കോട്ടയം: ജില്ലയിലെ ജലാശയങ്ങളിൽ നടക്കുന്ന അനധികൃത മത്സ്യബന്ധനത്തിനെതിരെ ഫിഷറീസ് വകുപ്പ് നടപടി കർശനമാക്കി. വേമ്പനാട് കായൽ, പുഴകൾ, പാടശേഖരങ്ങൾ എന്നിവിടങ്ങളിൽ നിരോധിത മാർഗങ്ങൾ ഉപയോഗിച്ചുള്ള മീൻപിടിത്തം വ്യാപകമായ സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്.
വിവിധയിടങ്ങളിൽ നിന്നായി മത്സ്യബന്ധന വള്ളങ്ങൾ പിടികൂടുകയും ആറുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടിച്ചെടുത്ത മത്സ്യങ്ങൾ ലേലം ചെയ്ത് ലഭിച്ച തുക സർക്കാർ ഖജനാവിൽ അടച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടെ വേമ്പനാട്ട് കായലിന്റെ വിവിധ ഭാഗങ്ങളായ കാട്ടിക്കുന്ന്, വൈക്കം, വെച്ചൂർ, ടി.വി.പുരം, തണ്ണീർമുക്കം എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തിയത്. രാത്രികാല പട്രോളിംഗിനിടെ, നിരോധിത ‘അരളിവല’ ഉപയോഗിച്ച് മീൻ പിടിച്ച വള്ളങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.
തണ്ണീർമുക്കം ഭാഗത്തുനിന്ന് ആറുപേരെ പിടികൂടി. വൈക്കത്തും അരളിവല ഉപയോഗിച്ചവരുടെ വലകളും വള്ളങ്ങളും പിടിച്ചെടുത്തു.
ഇതിനുപുറമെ, തിരുവാർപ്പ് നടുവിലെപ്പാടം പാടശേഖരത്ത് നിയമവിരുദ്ധമായി സ്ഥാപിച്ചിരുന്ന മടവലയും അധികൃതർ പിടിച്ചെടുത്ത് നീക്കം ചെയ്തു. അരളിവല ഉപയോഗിക്കുന്നത് മത്സ്യക്കുഞ്ഞുങ്ങളടക്കം നശിക്കുന്നതിനും കായലിലെ കരിമീൻ സമ്പത്ത് ഇല്ലാതാവുന്നതിനും കാരണമാകുമെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.
കേരള ഇൻലാൻഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ആക്ട് (കിഫാ) അനുസരിച്ച് പാടശേഖരങ്ങളിലെ ഊത്തപിടിത്തവും മറ്റ് അനധികൃത മത്സ്യബന്ധന രീതികളും കർശനമായി നിരോധിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി മടവല സ്ഥാപിക്കുന്നത് മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനനത്തിന് തടസ്സമാവുകയും മത്സ്യസമ്പത്തിൽ വലിയ കുറവുണ്ടാക്കുകയും ചെയ്യും.
ഇത്തരം പ്രവർത്തനങ്ങൾ ജലാശയങ്ങളിലെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതിനൊപ്പം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം തകർക്കുമെന്നും ഫിഷറീസ് വകുപ്പ് ചൂണ്ടിക്കാട്ടുന്നു. നിയമവിരുദ്ധമായ ഊത്തപിടിത്തം, വൈദ്യുതി, വിഷം, കൂട്, അരളിവല, അരിപ്പവര തുടങ്ങിയവ ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയാൻ ജില്ലയിലുടനീളം പരിശോധനകൾ ഊർജ്ജിതമാക്കിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഇ.
മുജീബ് അറിയിച്ചു. കിഫാ നിയമം ലംഘിക്കുന്നവർക്കെതിരെ അതികർശനമായ നിയമനടപടികൾ സ്വീകരിക്കും.
അനധികൃത മത്സ്യബന്ധനം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും 0481-2566823 എന്ന നമ്പറിൽ വിവരം നൽകാവുന്നതാണ്. അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അഞ്ജലി ദേവി, ഫിഷറീസ് ഡെവലപ്മെന്റ് ഓഫീസർ രാജ്മോഹൻ, ഫിഷറീസ് ഓഫീസർമാരായ ഐശ്വര്യ സലി, സി.കെ.
സ്മിത, പി.എ. ജിഷ്ണു, സി.ബി.
വിപിൻ, ഓഫീസ് അസിസ്റ്റന്റ് ജെ. ഗിരീഷ്, ഡ്രൈവർ സ്വാതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിവിധയിടങ്ങളിൽ രാത്രികാല പരിശോധനകൾ നടത്തിയത്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

