
ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ നേട്ടമാണ് ഇന്ത്യ 2018ൽ ജക്കാർത്തയിൽ കാഴ്ചവച്ചത്. 16 സ്വർണം ഉൾപ്പെടെ 70 മെഡൽ. ഇതിൽ സ്വർണം നേടിയവരിൽ എത്ര പേർ ഇത്തവണ ഹാങ്ചോയിൽ മത്സരിക്കുന്നുണ്ട് ? മറ്റുള്ളവർ എവിടെ? അത്ലറ്റിക്സിൽ എട്ടു സ്വർണമാണ് ഇന്ത്യക്കു കിട്ടിയത്. അതിൽ ജാവലിൻ താരം നീരജ് ചോപ്ര ജക്കാർത്തയിലെ വിജയത്തിനു ശേഷം ടോക്കിയോ ഒളിംപിക്സിലും ബുഡാപെസ്റ്റ് ലോക ചാംപ്യൻഷിപ്പിലും സ്വർണം നേടി സൂപ്പർ താരപരിവേഷത്തോടെ മത്സരിക്കും.
ഏഷ്യൻ റെക്കോർഡോടെ ഷോട്ട് പുട്ട് സ്വർണം നേടിയ തജീന്ദർ പാൽ ടൂർ ഇടക്കാലത്ത് പരുക്കിൻ്റെ പിടിയിൽ ആയിരുന്നെങ്കിലും മടങ്ങിവന്നിട്ടുണ്ട്.1500 മീറ്റർ ജേതാവ് ജിൻസൻ ജോൺസണും മത്സരിക്കുന്നു. പരുക്കുമൂലം ജക്കാർത്തയിലെ ഫോം ആവർത്തിക്കാൻ കഴിഞ്ഞില്ല. ഫോം വീണ്ടെടുത്തുവരുന്നു. ഹെപ്റ്റത്തലൻ സ്വർണം നേടിയ സ്വപ്ന ബർമൻ ഈയിടെ ബാങ്കോക്കിൽ ഏഷ്യൻ മീറ്റിൽ വെള്ളി നേടിയിരുന്നു. ഹാങ്ചോ വിൽ സ്വർണം നിലനിർത്താൻ ഏറെ വിയർക്കേണ്ടിവരും.
സ്വർണം നേടിയ വനിതാ റിലേ ടീമിലെ നാലുപേരും ഇക്കുറിയില്ല.പൂവമ്മയും ഹിമാദാസും ഉത്തേജകത്തിൻ്റെ പേരിൽ സസ്പെൻഷനിലാണ്. ഹിമ ഏറെക്കാലമായി നിഗൂഢമായ പരുക്കിൻ്റെ പിടിയിലായിരുന്നു താനും. മലയാളി താരം.കെ. വിസ്മയയും ഗുജറാത്തിൻ്റെ സരിത ഗായ്ക്ക്വാദും ഫോം നഷ്ടമായ സ്ഥിതിയിലാണ്.മിക്സ്ഡ് റിലേ ടീമിൽ അംഗങ്ങളായിരുന്നവരിൽ ആരോഗ്യ രാജീവും മുഹമ്മദ് അനസ് യാഹ്യയും ഇത്തവണ മത്സരിക്കുന്നു.
ട്രിപ്പിൾ ജംപിൽ 48 വർഷത്തിനു ശേഷമാണ് അർപിന്ദർ സിങ്ങിലൂടെ ഇന്ത്യക്ക് ഏഷ്യൻ ഗെയിംസ് സ്വർണം ലഭിക്കുന്നത്. അർപിന്ദർ ഫോമിലല്ല. എല്ലാവരെയും അഭുതപ്പെടുത്തി 800 മീറ്റർ ജയിച്ച മഞ്ജിത് സിങ്, പോയ വർഷം മുപ്പത്തിമൂന്നാം വയസ്സിൽ വിടവാങ്ങൽ പ്രഖ്യാപിച്ചു. ടെന്നിസ് ഡബിൾസ് വിജയിച്ച രോഹൻ ബോപ്പണ്ണ യു.എസ്. ഓപ്പൺ ഡബിൾസ് ഫൈനലിൽ എത്തിയ തിളക്കവുമായാണ് ഇവിടെ മത്സരം തുടങ്ങിയത്. പക്ഷേ, 2018ലെ കൂട്ടാളി ദിവിജ് ശരൻ ഇത്തവണ ടീമിൽ ഇല്ല.
ബ്രിജിൽ ജയിച്ചത് ഷിബ്നാഥ് സർക്കാറും പ്രണബ് ബർദനുമായിരുന്നു. അന്നു ജയിച്ചവരിൽ പ്രായം കൂടിയ താരമായിരുന്നു ബർദൻ. ഇത്തവണ രണ്ടു പേരും ടീമിൽ ഇല്ല. ഗുസ്തി താരങ്ങളായ ബജ്റങ് പൂ നിയയ്ക്കും വിനേഷ് ഫോഗട്ടിനും ട്രയൽസ് കൂടാതെ എൻട്രി നൽകിയതാണ്. ശസ്ത്രക്രിയയെത്തുടർന്ന് വിനേഷ് പിൻ വാങ്ങി. റോവിങ്ങിൽ സ്വർണം നേടിയ ടീമിൽ സ്വരൻ സിങ്, ദത്തു ഭോക്കനൽ, ഓംപ്രകാശ് ,സുഖ്മീത് സിങ് എന്നിവരായിരുന്നു. ഇത്തവണ റോവിങ്ങിൽ സ്വർണമില്ല. നാലുപേരിൽ സുഖ്മീത് മാത്രമാന്ന് സ്ഥാനം നിലനിർത്തിയത്.
വനിതകളുടെ ഷൂട്ടിങ്ങിൽ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരമാണ് രാഹി സർനോബത്. ഇത്തവണയില്ല. ജക്കാർത്തയിൽ സ്വർണം നേടിയപ്പോൾ സൗരവ് ചൗധരിക്കു പ്രായം 16. ടോക്കിയോ ഒളിംപിക്സിനുശേഷം ഫോമിലല്ല. ബോക്സിങ് സുവർണതാരം അമിത് പംഗലും ടീമിൽ ഇല്ല. ഷൂട്ടിങ്ങിൽ സാധ്യമായതു പോലെ പുത്തൻ താരോദയം ഉണ്ടായാലേ ജക്കാർത്തയിലെ മെഡൽ നേട്ടം മറികടക്കാൻ കഴിയൂ.കോമൺവെൽത്ത് ഗെയിംസിൽ ലോൺ ബൗൾസിൽ ഇന്ത്യൻ വനിതകൾ സ്വർണം നേടിയതുപോലെ എന്താണു സംഭവിക്കാൻ പറ്റാത്തത്.
Story Highlights: How many of those who won gold in Jakarta are competing in Hangzhou asian games
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net