ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന് പറയാറുണ്ട്. എന്നാൽ, ചെയ്യാത്ത തെറ്റിന് 46 വർഷം കുറ്റവാളിയായിക്കണ്ട ഒരാളെ ഇപ്പോൾ നിരപരാധിയാണ് എന്ന് കണ്ട് വെറുതെ വിട്ടിരിക്കുകയാണ്. ജപ്പാനിലാണ് സംഭവം.
അതും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരാൾക്കാണ് ഒടുവിൽ നാല് പതിറ്റാണ്ടിനു ശേഷം നീതി കിട്ടിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ കാലം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവിൽ കഴിയേണ്ടി വന്നയാൾ കൂടിയായിരിക്കണം ഒരുപക്ഷേ 88 -കാരനായ ഇവാവോ ഹകമാഡ. കൊലപാതകക്കേസിലാണ് മുൻ ബോക്സർ കൂടിയായ ഇവാവോ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.
എന്നാൽ, ഇവാവോയെ ശിക്ഷിക്കാൻ വേണ്ടി കാരണമായ തെളിവുകളെല്ലാം തന്നെ കെട്ടിച്ചമച്ചതാണ് എന്ന് തെളിഞ്ഞതോടെയാണ് അദ്ദേഹം നിരപരാധിയാണ് എന്ന് കോടതി തന്നെ വ്യക്തമാക്കിയത്. 10 വർഷം മുമ്പാണ് നീണ്ട കാമ്പയിനുകളുടെ ഭാഗമായി കേസിൽ പുനരന്വേഷണം ആരംഭിച്ചത്. എന്നാൽ, ഇപ്പോഴാണ് കോടതി ഇവാവോ നിരപരാധിയാണ് എന്ന് പറഞ്ഞിരിക്കുന്നത്. അസുഖബാധിതനായ ഇവാവോയ്ക്ക് കോടതിയിൽ പോയി ഇത് നേരിട്ട് കേൾക്കാൻ സാധിച്ചില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ, അദ്ദേഹത്തിനുവേണ്ടി സാധാരണയായി സംസാരിക്കാറുള്ള 91 വയസ്സുള്ള സഹോദരി ഹിഡെക്കോ സഹോദരൻ നിരപരാധിയാണെന്ന് പ്രഖ്യാപിച്ച ജഡ്ജിക്ക് നന്ദി അറിയിച്ചു. ഒപ്പം എല്ലാവരുടെ പിന്തുണയ്ക്കും ഇവർ നന്ദി പറഞ്ഞു.
1968 -ലാണ് ഇവാവോയുടെ ബോസും കുടുംബവും കൊല്ലപ്പെടുന്നത്. ബോസും ഭാര്യയും അവരുടെ കൗമാരപ്രായക്കാരായ രണ്ട് കുട്ടികളുമാണ് കൊല്ലപ്പെട്ടത്. കൊള്ളയടിക്കലായിരുന്നു ലക്ഷ്യം. ഈ കേസിലാണ് ഇവാവോ ശിക്ഷിക്കപ്പെട്ടത്. രക്തം പുരണ്ട വസ്ത്രമടക്കം തെളിവുകൾ മനപ്പൂർവം കെട്ടിച്ചമച്ച് ഇവാവോയെ കുറ്റക്കാരനാക്കുകയായിരുന്നു എന്നാണ് പുനരന്വേഷണത്തിൽ കണ്ടെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]