
ബന്ധം വെച്ച് അച്ഛന്റെ പെങ്ങളുടെ ഭര്‍ത്താവ് ആണ് വെല്ലിച്ചന്. പക്ഷെ അമ്മക്ക് സ്വന്തം ജ്യേഷ്ഠന് ആയിരുന്നു.
അച്ഛനില്ലാത്ത വേദനയോ ശൂന്യതയോ അറിയിക്കാതിരിക്കാന്‍ വെല്ലിച്ചന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വെല്ലിച്ചന് ഇക്കഴിഞ്ഞ മെയ് നാലാം തീയതി. രാത്രി 9 മണിയായി കാണണം.
സ്വന്തമായി ഉണ്ടാക്കിയ ഒരു രുചിയുമില്ലാത്ത ഭക്ഷണം മനസ്സില്ലാമനസ്സോടെ കഴിച്ചശേഷം എന്നത്തേയും പോലെ ഹൈദരാബാദിന്റെ രാത്രി ഭംഗി ആസ്വദിച്ച് ബാല്‍ക്കണിയില്‍ നില്‍ക്കുമ്പോഴാണ് കോള്‍ വരുന്നത്. ഞാന്‍ ഊഹിച്ചപോലെ തന്നെ വെല്ലിച്ചന് കോളിംഗ് എന്ന് ഫോണില്‍ എഴുതി വന്നു. ആഹ്..ഭക്ഷണം ഒക്കെ കഴിച്ചോ? കഴിച്ചു ഉണ്ടാക്കിയതോ പുറത്തുന്നു മേടിച്ചതോ? ഉണ്ടാക്കിയത് എന്താ ഉണ്ടാക്കിയെ? ചോറ്, വെണ്ടയ്ക്ക മെഴുക്ക്പുരട്ടി, മോര് കറി (തൈര് ആണെങ്കിലും ഒരു ഗമക്ക് മോര് കറി എന്ന് പറഞ്ഞു) റൂമില്‍ അല്ലെ? കുഴപ്പം ഒന്നുമില്ലല്ലോ? ഇല്ല വെല്ലിച്ചാ, സുഖം ആഹ് എന്നാ ശരി നാളെ വിളിക്കാം.
വീണ്ടും ബാല്‍ക്കണിയില്‍ നിന്ന് വിദൂരതയില്‍ നോക്കി. പക്ഷേ അപ്പോള്‍ ഞാന്‍ രാത്രി ഭംഗി ആസ്വദിക്കുകയായിരുന്നില്ല.
ചിന്തകളില്‍ ആയിരുന്നു. വെല്ലിച്ചന് എന്ന് ഞാന്‍ വിളിക്കുന്ന കുടുംബത്തിന്റെ നാഥനെ കുറിച്ചുള്ള ചിന്തകള്‍.
ചിന്തകള്‍ തുടങ്ങുന്നത് 6 വര്‍ഷം പുറകില്‍ നിന്നാണ്. പത്തിലെ പരീക്ഷ കഴിഞ്ഞുള്ള വെക്കേഷന് ആസ്വദിക്കുന്ന സമയം.
വീട്ടിലെ തടിക്കട്ടിലിന്റെ ഒരറ്റത്തു ചുരുണ്ട് കൂടി കിടന്ന എന്റെ അടുത്തേക്ക് ചേട്ടന് പാഞ്ഞ് വന്ന് പറഞ്ഞു. ‘എടി എഴുന്നേല്‍ക്ക്, അത്യാവശ്യമാണ്’ കഷ്ടപ്പെട്ട് കണ്ണ് തുറന്ന് ക്ലോക്കില്‍ നോക്കിയപ്പോള്‍ 7 മണി.
ചേട്ടന് സ്ഥിരം ഉള്ളതാണ് ഈ പണി..എന്റെ ഉറക്കം കളയുന്നത് ചേട്ടന് ഒരു ഹരമാണ്. ചേട്ടന് കോളേജില്‍ പോകേണ്ടത് കൊണ്ട് നേരത്തെ എഴുന്നേല്‍ക്കേണ്ടി വരുന്നതിന്റെ അസൂയ എന്ന് വേണമെങ്കില്‍ പറയാം. ‘ചേട്ടന് വേറെ പണി ഇല്ലേ..
കോളേജില്‍ പോകാന്‍ നോക്ക്. ഞാന്‍ കുറച്ചൂടെ ഉറങ്ങട്ടെ’ ‘എടി ഇത് തമാശ അല്ല.
അച്ഛന് വിളിച്ചിട്ട് എഴുന്നേല്ക്കുന്നില്ല. നീ അപ്പുറത്ത് പോയി അവരെ ആരേലും വിളിച്ചോണ്ട് വാ’ ഇത് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി.അടുത്ത റൂമില്‍ നിന്ന് അമ്മയുടെ കരച്ചില് കേള്‍ക്കാം.
ഞാന്‍ റൂമിലേക്ക് പോകാന്‍ തീരുമാനിച്ചെങ്കിലും അയല്പക്കത്തെ ബന്ധുവീട്ടിലോട്ട് ഓടി. അവിടെ അടിച്ചുവാരികൊണ്ട് ഇരുന്ന ചേച്ചിയോട് ഞാന്‍ പറഞ്ഞു ‘അച്ഛന് വിളിച്ചിട്ട് എഴുന്നേല്ക്കുന്നില്ല..ഒന്ന് വരാമോ?’-ചേച്ചി വേഗം ചൂല് താഴെ ഇട്ട് ഓടി. പിന്നീട് നടന്നത് ഒരു ഭൂകമ്പ ബഹളം ആയിരുന്നു.
പന്തല്‍, ആള്‍ക്കൂട്ടം, അടക്കാനാവാത്ത കരച്ചില്, തടിക്കഷ്ണങ്ങള്‍ക്ക് ഇടയില്‍ കിടത്തിയ അച്ഛന്റെ ശരീരം അങ്ങനെ ആ ദിവസം മറക്കാന്‍ ആഗ്രഹിച്ചാലും മറക്കാനാവാത്ത നൊമ്പരം സമ്മാനിച്ച് കടന്ന് പോയി. വീട്ടിലെ ജോലി മാത്രം ചെയ്ത് നാല് ചുവരുകളിക്കുള്ളില് ജീവിതം ചിലവഴിച്ച അമ്മയ്ക്ക് അച്ഛന്റെ വേര്‍പാട് പല ആകുലതകളും ഉണ്ടാക്കി.
ഒപ്പം പലരുടെയും അടക്കം പറച്ചിലുകള്‍ അമ്മയെ വേദനിപ്പിച്ചു. അച്ഛന് മരിച്ച് 3 മാസങ്ങള്‍ക്ക് ശേഷം അമ്മ ജോലിക്ക് പോയി തുടങ്ങി.
ആ ജോലി തരപ്പെടുത്തി കൊടുത്തത് മുതല്‍ അമ്മയെ പറഞ്ഞ് മനസിലാക്കി അമ്മക്ക് ധൈര്യം നല്‍കിയത് വരെ വെല്ലിച്ചന് ആയിരുന്നു. : പ്രിയപ്പെട്ടവരുടെ മരണസമയത്ത് അവര്‍ക്ക് കൂട്ടുനിന്നിട്ടുണ്ടോ? അവരുടെ കൈ പിടിച്ചിട്ടുണ്ടോ? മിണ്ടിനോക്കിയിട്ടുണ്ടോ? ബന്ധം വെച്ച് അച്ഛന്റെ പെങ്ങളുടെ ഭര്‍ത്താവ് ആണ് വെല്ലിച്ചന്. പക്ഷെ അമ്മക്ക് സ്വന്തം ജ്യേഷ്ഠന് ആയിരുന്നു.
അച്ഛനില്ലാത്ത വേദനയോ ശൂന്യതയോ അറിയിക്കാതിരിക്കാന്‍ വെല്ലിച്ചന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അച്ഛന്റെ രണ്ട് പെങ്ങന്മാരില് വെല്ലിച്ചന്റെ ഭാര്യ മാത്രമേ ഇപ്പോള്‍ ഉള്ളു.
മൂത്ത പെങ്ങളുടെ രണ്ട് മക്കളും വെല്ലിച്ചന്റെ രണ്ട് മക്കളും കല്യാണം കഴിഞ്ഞ് ഏതാണ്ട് സെറ്റില്‍ഡ് ആയി. ഞാനും ചേട്ടനുമാണ് ഇനി കരകേറാന്‍ ഉള്ളത്.
പൊതുവെ കുട്ടികള്‍ക്ക് അച്ഛന്റെ ആവശ്യം കൂടുതലായി വരുന്നത് പത്ത് കഴിഞ്ഞ് നില്ക്കുന്ന സമയത്താണ്. അഡ്മിഷന്, പുതിയ സ്കൂള്‍, പുതിയ വിഷയങ്ങള്‍, അങ്ങനെ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞ് തന്ന് നല്ല വഴിക്ക് തിരിച്ചു വിടേണ്ട
സമയത്താണ് അച്ഛന്റെ വേര്‍പാട്. എന്നാല്‍ ഈ കാര്യങ്ങളൊക്കെ വൃത്തിയായി ചെയ്ത് തന്നത് വെല്ലിച്ചന് ആണ്.
ഇടക്കെപ്പോഴോ വെല്ലിച്ചന് പറയുമായിരുന്നു ‘എനിക്ക് 2 മക്കള്‍ അല്ല, 6 മക്കള്‍ ആണ് ഉള്ളതെന്ന്.’ അത് കേള്‍ക്കുമ്പോള്‍ എനിക്ക് വല്ലാത്തൊരു അഭിമാനമായിരുന്നു. വെല്ലിച്ചന്റെ മകള്‍ ആവുക എന്നതും ഒരു പുണ്യമാണ്. വല്യമ്മക്കും അങ്ങനെ തന്നെ.
അവരുടെ വീട് എനിക്ക് അന്യമായിരുന്നില്ല. എന്റെ വീടിനെക്കാളും എനിക്ക് പ്രിയം അവിടമായിരുന്നു.
നാല് മതിലുകള്‍ക്കിടയിലെ ആ സ്വര്‍ഗം. അത് എന്റെ മരണം വരെ എനിക്ക് പ്രിയപ്പെട്ടതാണ്.
പ്ലസ് വണ്‍ മുതല്‍ പിജി ജേണലിസം വരെ എന്റെ താങ്ങായും തണലായും വെല്ലിച്ചന് ഉണ്ടായിരുന്നു. ആറ് മക്കളില്‍ ഏറ്റവും കൂടുതല്‍ ശാസിച്ചത് എന്നെ ആയിരുന്നു.
ആ ശാസന എനിക്ക് ഇഷ്ടവുമായിരുന്നു. ശാസനയില്‍ നിറയെ എന്നോടുള്ള വാത്സല്യം ആണ്.
ചിക്കന്‍ പോക്സ് വന്ന് ഞാന്‍ കിടപ്പിലായ സമയം റൂമില്‍ കയറാന്‍ പലരും മടിച്ചെങ്കിലും എല്ലാ ദിവസവും എനിക്ക് ഇഷ്ടമുള്ള പഴംപൊരിയും സ്വീറ്റ് ബണ്ണുമായി വെല്ലിച്ചന് റൂമിലേക്ക് വരുമായിരുന്നു. വെല്ലിച്ചനെ കാണുമ്പോള്‍ എന്റെ അസ്വസ്ഥത മുഴുവന്‍ മാറുമായിരുന്നു.
എന്നില്‍ എന്തെങ്കിലും അച്ചടക്കം ഉണ്ടെങ്കില്‍ അത് ശീലിപ്പിച്ചതും വെല്ലിച്ചന് ആയിരുന്നു. കുടുംബത്തിന് മാത്രമല്ല നാട്ടുകാര്‍ക്കും വെല്ലിച്ചനെ കൊണ്ട് ഉപകാരമേ ഉണ്ടായിട്ടുള്ളൂ.
ഒരു തവണ എങ്കിലും സംസാരിച്ചിട്ടുള്ള ആരും വെല്ലിച്ചനെ മറക്കില്ല. ശത്രുക്കളെ പോലും സ്നേഹം കൊണ്ട് കീഴ്പ്പെടുത്തുന്ന മനുഷ്യന്.
ആരോടും വൈരാഗ്യബുദ്ധിയോ കുശുമ്പോ കാണിച്ചതായി ഞാന്‍ ഇന്നേവരെ കണ്ടിട്ടില്ല. കഴിഞ്ഞ ആഴ്ച അടുത്ത ബന്ധുവിന്റെ കല്യാണത്തിന് നാട്ടില്‍ പോയപ്പോഴാണ് അവസാനമായി വെല്ലിച്ചനെ നേരില്‍ കണ്ടത്.
വല്ലാത്തൊരു ഐശ്വര്യമായിരുന്നു ആ മുഖത്ത്. ബന്ധുക്കള്‍ ഓരോരുത്തരും അന്യ നാട്ടിലെ എന്റെ ജോലിയെ കുറിച്ച് ചോദിക്കുമ്പോള്‍ അഭിമാനത്തോടെ മറുപടി പറയുന്ന വെല്ലിച്ചനെ ഞാന്‍ കണ്ടു.
ജീവിതത്തില്‍ ഞാന്‍ നേടിയ ഏറ്റവും വലിയ നേട്ടമായിരുന്നു അത്. എന്റെ എല്ലാ ഉയര്‍ച്ചകളിലും വഴികാട്ടിയായ വെല്ലിച്ചനെ ഹൈദരബാദിലേക്ക് ഞാന്‍ ആദ്യമായി വന്നപ്പോള്‍ കൂട്ടാഞ്ഞത് വിഷമം ആയെന്ന് വല്യമ്മ പറഞ്ഞത് കുറ്റബോധമായി ഇന്നും മനസ്സില്‍ കിടക്കുന്നുണ്ട്.
അതുകൊണ്ട് തന്നെ അടുത്ത തവണ കാണുമ്പോള്‍ ഞാന്‍ അധ്വാനിച്ച് ഉണ്ടാക്കിയ പൈസയില്‍ നിന്നും ഒരു പങ്ക് വെല്ലിച്ചന് കൊടുക്കണമെന്ന് ഉണ്ട്. എന്റെ പൈസയുടെ ആവശ്യം വെല്ലിച്ചന് ഇല്ലെന്ന് എനിക്ക് അറിയാം.
എങ്കിലും ആ വീര്‍ത്ത പോക്കറ്റില്‍ ഞാന്‍ കൊടുത്ത പൈസ ഇരിക്കുന്നത് എനിക്കൊരു അഭിമാനമാണ്. ആലോചനകളില്‍ മുഴുകി ഇരിക്കവെയാണ്, പെട്ടെന്ന് വാതില്‍ തുറക്കുന്ന ഒച്ച ഞാന്‍ കേട്ടത്.
നാട്ടിലല്ലെന്നും ബാല്‍ക്കണിയില്‍ നിന്ന് ഓര്‍മ്മകള്‍ അയവിറക്കുകയായിരുന്നെന്നും അപ്പോഴാണ് തിരിച്ചറിഞ്ഞത്. ഡോര്‍ തുറന്ന് നോക്കിയപ്പോള്‍ കൂടെ താമസിക്കുന്ന അശ്വതിയാണ്.
ഈവനിംഗ് ഷിഫ്റ്റ് കഴിഞ്ഞ് വന്നതാണ് അവള്. വിശേഷങ്ങളൊക്കെ തിരക്കി റൂമില്‍ പോയി കട്ടിലില്‍ ഇരിക്കുമ്പോള്‍ ചാര്‍ജ് ചെയ്യാനിട്ടിരുന്ന ഫോണ്‍ ശബ്ദമുണ്ടാക്കുന്നത് കേട്ടു. അരുണ്‍ ചേട്ടന് കോളിങ് എന്ന് കണ്ട് ആശങ്കയോടെ ഞാന്‍ ഫോണ്‍ എടുത്തു.
വെല്ലിച്ചന്റെ മകന് ആണ്. പാതി രാത്രി എന്ന് വിശേഷിപ്പിക്കാവുന്ന നേരത്താണ് വിളി.
കോള്‍ എടുത്തപ്പൊഴേ പറഞ്ഞത് അമ്മയുടെ നമ്പര്‍ അയക്കാന്‍ ആണ്. രാത്രി 12 മണിക്ക് എന്തിനാണ് അമ്മയെ വിളിക്കുന്നതെന്ന് മനസ്സില്‍ ചിന്തിച്ചപ്പോഴേക്കും അവിടുന്ന് പറഞ്ഞു ‘വെല്ലിച്ചന് പോയെടി’ ‘ഞങ്ങളിപ്പോള്‍ ആശുപത്രിയില്‍ ആണ്.
ചെറിയ ശ്വാസതടസ്സം കാരണം വന്നതാ..’ വീണ്ടും എന്തൊക്കെയോ പറയുന്നുണ്ട്, എനിക്കൊന്നും വ്യക്തമാകുന്നില്ല. കാലുകളും കൈകളും വിറച്ചു, തലക്ക് ഉള്ളില്‍ എന്തോ വിങ്ങുന്നത് പോലെ. ബോധരഹിതയായ എന്നെ അശ്വതി വിളിച്ച് എഴുന്നേല്‍പ്പിച്ചു.
എന്തുപറ്റി എന്ന് പല രീതിയിലും അവള് ചോദിച്ചു. എന്റെ നാവില്‍ ഒന്നേ വന്നുള്ളൂ- ‘വെല്ലിച്ചന്’ : അപ്രതീക്ഷിതമായി ആ മനുഷ്യന് വന്നു, കലങ്ങിമറിഞ്ഞൊരു നേരത്ത് തുണയായി… ഇതെഴുതുമ്പോള്‍ വെല്ലിച്ചന് മരിച്ചിട്ട് അഞ്ച് വര്‍ഷം.
ഈ കാലളവിനുള്ളില്‍ വെല്ലിച്ചനെ ഓര്‍ക്കാതെ പോയ ഒരു ദിവസവും ഉണ്ടായിട്ടില്ല. വെല്ലിച്ചന്റെ ആറു മക്കളില്‍ ഭാഗ്യമില്ലാത്ത മകള്‍ ഞാന്‍ ആയിരിക്കും.
കാരണങ്ങള്‍ ഒരുപാട് ആണ്. എന്റെ കല്യാണമാണ് ഇനി ജീവിതത്തില്‍ ആകെ തീര്‍ക്കാനുള്ള സ്വപ്നം എന്ന് കരുതിയ വെല്ലിച്ചന് എന്റെ അധ്വാനത്തിന്റെ പങ്ക് പോക്കറ്റില്‍ വെച്ച് കൊടുക്കാന്‍ കഴിഞ്ഞില്ല, എന്നെ സുരക്ഷിതമായ കരങ്ങളില്‍ കൈപിടിച്ച് കൊടുക്കാന്‍ കഴിഞ്ഞില്ല, എന്റെ കുഞ്ഞിനെ ലാളിക്കാന്‍ കഴിഞ്ഞില്ല.
അതെ ഞാന്‍ ആണ് ആറു മക്കളില്‍ ഭാഗ്യമില്ലാത്ത മകള്‍. ഭൂമിയില്‍ നിന്ന് ശരീരം വെടിയുന്നവര്‍ നക്ഷത്രങ്ങളായി തുടരുമെന്നാണ് കേട്ടിരിക്കുന്നത്.
അടുത്ത യാത്ര തുടങ്ങുന്നതുവരെ അവര്‍ക്ക് നക്ഷത്രങ്ങളായി തുടരാം. വെല്ലിച്ചാ, ഞാന്‍ നക്ഷത്രമായി വരുന്നതുവരെ ആ നക്ഷത്ര കൂട്ടങ്ങളില്‍ ഉണ്ടാവണം.
ഒരിക്കല്‍ കൂടി ശാസിക്കാന്‍, ഒരിക്കല്‍ കൂടി അച്ഛന്റെ സ്നേഹം പകരാന്‍, ഒരിക്കല്‍ കൂടി നല്ല പാഠങ്ങള്‍ പറഞ്ഞു തരാന്‍ ഞാന്‍ വരുന്നതു വരെ അവിടെ ഉണ്ടാവണം.. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]