കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി ചികിത്സയിൽ കഴിയുകയായിരുന്നു. 94 നവംബറിലാണ് കൂത്തുപറമ്പിൽ എം വി രാഘവനെതിരെ നടന്ന പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിൽ അഞ്ചു പേർ മരിച്ചിരുന്നു.
നാളെ രാവിലെ എട്ടുമണിക്ക് പുഷ്പന്റെ മൃതദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്നും കണ്ണൂരിലേക്ക് കൊണ്ടു പോകും. തുടർന്ന് നാളെ 10 .30 ന് തലശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന് ശേഷം 12 മണിക്ക് മേനപ്രം രാമവിലാസം സ്കൂളിലും പൊതുദർശനമുണ്ടാകും. അഞ്ചുമണിക്ക് ചൊക്ലിയിലെ വീട്ടിൽ എത്തിക്കും.
രാഷ്ട്രീയ എതിരാളികളുടെ ആക്രമണങ്ങള്‍ക്കിരകളായി ജീവിതം തകര്‍ന്നവര്‍ ഏറെയുണ്ടെങ്കിലും ജീവിക്കുന്ന രക്തസാക്ഷിയെന്ന വിശേഷണം പുഷ്പനോളം ചേരുന്നവര്‍ സിപിഎമ്മില്‍ വിരളമായിരുന്നു. പുഷ്പന്റെ ചരിത്രം പാര്‍ട്ടിക്കാര്‍ക്ക് ആവേശമായെങ്കിലും ആ രണഗാഥയ്ക്കാധാരമായ വിഷയത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ട് പോകുന്നതിനും പുഷ്പന് സാക്ഷിയായി. അപ്പോഴും ഒരു എതിര്‍ശബ്ദവും ഉയര്‍ത്താതെ പാര്‍ട്ടിക്കൊപ്പം അടിയുറച്ച് നില്‍ക്കുകയായിരുന്നു പുഷ്പന്.
കേരളത്തിലെ പാര്‍ട്ടിക്ക് ആരായിരുന്നു പുഷ്പന്? തണ്ടോടിഞ്ഞിട്ടും വാടാതെ മൂന്ന് പതിറ്റാണ്ടോളം കാലം ചെറുത്തു നില്‍പ്പിന്റെ പ്രതീകമായി നിന്ന പുഷ്പന് പാര്‍ട്ടിക്കാര്‍ക്ക് ആവേശം തുളുമ്പുന്ന ഓര്‍മയാണ്. ഡിവൈഎഫ്ഐ എന്ന സംഘടനയ്ക്കാകട്ടെ അഞ്ച് സഖാക്കളുടെ ജീവന് ബലി നല്കിയ കൂത്തുപറമ്പ് സമരത്തിന്റെ പകരം വയ്ക്കാനില്ലാത്ത പ്രതീകവും.
കര്‍ഷക തൊഴിലാളി കുടുംബത്തില്‍ പിറന്ന പുഷ്പന് എട്ടാം ക്ളാസ് വരെ മാത്രമായിരുന്നു ഔപചാരിക വിദ്യാഭ്യാസം. നാട്ടില്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന പുഷ്പന്, കുടുംബം പുലര്‍ത്താനായി ബംഗളൂരുവിലേക്ക് വണ്ടി കയറി. അവിടെ പലചരക്ക് കടയിലായിരുന്നു ജോലി. അവധിക്ക് നാട്ടിലെത്തിയപ്പോള്‍ സ്വാശ്രയ കോളജ് വിരുദ്ധ സമരം കേരളത്തില്‍ ആളിക്കത്തുകയാണ്. പുഷ്പനും അതിന്റെ ഭാഗമായി. അങ്ങനെയാണ് 1994 നവംബര്‍25 വെളളിയാഴ്ച കൂത്തുപറമ്പിൽ എംവി രാഘവനെ തടയാനുളള സമരത്തിന്റെ ഭാഗമാകുന്നത്.
കൂത്തുപറമ്പിൽ അര്‍ബന്‍ ബാങ്ക് സായാഹ്ന ശാഖ ഉദ്ഘാടനത്തിനെത്തിയതായിരുന്നു സഹകരണ മന്ത്രിയായിരുന്ന എംവി രാഘവന്. ചടങ്ങില്‍ അധ്യക്ഷത വഹിക്കേണ്ടിയിരുന്ന മന്ത്രി എന്‍ രാമകൃഷ്ണന്, സംഘര്‍ഷ സാധ്യതയുണ്ടെന്ന പൊലീസ് മുന്നറിയിപ്പിനെത്തുടര്‍ന്ന് ചടങ്ങില്‍ നിന്ന് പിന്മാറിയെങ്കിലും രാഘവന് ഉറച്ച് നിന്നു. രാഘവനെ തടയാനായി കൂത്തുപറമ്പിലും പരിസര പ്രദേശങ്ങളിലുമായി രണ്ടായിരത്തോളം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. ഒടുവില്‍ മന്ത്രി രാഘവനെത്തിയപ്പോഴേക്കും പ്രവര്‍ത്തകര്‍ ഇരച്ചെത്തി, പൊലീസ് ലാത്തിച്ചാർജ് തുടങ്ങിയതിനു പിന്നാലെ പ്രവര്‍ത്തകര്‍ കല്ലേറ് തുടങ്ങി.
ഇതോടെയാണ് പൊലീസ് വെടിവയ്പ്പ് ഉണ്ടായത്. പൊലീസ് നടത്തിയ രണ്ട് ഘട്ടമായി നടത്തിയ വെടിവെയ്പ്പില്‍ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് കെകെ രാജീവന്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ വി റോഷന്, പ്രവര്‍ത്തകരായ ഷിബുലാല്‍, മധു, ബാബു എന്നിവര്‍ മരിച്ചു വീണു. കഴുത്തിന് പിന്നിലേറ്റ വെടിയുണ്ട പുഷ്പന്റെ സുഷുമ്ന നാഡിയിലാണ് പ്രഹരമേല്‍പ്പിച്ചത്. കഴുത്തിന് താഴേക്ക് തളര്‍ന്ന പുഷ്പന് അന്ന് മുതല്‍ കിടപ്പിലായിരുന്നു പാര്‍ട്ടിയുടെ വലയത്തിലായിരുന്നു പിന്നിടുളള ജീവിതം.
കൂത്തുപറമ്പ് വെടിവയ്പ്പില്‍ പാര്‍ട്ടി പ്രതി സ്ഥാനത്തു നിര്‍ത്തിയ എംവിആറിനെ രണ്ടു പതിറ്റാണ്ടിനു ശേഷം രാഷ്ട്രീയ ആലിംഗനം ചെയ്യുന്നതും കേരളം കണ്ടു. എംവിആറിന്റെ മകന് നിയമസഭാ സീറ്റും പിന്നീട് പാര്‍ട്ടി പദവിയും നല്കി. എന്നാല്‍ പാര്‍ട്ടിക്കപ്പുറം ഒരു വാക്കില്ലാത്ത പുഷ്പന് ഒരു എതിര്‍ശബ്ദവും ഉയര്‍ത്തിയില്ല. വെടിവയ്പ്പിന് കാരണമായ സ്വാശ്രയ കോളേജുകളുടെ കാര്യത്തില്‍ സിപിഎം നിലപാട് മാറ്റുന്നതും പുഷ്പന് കണ്ടു. അപ്പോഴും ഒരു എതിര് ശബ്ദവും ഉയര്‍ത്താതെ പുഷ്പന്. അടിയുറച്ച പാര്‍ട്ടിക്കാരനായി തന്നെ തുടര്‍ന്നു. അതുകൊണ്ടു തന്നെ പുഷ്പന്റെ ചരിത്രം പാട്ടുകളായും പ്രസംഗങ്ങളായും പാര്‍ട്ടി വേദികളില്‍ ആഘോഷിക്കപ്പെടുകയാണ്.
.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]