കോഴിക്കോട്: ഓൺലെെൻ കള്ളന്മാരെ കുടുക്കാൻ സൈബർ പൊലീസ് ഉൾപ്പെടെ ഓടിനടക്കുമ്പോഴും അന്വേഷണ ഏജൻസികളുടെ കണ്ണുവെട്ടിച്ചുള്ള ലക്ഷങ്ങൾ തട്ടൽ ആശങ്ക ഉയർത്തുന്നു. ട്രേഡിംഗ് ട്രാപ്പ് മുതൽ വെർച്വൽ അറസ്റ്റുവരെ.. കള്ളന്മാർ വിരിച്ച വലയിൽ കോഴിക്കോട് ജില്ലയിൽ മൂന്ന് മാസത്തിനിടെ വീണത് 22 പേർ. ഇതിൽ 15 ലക്ഷം രൂപ മുതൽ 4.8 കോടി രൂപ വരെ നഷ്ടപ്പെട്ടവരുണ്ട്. ട്രേഡിംഗ്, ഫെഡ്എക്സ് കൊറിയർ തട്ടിപ്പ് കേസുകളാണ് കൂടുതലും രജിസ്റ്റർ ചെയ്യുന്നത്.
കെ.വൈ.സി അപ്ഡേഷൻ എന്ന വ്യാജേന ചില ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ വേറെയുമുണ്ട്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ കോഴിക്കോട് നഗരത്തിൽ മാത്രം സൈബർ തട്ടിപ്പിന് ഇരയായവർക്ക് നഷ്ടമായത് 28.71 കോടിയാണ്. ഇതിൽ 4.33 കോടി രൂപ മാത്രമാണ് കണ്ടെത്താനായത്. ഇ – സിമ്മിന്റെ പേരിലുള്ള തട്ടിപ്പും നിരവധിയാണ്. ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങുന്നവരിൽ ഏറെയും ഉദ്യോഗസ്ഥരും ഉന്നത വിഭ്യാഭ്യാസമുള്ളവരുമാണ് എന്നതാണ് അത്ഭുതം.
കെവൈസി അപ്ഡേഷൻ എന്ന ചതിക്കുഴി
കെ.വൈ.സി അപ്ഡേഷന്റെ മറവിൽ ബാങ്കിൽ നിന്ന് വരുന്ന സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് കെ.വൈ.സി അപ്ഡേറ്റ് ചെയ്യാമെന്നും നിശ്ചിത സമയത്തിനകം ചെയ്തില്ലെങ്കിൽ അക്കൗണ്ടും പണവും നഷ്ടപ്പെടും എന്നും തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ തട്ടിപ്പിന്റെ ആദ്യഘട്ടം ആരംഭിക്കും. ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ കൂടാതെ വ്യക്തിഗത വിവരങ്ങളും വെബ്സൈറ്റിൽ നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കും. ശേഷം ഒ.ടി.പി ലഭിക്കും. അത് ബാങ്കിൽ നിന്നാണെന്ന വ്യാജേന വിളിക്കുന്ന നമ്പറിലേയ്ക്കോ വെബ്സൈറ്റിൽ തന്നെയോ നൽകുമ്പോൾ അക്കൗണ്ടിലെ പണം നഷ്ടമാകും. ഇതാണ് തട്ടിപ്പ് രീതി.
‘ഓൺലൈൻ തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (ഗോൾഡൻ അവർ) വിവരം 1930 ൽ അറിയിക്കണം. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാദ്ധ്യത കൂടുതലാണ്.
സെെബർ പൊലീസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]