കാണ്‍പൂര്‍: ഇന്ത്യ-ബംഗ്ലാദേശ് കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തെ കളിയും മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡ് മൂലം ഉപേക്ഷിച്ചു. രാവിലെ 9.30ന് തുടങ്ങേണ്ടിയിരുന്ന നനഞ്ഞ ഔട്ട് ഫീല്‍ഡ് മൂലം തുടങ്ങാന്‍ വൈകിയിരുന്നു. രാവിലെ 10ന് അമ്പയര്‍മാരുടെ പരിശോന കഴിഞ്ഞപ്പോഴും ഔട്ട് ഫീല്‍ഡ് നനഞ്ഞു കുതിര്‍ന്നു കിടന്നതുമൂലം മത്സരം വൈകി. പിന്നീട് 12നും ഉച്ചക്ക് രണ്ടിനും അമ്പയര്‍മാര്‍ പരിശോധന നടത്തിയെങ്കിലും മത്സരം നടത്താന്‍ കഴിയാത്ത സാഹചര്യമെന്നാണ് അമ്പയര്‍മാര്‍ വിലയിരുത്തിയത്.
കാണ്‍പൂരില്‍ ഇന്ന് പകല്‍ മഴ പെയ്തില്ലെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ഔട്ട് ഫീല്‍ഡ് ഉണങ്ങാതിരുന്നത് മത്സരം തുടരാന്‍ തടസമായി. മഴമൂലം ഇതുവരെ ഏഴ് സെഷനുകള്‍ നഷ്ടമായ മത്സരത്തില്‍ നാളെ കളി നടക്കാനുള്ള സാധ്യതയുണ്ടെന്നത് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. നാളെ കാണ്‍പൂരില്‍ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നാണ് കാലവസ്ഥാ പ്രവചനം. രണ്ട് ദിവസത്തിനുള്ളില്‍ മത്സരത്തിന് ഫലമുണ്ടാക്കാനാവുമോ എന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നതെങ്കില്‍ സമനിലപോലും ബംഗ്ലാദേശിന് നേട്ടമാണ്. മഴ മൂലം രണ്ടാം ദിനത്തിലെ കളിയും പൂര്‍ണമായും നഷ്ടമായിരുന്നു. ആദ്യദിനത്തിലും രണ്ട് സെഷനുകളോളം നഷ്ടമായ മത്സരത്തില്‍ ആകെ 35 ഓവര്‍ മാത്രമാണ് ഇതുവരെ കളി നടന്നത്.
ആദ്യ ദിനം ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യദിനം 107-3 എന്ന ഭേദപ്പെട്ട സ്കോറിലാണ് ബംഗ്ലാദേശ് ക്രീസ് വിട്ടത്. ആറ് റണ്‍സുമായി മുഷ്ഫീഖുര്‍ റഹീമും 40 റണ്‍സോടെ മൊനിമുള്‍ ഹഖുമാണ് ക്രീസിലുള്ളത്. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷമാണ് ബംഗ്ലാദേശ് കരകയറിയത്. സാക്കിര്‍ ഹുസൈന് (0), ഷദ്മാന്‍ ഇസ്ലാം (24), ക്യാപ്റ്റൻ നജ്മുല്‍ ഹുസൈന് ഷാന്റോ (28) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് ആദ്യ ദിനം നഷ്ടമായത്. ആകാശ് ദീപിനാണ് രണ്ട് വിക്കറ്റുകളും. ആര് അശ്വിന് ഒരു വിക്കറ്റ് വീഴ്ത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]