യുപിയിലെ ഒരു വീടിന്റെ മുറ്റത്ത് നിന്നും 30 വർഷം പഴക്കമുള്ള മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ഉത്തർ പ്രദേശിലെ ഹത്രാസിലാണ് സംഭവം. അസ്ഥികൂടം കണ്ടെത്തിയ വീട്ടിൽ തന്നെയുള്ള യുവാവാണ് തന്റെ അച്ഛനെ അമ്മയും സഹോദരങ്ങളും ചേർന്ന് കൊലപ്പെടുത്തിയെന്നും മുറ്റത്ത് കുഴിച്ചിട്ടുവെന്നുമുള്ള വിവരം ഇപ്പോൾ പുറത്തറിയിച്ചത്.
1994 -ലാണ് ബുദ്ധ് സിങ്ങ് എന്ന് പേരായ തന്റെ അച്ഛനെ കാണാതായത് എന്നും പിന്നീട്, കണ്ടെത്താനായില്ലെന്നും മകൻ പഞ്ചാബി സിംഗ് പറയുന്നു. പിന്നീട്, തൻ്റെ പിതാവ് 30 വർഷം മുമ്പ് കൊല്ലപ്പെട്ടു എന്നും രണ്ട് മൂത്ത സഹോദരന്മാരും അമ്മ ഊർമിളയും ചേർന്നാണ് കൊലപാതകം നടത്തിയത് എന്നും തൻ്റെ വീട്ടിൽ മൃതദേഹം കുഴിച്ചിട്ടെന്നും ആരോപിച്ച് പഞ്ചാബി സിംഗ് ഹത്രാസ് ജില്ലാ മജിസ്ട്രേറ്റ് രോഹിത് പാണ്ഡെയുടെ ഓഫീസിൽ പരാതി നൽകുകയായിരുന്നു.
പിന്നീട്, ഡിഎം പാണ്ഡെയുടെ ഉത്തരവിനെ തുടർന്ന് സെപ്റ്റംബർ 26 വ്യാഴാഴ്ച ഹത്രാസ് പൊലീസിൻ്റെ സാന്നിധ്യത്തിൽ ഇവിടെ കുഴിക്കുകയായിരുന്നു. അതിലാണ് അസ്ഥികൂടം കണ്ടെത്തുന്നത്. വ്യാഴാഴ്ചയാണ് ഹത്രാസിലെ മുർസാൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗിലോണ്ട്പൂർ ഗ്രാമത്തിലെ ഇദ്ദേഹത്തിന്റെ വീടിന്റെ മുറ്റത്ത് നിന്നും അസ്ഥികൂടം കണ്ടെത്തിയത്. പിന്നീട്, ഇത് പോസ്റ്റുമോർട്ടത്തിനും ഡിഎൻഎ പരിശോധനയ്ക്കും അയക്കുകയായിരുന്നു.
പൊലീസിൽ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും ഡിഎൻഎ പരിശോധനയ്ക്ക് ശേഷം അന്വേഷണം നടക്കുമെന്നും പൊലീസ് പറയുന്നു. കർഷകനായിരുന്നു കൊല്ലപ്പെട്ടതായി കരുതുന്ന ബുദ്ധ് സിംഗ്. ഊർമ്മിള -ബുദ്ധ് സിംഗ് ദമ്പതികൾക്ക് പ്രദീപ്, മുകേഷ്, ബസ്തിറാം, പഞ്ചാബി സിംഗ് എന്നീ നാല് ആൺമക്കളുണ്ടായിരുന്നു. ഇപ്പോൾ 40 വയസ്സുള്ള പഞ്ചാബി സിംഗ്, 30 വർഷം മുമ്പ് തൻ്റെ പിതാവും ജ്യേഷ്ഠന്മാരും തമ്മിൽ ഒരു വഴക്ക് നടന്നിരുന്നു എന്ന് ഓർക്കുന്നുണ്ട്.
ജൂണിൽ താനും തൻ്റെ ജ്യേഷ്ഠന്മാരുമായി തർക്കമുണ്ടായി. ആ സമയത്ത് ജ്യേഷ്ഠന്മാർ ഇതിന് വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെയാണ് അച്ഛന്റെ തിരോധാനത്തിന് പിന്നിൽ കൊലപാതകമാണോ എന്ന് സംശയിക്കുന്നത് എന്നാണ് പഞ്ചാബി സിംഗ് പറയുന്നത്. കുഴിച്ചിട്ട സ്ഥലവും പരാതിയിൽ പരാമർശിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]