തിരുവനന്തപുരം: വ്യോമയാന മേഖലയില്‍ കേരളം മികച്ച മുന്നേറ്റമാണ് ഇപ്പോള്‍ നടത്തുന്നത്. സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതിന്റെ കണക്കുകള്‍ പുറത്തുവന്നിരുന്നു. അതിനിടെ കേരളത്തിന്റെ വ്യോമയാന മേഖലയില്‍ കൂടുതല്‍ വികസന പദ്ധതികള്‍ക്ക് സഹായം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡുവുമായി ചര്‍ച്ച നടത്തി.
പ്രവാസി മലയാളികളുടെ യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഊന്നല്‍ നല്‍കിയുള്ള വികസനമാണ് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമായും കേന്ദ്രമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ മുന്നോട്ടു വെച്ചത്. കേരളത്തിലെ വിമാനത്താവളങ്ങളെ ശക്തിപ്പെടുത്തുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിയുടെ പിന്തുണ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മന്ത്രി വി.അബ്്ദുറഹ്മാന്, സിവില്‍ ഏവിയേഷന്‍ സെക്രട്ടറി വുംലുന്‍മാംഗ് വുല്‍നാം, എയര്‍പോര്‍ട്ട് അതോരിറ്റി ഓഫ് ഇന്ത്യ ചെയര്മാന് എം.സുരേഷ് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഒരു കോടിക്ക് മുകളിലാണ് കൊച്ചി വിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനത്തോളം വര്‍ദ്ധനവ് രേഖപ്പെടുത്തി. വിമാന സര്‍വീസുകളുടെ എണ്ണത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിലും ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ വര്‍ധനയുണ്ടായി. 12.6 ലക്ഷം യാത്രക്കാരാണ് ഈ കാലയളവില്‍ സഞ്ചരിച്ചത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ യാത്രക്കാരുടെ എണ്ണം 10 ലക്ഷം പേരായിരുന്നു. അന്താരാഷ്ട്ര, ആഭ്യന്തര സെക്ടറുകളില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ക്കും അടിസ്ഥാന വികസനത്തിനുമുള്ള സാദ്ധ്യതകള്‍ വര്‍ദ്ധിക്കുന്നുണ്ട്. വിദേശ മലയാളികള്‍ക്കുള്ള യാത്രാ ആവശ്യങ്ങള്‍ക്കൊപ്പം ടൂറിസം മേഖലയുമായി ബന്ധപ്പെട്ടും കൂടുതല്‍ വിമാനങ്ങളുടെ ആവശ്യകത വര്‍ദ്ധിക്കുകയാണ്.