
ഇടുക്കി: ഇടുക്കി ജില്ലയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യ സംഘം രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇടുക്കി കളക്ടറുടെ നേതൃത്വത്തിലാണ് ദൗത്യ സംഘം പ്രവര്‍ത്തിക്കുക. ഇടുക്കിയിലെ പ്രാദേശിക സിപിഎം ഘടകത്തിന്റെ കടുത്ത എതിര്‍പ്പിനിടെയാണ് റവന്യു വകുപ്പ് നടപടി.
അനധികൃതക കയ്യേറ്റങ്ങൾക്കെതിരെ നടപടി വേണമെന്ന ഹൈക്കോടതി ഉത്തരവിന് പിൻപറ്റിയാണ് ഇടുക്കിയിലേക്ക് വീണ്ടും പ്രത്യക ദൗത്യസംഘം എത്തുന്നത്. കളക്ടറുടെ നേതൃത്വത്തിൽ സംഘം പ്രവര്‍ത്തിക്കും. ഭൂരേഖ തഹസിൽദാര്‍ അടക്കം രണ്ട് തസഹിൽദാറും സംഘത്തിലുണ്ട്. ഓരോ ആഴ്ചയിലും ദൗത്യ സംഘത്തിന്റെ പ്രവര്‍ത്തനം റവന്യു കമ്മീഷണറേറ്റ് വിലയിരുത്തും. റവന്യു വകുപ്പ് ജോയിന്റ് കമ്മീഷണര്‍ ഇത് പരിശോധിച്ച് ഉറപ്പാക്കണം. ദൗത്യ സംഘത്തിന് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകാൻ രജിസ്ട്രേഷൻ വകുപ്പ് നൽകും. പ്രശ്നമുണ്ടായാൽ ഇടപെടാൻ ജില്ലാ പൊലീസ് മേധാവിക്കും നിര്‍ദ്ദേശമുണ്ട്. ദൗത്യ സംഘത്തിന്റെ പേരിൽ ജനങ്ങളുടെ മെക്കട്ട് കയറാൻ ആരെയും അനുവദിക്കില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എംഎം മണി ഇതിനകം തന്നെ നിലപാടെടുത്തിട്ടുണ്ട്.
34 കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി ഇടപെടൽ. പാര്‍ട്ടി ഓഫീസുകളടക്കം കെട്ടിടങ്ങൾ ഒഴിപ്പിക്കുന്നതിൽ കടുത്ത അഭിപ്രായ വ്യത്യാസം ഭരണമുന്നണിക്ക് അകത്ത് തന്നെ ഉണ്ട്. അതേ സമയം കയ്യേറ്റം ഒഴിപ്പിക്കാൻ ഉത്തരവാിൽ പട്ടയം ലഭിക്കാൻ സാധ്യതകളുണ്ടെങ്കിൽ അത് പരിഗണിക്കണെന്നത് അടക്കം പഴുതുകൾ ഉൾപ്പെടുത്തിയാണ് ദൗത്യ സംഘമെന്നതിനാൽ തന്നെ റവന്യു വകുപ്പിന്റെ ഉദ്ദേശ ശുദ്ധി മുൻനിര്‍ത്തിയാകും പ്രതിപക്ഷ നീക്കം.
മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യസംഘത്തെ അയക്കുമെന്ന് സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച് സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ മൂന്നാറില്‍ ദൗത്യസംഘത്തിന്റെ ആവശ്യമൊന്നുമില്ലെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി സിവി വർഗീസിന്റെ പ്രതികരണം. ദൗത്യസംഘം വന്നാലും ഒഴിപ്പിക്കാനൊന്നും നടക്കില്ല. ദൗത്യസംഘത്തിന്റെ അനിവാര്യതയൊന്നും മൂന്നാറിലില്ല. സിപിഎം പാര്‍ട്ടി ഓഫീസുകളെ കുറിച്ച് ഒരു ആശങ്കയും ഇല്ല. പട്ടയം നേരത്തെ ലഭിച്ച ഭൂമിയാണ് ഇതെല്ലാം. കയ്യേറ്റം ഉണ്ടോയെന്ന് പരിശോധിക്കാന്‍ മാത്രമാണ് ദൗത്യസംഘം വേണ്ടതെന്നും സിവി വർഗീസ് പറഞ്ഞു.
മൂന്നാർ മേഖലയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ രണ്ടുദിവസത്തിനകം പുതിയ ടാസ്ക് ഫോഴ്സിന് രൂപം നൽകി ഉത്തരവിറക്കുമെന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. മൂന്നാർ മേഖലയിൽ 310 കയ്യേറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 70 കേസുകളിലാണ് അപ്പീൽ നിലവിലുള്ളത്. അപ്പീലുകളിൽ കലക്ടർ രണ്ട് മാസത്തിനുള്ളിൽ തീരുമാനമെടുക്കും. ശേഷിച്ച കേസുകളിൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുകയാണ് ടാസ്ക് ഫോഴ്സിന്റെ ചുമതല. വീട് നിർമിക്കാൻ ഒരു സെന്റിൽ താഴെ മാത്രമാണ് ഭൂമി കയ്യേറിയിട്ടുള്ളതെങ്കിൽ അതിനു പട്ടയം നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
Last Updated Sep 29, 2023, 2:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]