8:24 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]