തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന ഡോ. ടോണി ഡാനിയേൽ മെമ്മോറിയൽ സംസ്ഥാന സീനിയർ അത്ലറ്റിക് മീറ്റിൽ ആദ്യദിനം അപ്രതീക്ഷിത കുതിപ്പുമായി എറണാകുളം. 112.5 പോയന്റുമായാണ് എറണാകുളം പോയന്റ് പട്ടികയിൽ മുന്നിലെത്തിയത്. 82 പോയന്റുമായി കോട്ടയമാണ് രണ്ടാം സ്ഥാനത്ത്. 57.5 പോയന്റുമായി തിരുവനന്തപുരം മൂന്നാമതും 47.5 പോയന്റോടെ തൃശൂർ നാലാം സ്ഥാനത്തുമാണ്.അതേസമയം, നിലവിലെ ജേതാക്കളായ പാലക്കാട് 39 പോയന്റുമായി അഞ്ചാം സ്ഥാനത്താണുള്ളത്. ആതിഥേയരായ മലപ്പുറം 10ാം സ്ഥാനത്താണ്. എറണാകുളത്തിന്റെ ആധിപത്യം കണ്ട ആദ്യദിനത്തിൽ അഞ്ച് മീറ്റ് റെക്കോഡുകളാണ് പിറന്നത്. ഇതിൽ പുരുഷവിഭാഗത്തിൽ മൂന്നും വനിത വിഭാഗത്തിൽ രണ്ടും റെക്കോഡുകളാണ് സ്ഥാപിച്ചത്.വനിതവിഭാഗം 10,000 മീറ്റർ ഓട്ടത്തിൽ കോട്ടയത്തിന്റെ എം.എസ്. ശ്രുതിയും (37 മിനിറ്റ് 3.50 സെക്കൻഡ്) ഡിസ്കസ് ത്രോയിൽ കാസർകോടിന്റെ സി.പി. തൗഫീറയും (39.78 മീറ്റർ) പുരുഷ വിഭാഗം 1500 മീറ്റർ ഓട്ടത്തിൽ എറണാകുളത്തിന്റെ കെ. ആനന്ദ് കൃഷ്ണയും (മൂന്ന് മിനിറ്റ് 48.44 സെക്കൻഡ്), ലോങ് ജംപിൽ എറണാകുളത്തിന്റെതന്നെ കെ.എം. ശ്രീകാന്തും (7.78 മീറ്റർ) ഡിസ്കസ് ത്രോയിൽ വനിതകൾക്ക് പിന്നാലെ കാസർകോടിന്റെതന്നെ കെ.സി. സിദ്ധാർഥുമാണ് (49.40 മീറ്റർ ദൂരം) പുതിയ റെക്കോഡുകൾ സ്ഥാപിച്ചത്.
ഗ്ലാമർ ഇനമായ 100 മീറ്ററിൽ 10.61 സെക്കൻഡ് കൊണ്ട് ഫിനിഷിങ് ലൈൻ തൊട്ട മലപ്പുറത്തിന്റെ പി. മുഹമ്മദ് ഷാൻ വേഗരാജാവായപ്പോൾ 11.84 സെക്കൻഡ് കൊണ്ട് മത്സരം പൂർത്തിയാക്കിയ തിരുവനന്തപുരത്തിന്റെ എ.പി. ഷിൽബി മീറ്റിലെ വേഗറാണിയായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]