
നിലമ്പൂർ: നിലമ്പൂർ എംഎൽഎ പി വി അൻവറിനെ അനുകൂലിച്ച് മലപ്പുറം ചുള്ളിയോടും ബോർഡുകൾ. ആഭ്യന്തര വകുപ്പിനെയും പൊലീസിന്റെ ആർഎസ്എസ് വത്കരക്കണത്തെയും ചോദ്യം ചെയ്തു കൊണ്ട് പ്രവാസി സഖാക്കൾ ചുള്ളിയോട് എന്ന പേരിലാണ് ബോർഡുകൾ ഉയർന്നത്. സിപിഎമ്മിന്റെ പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പായ ചങ്ങാതിക്കൂട്ടം വാട്സാപ്പ് കൂട്ടായ്മ എന്ന പേരിലും ബാനറുകൾ ഉയർന്നിട്ടുണ്ട്.
‘അൻവറിന്റെ കൈയും കാലും വെട്ടാൻ വരുന്ന അടിമകളോടൊന്ന് പറഞ്ഞേക്കാം, അടിമയായി ആയിരം കൊല്ലം ജീവിക്കുന്നതിലും നല്ലത് അര ദിവസം അൻവറായി ജീവിക്കുന്നതാണ്’- എന്നിങ്ങനെയാണ് പോസ്റ്ററിലെ വരികൾ. അച്ചടക്കത്തിന്റെ വാൾത്തല ആദ്യമുയരേണ്ടത് അൻവറിനെതിരെയല്ല, ആഭ്യന്തര വകുപ്പിനെതിരെയാണെന്നും പറയുന്നു.
പൊലീസിന്റെ ആർഎസ്എസ് വത്കരണം സഖാക്കൾ ഉത്തരം പറയണമെന്നും തുടങ്ങി എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച്ച ആർക്ക് വേണ്ടി? പൂരം കലക്കിയത് ആര് ആർക്ക് വേണ്ടി? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് വേണ്ടതെന്നും അത് കഴിഞ്ഞ് അൻവറിന്റെ കൈയും കാലും വെട്ടിക്കോളൂ സഖാക്കളെ എന്നിങ്ങനെയാണ് മറ്റുവരികൾ.
അതേസമയം, പി വി അൻവറിന് പരസ്യ പിന്തുണയുമായി സിപിഎം മുൻ ലോക്കൽ സെക്രട്ടറി രംഗത്തെത്തി. സിപിഎം മരുത മുൻ ലോക്കൽ സെക്രട്ടറിയും വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഇ.എ. സുകുവാണ് അൻവറിനെ പിന്തുണച്ച് ഫേയ്സ്ബുക്കിൽ തുറന്ന പ്രതികരിച്ചത്. പി.വി. അൻവര് ഇന്ന് വൈകിട്ട് നിലമ്പൂരിൽ രാഷ്ട്രീയ വിശദീകരണ യോഗം ചേരുന്നത് സംബന്ധിച്ച അറിയിപ്പും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
തലപ്പത്തുള്ളവർ മാത്രമല്ല പാർട്ടിയെന്നും ന്യായത്തിനെ ഒറ്റപ്പെടുത്തില്ലെന്നുമാണ് സുകുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പി വി അൻവറിന്റെ കൂടെ ഉറച്ചു നിൽക്കുമെന്നും സുകു ഫേയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. പാർട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സുകു പാർട്ടി അംഗത്വം കഴിഞ്ഞ സമ്മേളനത്തിനു ശേഷം പുതുക്കിയിരുന്നില്ല.
Asianet News Live
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]