
തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ വിശദീകരണവുമായി ആരോഗ്യ മന്ത്രി വീണ ജോർജ്. കെഎസ്ഇബി ജോലി നടക്കുന്നത് നേരത്തെ അറിയിച്ചിരുന്നുവെന്നും ഐസിയു ഉൾപ്പെടുന്ന ഗോൾഡൻ ജൂബിലി ബ്ലോക്കിൽ വൈദ്യുതി മുടങ്ങിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ആരുടെയെങ്കിലും ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ശക്തമായ നടപടി ഉണ്ടാകും. വൈദ്യുതി മുടങ്ങുമെന്ന് അറിയിച്ചിരുന്നതിനാൽ ബദൽ ക്രമീകരണം ഒരുക്കിയിരുന്നു. ഏതുവിധേനയും ഇലക്ട്രിസിറ്റി എത്തിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. സംഭവത്തിൽ സമഗ്ര സമിതി അന്വേഷണം നടത്തും. ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി എസ്.എ.ടി. ആശുപത്രി സന്ദർശത്തിന് ശേഷം വ്യക്തമാക്കി.
എസ്എടി ആശുപത്രിയിൽ 3 മണിക്കൂറിന് ശേഷമാണ് വൈദ്യുതി പുനഃസ്ഥാപിച്ചു. താൽക്കാലിക ജനറേറ്ററെത്തിച്ചാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും അത്യാഹിത വിഭാഗം ബ്ലോക്കിലാണ് ഇന്ന് രാത്രിയോടെ വൈദ്യതി മുടങ്ങിയത്. ടോർച്ചിന്റെയും മെഴുകുതിരി വെട്ടത്തിന്റെയും വെളിച്ചത്തിലാണ് ആശുപത്രി പ്രവർത്തിച്ചത്.
അത്യാഹിത വിഭാഗത്തിൽ വൈദ്യുതി ഇല്ലാതായതോടെ രോഗികൾ ദുരിതത്തിലായി. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും ബന്ധുക്കളും ആശുപത്രിയിൽ പ്രതിഷേധിച്ചു. വൈദ്യുതി മുടങ്ങിയതിന് പിന്നാലെ ജനറേറ്ററും കേടായതാണ് പ്രതിസന്ധി കൂട്ടിയതെന്നാണ് സുപ്രണ്ട് പറഞ്ഞത്. കുട്ടികളുടെ വിഭാഗത്തില്‍, ഐസിയുവില്‍ ഉള്‍പ്പെടെ പ്രശ്നമില്ലെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ അറിയിച്ചത്. അതേമയം മൂന്ന് മണിക്കൂറിലധികം സമയം വൈദ്യുതി മുടങ്ങിയിട്ടും സർക്കാർ പ്രതികരിച്ചത് ലാഘവത്വത്തോടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. എസ്.എ.ടി പോലെ സാധാരണക്കാരായ ആളുകൾ ആശ്രയിക്കുന്ന ആശുപത്രി ഇരുട്ടിലായിട്ടും സർക്കാർ ലാഘവത്തോടെയാണ് പ്രതികരിച്ചത്. സാധാരണക്കാരുടെ ജീവൻ സർക്കാരിന് ഒരു പ്രശ്നമെയല്ലെന്നും സതീശൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]