
തിരുവനന്തപുരം: തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന് മത്സരം മഴ മൂലം വൈകുന്നു. തിരുവനന്തപുരത്ത് രാവിലെ മുതല്‍ മഴ തുടരുകയാണ്. ഇപ്പോഴും ചെറിയ ചാറ്റല്‍ മഴ തുടരുന്നുണ്ട്. മഴമൂലം ടോസിടാന്‍ പോലും ഇതുവരെ ആയിട്ടില്ല.
തിരുവന്തപുരം ഉള്‍പ്പെടെ നാലു ജില്ലകളില്‍ കാലവസ്ഥാ നിരീക്ഷണകേന്ദ്രം ഓറഞ്ച് അലേര്‍ട്ട് നല്കിയിരിക്കുന്നതിനാല് മത്സരം തുടങ്ങാനാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഗ്രൗണ്ടിലെ ഡ്രെയിനേജ് സൗകര്യം മികച്ചതായതിനാല്‍ മഴ മാറിയാല്‍ മത്സരം തുടങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. തിരുവനന്തപുരത്തിന് പുറമെ ആലപ്പുഴ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തില്‍ ലോകകപ്പ് മത്സരവേദി അനുവദിക്കാത്തതിലെ നിരാശ സന്നാഹ മത്സരങ്ങള്‍ കണ്ടെങ്കിലും തീര്‍ക്കാമെന്ന ആരാധകരുടെ പ്രതീക്ഷകളാണ് മഴയില്‍ കുതിര്‍ന്നത്. നാളെ ഓസ്ട്രേലിയയും നെതര്‍ലന്‍ഡ്സും കാര്യവട്ടത്ത് സന്നാഹ മത്സരത്തിന് ഇറങ്ങുന്നുണ്ട്. ഇരു ടീമുകളും ഇന്നലെ തന്നെ തലസ്ഥാനത്ത് എത്തിയിരുന്നു.ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ നാളത്തെ മത്സരവും മഴ ഭീഷണിയിലാണ്. ഒക്ടോബര്‍ രണ്ടിന് ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക, മൂന്നിന് ഇന്ത്യ-നെതര്‍ലന്‍ഡ്സ് സന്നാഹ മത്സരങ്ങള്‍ക്കും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവും.
അതേസമയം, ഹൈദരാബാദില്‍ നടക്കുന്ന പാക്കിസ്ഥാന്-ന്യൂസിലന്‍ഡ് സന്നാഹ മത്സരത്തില്‍ ടോസ് നേടിയ പാക്കിസ്ഥാന് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. സുരക്ഷാപരമായ കാരണങ്ങളാല്‍ കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് പാക്കിസ്ഥാന്റെ സന്നാഹ മത്സരങ്ങള്‍ നടക്കുന്നത്.
ഇന്ന് ഗുവാഹത്തിയില്‍ നടക്കുന്ന മറ്റൊരു സന്നാഹ മത്സരത്തില്‍ ശ്രീലങ്കയും ബംഗ്ലാദേശുമാണ് ഏറ്റുമുട്ടുന്നത്. ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തിട്ടുണ്ട്. നാളെയാണ് ഇന്ത്യ ആദ്യ സന്നാഹ മത്സരത്തിന് ഇറങ്ങുന്നത്. ഗുവാഹത്തിയില്‍ നടക്കുന്ന മത്സരത്തില്‍ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]